അല്‍ഷിമേഴ്സും മറവിയും; പരിഹാരത്തിന് പുതിയ നിർദേശങ്ങളുമായി പഠനം

അല്‍ഷിമേഴ്സും മറവിയും; പരിഹാരത്തിന് പുതിയ നിർദേശങ്ങളുമായി പഠനം

വൃക്കകളിലും തലച്ചോറിലും മാത്രം കണ്ടുവരുന്ന കിബ്ര എന്ന പ്രോട്ടീനിനെ അടിസ്ഥാനമാക്കിയാണ് പഠനം
Updated on
1 min read

ഓർമകള്‍ നഷ്ടപ്പെടുന്ന അല്‍ഷിമേഴ്സ് രോഗത്തെ അതിജീവിക്കുന്നതിനായി പല ചികിത്സകളും ഇപ്പോള്‍ നിലവിലുണ്ട്. അല്‍ഷിമേഴ്സും അനുബന്ധ ഡിമെന്‍ഷ്യയും മറികടക്കുന്നതിനായി ചില പുതിയ നിർദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ഓണ്‍ ഏജിങ്. രോഗാവസ്ഥയില്‍ തലച്ചോറില്‍ അടിയുന്ന ടോക്സിക്ക് പ്രോട്ടീനുകളെ എങ്ങനെ കുറയ്ക്കാനാകും എന്നത് കേന്ദ്രീകരിച്ചാണ് പുതിയ പഠനങ്ങളെല്ലാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഇതില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനമാണ് ഗവേഷണ സംഘം നിർദേശിക്കുന്നത്. തലച്ചോറിലെ ടോക്സിക്ക് പ്രോട്ടീനുകളെ കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം, അല്‍ഷിമേഴ്സ് രോഗം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണ് നടത്തേണ്ടതെന്ന് പഠനത്തിന്റെ പ്രധാന ഗവേഷകരിൽ ഒരാളായ താര ട്രേസി പറഞ്ഞു.

വൃക്കകളിലും തലച്ചോറിലും മാത്രം കണ്ടുവരുന്ന കിബ്ര എന്ന പ്രോട്ടീനിനെ അടിസ്ഥാനമാക്കിയാണ് പഠനം. മനുഷ്യന്റെ തലച്ചോറില്‍ ഇത് പ്രധാനമായും സിനാപ്സസിലാണ് കാണുന്നത്. ഓർമകള്‍ രൂപപ്പെടുത്തുന്നതിനായി സിനാപ്സസുകള്‍ക്ക് കിബ്ര ആവശ്യമാണെന്ന് നേരത്തെയുള്ള ഗവേഷണങ്ങള്‍ പറയുന്നു. അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറുകളില്‍ കിബ്ര പ്രോട്ടീനുകളുടെ അഭാവം ഉണ്ടെന്ന് ട്രേസി നേതൃത്വം നല്‍കുന്ന ടീം കണ്ടെത്തിയിട്ടുണ്ട്.

അല്‍ഷിമേഴ്സും മറവിയും; പരിഹാരത്തിന് പുതിയ നിർദേശങ്ങളുമായി പഠനം
അറിയാം ഇന്ത്യയിലെ പ്രശസ്തമായ ഹ്യൂമനോയിഡ് റോബോട്ടുകള്‍

സിനാപ്സിലെ സിഗ്നലിങ്ങിനെ കിബ്രയുടെ അഭാവം എങ്ങനെ കാരണമാകുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ അല്‍ഷിമേഴ്സ് രോഗത്തെ തുടർന്ന് ബാധിക്കപ്പെടുന്ന സിനാപ്സിനെ ചികിത്സിക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകരുടെ പ്രതീക്ഷ. ഇതിനെ അടിസ്ഥാനമാക്കി ഒരു തെറാപ്പി തന്നെ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നും പഠനത്തിന്റെ സഹ ഗവേഷകനായ ഗ്രാന്റ് കോവെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിനായി മനുഷ്യന്റെ സെറിബ്രൊസ്പൈനല്‍ ദ്രാവകത്തിലെ കിബ്രയുടെ അളവ് കണക്കാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡിമെന്‍ഷ്യയുടെ തീവ്രതയ്ക്ക് അനുസൃതമായി ക്രിബ്രയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

''സെറിബ്രൊസ്പൈനല്‍ ദ്രാവകത്തിലെ വർധിച്ച ടൊ ലെവലുകളും കിബ്ര ലെവലുകളും തമ്മിലുള്ള അത്ഭുതകരമായ പരസ്പര ബന്ധവും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലമാണ് കിബ്രയെ ടൊ ബാധിക്കുന്നത്. രോഗാവസ്ഥയില്‍ തലച്ചോറിലുണ്ടാകുന്ന ടോക്സിക്കായ പ്രോട്ടീനാണ് ടൊ,'' ട്രേസി കൂട്ടിച്ചേർത്തു.

കിബ്ര എത്തരത്തിലാണ് സിനാപ്സസിനെ ബാധിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി പ്രോട്ടീനിന്റെ ചെറിയ പ്രവർത്തന പതിപ്പ് തന്നെ ഗവേഷകർ സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷണത്തില്‍ മറവിവൈകല്യങ്ങളെ മാറ്റാന്‍ ഇത്തരം പ്രോട്ടീനുകള്‍ക്ക് സാധിക്കുമെന്നും കണ്ടെത്തി. അല്‍ഷിമേഴ്സ് ബാധിച്ച ശേഷം ടോക്സിക്ക് പ്രോട്ടീന്‍ നിലവിലുണ്ടെങ്കിലും ഓർമ്മ മെച്ചപ്പെടുത്തുന്നതിനായി കിബ്ര ഉപയോഗിച്ചുള്ള ചികിത്സ സാധ്യമാണെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in