രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം

രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം

സാധാരണ ആന്റിബയോട്ടിക് കൊടുത്തു കഴിഞ്ഞാല്‍ മാറുമെന്ന് പൊതുവേ ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നതരം ഇന്‍ഫെക്ഷനുകള്‍ക്കു പോലും അവ ഫലിക്കാതെവരുന്ന സാഹചര്യം ഉണ്ടാകും

ലോകത്ത് 2050 ല്‍ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ആരോഗ്യം തകര്‍ക്കുന്ന ആന്‌റിബയോട്ടിക് റസിസ്റ്റന്‍സ് സംഭവിക്കുമെന്ന ആശങ്കയിലാണ് മെഡിക്കല്‍ രംഗം. ആന്‌റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ സ്വയംപ്രതിരോധം തീര്‍ക്കുന്ന സ്ഥിതിവിശേഷം മറികടക്കാനുള്ള തീവ്രശമ്രത്തിലാണ് വിവിധ രാജ്യങ്ങള്‍. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെയും പഴയ കുറിപ്പടി ഉപയോഗിച്ചും ആന്റിബയോട്ടിക് വാങ്ങി കഴിക്കുക, കൃത്യമായ അളവില്‍ കഴിക്കാതിരിക്കുക, കോഴ്സ് പൂര്‍ത്തിയാക്കാതിരിക്കുക തുടങ്ങിയവയൊക്കെ ആന്റിബയോട്ടിക് റസിസ്റ്റന്‍സിനു കാരണമാകുന്നു.

എന്താണ് ആന്റിബയോട്ടിക് റസിസ്റ്റന്‍സ്?

ആന്റിബയോട്ടികളുമായുള്ള രോഗാണുക്കളുടെ സമ്പര്‍ക്കമാണ് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സിനു കാരണമാകുന്നത്. ഈ പ്രതിരോധം ഫംഗസിലും വൈറസുകളിലുമൊക്കെ ഉണ്ടെങ്കിലും ബാക്ടീരിയകളിലാണ് പ്രധാനമായും കാണുന്നത്.

ലോകത്ത് ആദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് പെനിസിലിന്‍ ആണ്. തുടര്‍ന്ന് പലതരത്തിലുള്ള ബാക്ടീരിയകള്‍ക്കെതിരെ ഫലിക്കുന്ന രീതിയിലുള്ള പല ആന്റിബയോട്ടിക്കുകളും ഉല്‍പാദിപ്പിക്കപ്പെട്ടു. ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയില്‍ പ്രവര്‍ത്തിക്കുന്ന ചില രീതികളുണ്ട്. ബാക്ടീരിയകള്‍ single cell organisms ആണ്. അവയുടെ കോശത്തിന് ഒരു ഭിത്തിയുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന ബാക്ടീരിയകള്‍ക്കെല്ലാം കോശഭിത്തി നിര്‍മിക്കേണ്ടതായുണ്ട്. ഈ കോശഭിത്തി തകര്‍ക്കുകയാണ് പല ആന്റിബയോട്ടിക്കുകളും ചെയ്യുന്നത്. അങ്ങനെ പെരുകാനാകാതെ ബാക്ടീരിയ നശിച്ചുപോകുകയാണ് സംഭവിക്കുന്നത്.

പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നതിന് ബാക്ടീരിയയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന റൈബോസോമിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ചില ഘടകങ്ങളും ആന്റിബയോട്ടിക്കുകളിലുണ്ട്. ഇങ്ങനെ പല രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി ബാക്ടീരിയകള്‍ക്ക് ഏതു വിധേനയും ഒരു പണി കൊടുക്കുക എന്നതാണ് ആന്റിബയോട്ടിക്കുകള്‍ ചെയ്യുന്നത്.

ആശുപത്രിയില്‍നിന്നു ലഭിക്കുന്ന അധികരോഗങ്ങള്‍

ഓരോ തവണ ആന്‌റിബയോട്ടിക്കുകള്‍ ബാക്ടീരിയയെ നേരിടുമ്പോഴും അവ ശ്രമിക്കുന്നത് അടുത്ത തവണയും ഇതേ മരുന്നിനെ നേരിടേണ്ടി വന്നാല്‍ എങ്ങനെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ്. അങ്ങനെ ബാക്ടീരിയതന്നെ ഉല്‍പാദിപ്പിച്ചെടുത്തിരിക്കുന്ന സാങ്കേതികവിദ്യയാണ് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നു പറയാം. ആന്റിബയോട്ടിക്കുകള്‍ നിലവില്‍ വന്നതിനു ശേഷം ഉണ്ടായിട്ടുള്ള ബാക്ടീരിയകളില്‍ ഇതിനെ അതിജീവിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുത്തിട്ടുണ്ടാകും.

ഒരു ആശുപത്രിയുടെ ഐസിയുവിലുള്ള ഒരു രോഗിയില്‍നിന്ന് ഒരു ബാക്ടീരിയ പുറത്തെത്തിയെന്ന് സങ്കല്‍പിക്കുക. ഈ രോഗാണുവിന് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സാങ്കേതികവിദ്യ മറ്റു ബാക്ടീരിയകള്‍ക്ക് പകര്‍ന്നുകൊടുക്കാനാകും. അതായത് ആന്റിബയോട്ടിക്കുകളെ എങ്ങനെ പ്രതിരോധിക്കേണ്ടതെന്ന നിര്‍ദേശം നല്‍കാം. ഇതിനാണ് ട്രാന്‍സ്ഫര്‍ ഓഫ് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നു പറയുന്നത്. ബാക്ടീരിയകള്‍ക്കുള്ളിലെ പ്ലാസ്മിഡ് വഴിയാണ് ഈ നിര്‍ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം
രാജ്യത്ത് 52 ശതമാനം വര്‍ധന; കേരളത്തിനൊപ്പം കര്‍ണാടകയിലും മുബൈയിലും കോവിഡ് കേസുകള്‍ കൂടുന്നു

രോഗിയില്‍നിന്നു പുറത്തുവന്ന ബാക്ടീരിയ മറ്റൊരു രോഗിയില്‍ കയറിപ്പറ്റുകയും ഒരസുഖവുമായി വന്ന രോഗിക്ക് കൂടുതല്‍ അസുഖങ്ങള്‍ ആശുപത്രിയില്‍നിന്നു ലഭിക്കുകയും ചെയ്യും. ഇവ പ്രതിരോധം സിദ്ധിച്ചിട്ടുള്ള ബാക്ടീരിയകളായതിനാല്‍ ഇവരില്‍ ആന്റിബയോട്ടിക് ഫലിക്കുകയുമില്ല. ഇതാണ് നോസോകോമിയല്‍ ഇന്‍ഫെക്ഷന്‍ എന്നു പറയുന്നത്. ഇതുകൊണ്ടാണ് ആശുപത്രികളില്‍ നിര്‍ബന്ധമായും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ നടത്തണമെന്നു പറയുന്നത്.

ആന്റിബയോട്ടിക് വേണോ, മെഡിക്കല്‍ സമൂഹത്തിനും ആത്മപരിശോധന നടത്താം

ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കപ്പെടുന്നുവെന്നത് മെഡിക്കല്‍ സമൂഹം വിലയിരുത്തേണ്ട ഒന്നാണ്. ആ കാര്യത്തില്‍ ഒരു ആത്മപരിശോധന മെഡിക്കല്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുകയും വേണം. പക്ഷേ കണക്കുകള്‍ കാണിക്കുന്നത് കുറിപ്പടിയോടുകൂടി വില്‍ക്കപ്പെടുന്ന മരുന്നുകളെക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണ് മരുന്നുകടകളില്‍നിന്ന് കുറിപ്പടികളില്ലാതെ വിറ്റഴിക്കപ്പെടുന്ന ആന്റിബയോട്ടിക് എന്നതാണ്. മനുഷ്യരില്‍ മാത്രമല്ല പൗള്‍ട്രിഫാമുകളിലും മറ്റും ആന്റിബയോട്ടിക്കുകള്‍ കാരണമില്ലാതെ കൊടുക്കുന്ന ശീലം ഉണ്ട്. വെറുതേ പോയി ആന്റിബയോട്ടിക് വാങ്ങാന്‍ കഴിയുന്നതാണ് ഇന്ത്യയിലെ ഒരു പ്രശ്നം. മൃഗങ്ങള്‍ക്കാണെങ്കിലും മനുഷ്യര്‍ക്കാണെങ്കിലും ആന്റിബയോട്ടിക്കുകള്‍ കുറിപ്പടി ഇല്ലാതെ കൊടുക്കാനേ പാടില്ല. ഇത് കര്‍ശനമായി നിരോധിക്കുകതന്നെ വേണം.

ഒരുപക്ഷേ വ്യാപകമായിട്ടുള്ളതും അനവസരത്തിലുള്ളതുമായ (ഉദാഹരണത്തിന് വൈറല്‍ പനിയ്ക്ക്) ആന്റിബയോട്ടിക് ഉപയോഗം ആയിരിക്കാം ഈ പ്രതിരോധത്തിനു കാരണം.

ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഒരു വൈറല്‍ അണുബാധയ്ക്ക് ആന്റിബയോട്ടിക് ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ചിലര്‍ക്ക് ബാക്ടീരിയല്‍ സൂപ്പര്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് കോവിഡ് വന്ന പലര്‍ക്കും ബാക്ടീരിയല്‍ സൈനസൈറ്റിസ് ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് ആന്റിബയോട്ടിക് നല്‍കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകാം. അങ്ങനെ ആവശ്യമുള്ള സാഹചര്യത്തില്‍ മാത്രമാണ് ഡോക്ടര്‍ ആന്റിബയോട്ടിക് കുറിക്കുന്നത്. എന്നാല്‍ എന്തിന് ഇതെന്തിനെഴുതിയെന്ന് ചോദ്യം ചെയ്യുന്ന രോഗിയും അതേ സമയം ആന്റിബയോട്ടിക് നല്‍കേണ്ട ആവശ്യമില്ലാത്തപ്പോള്‍ എന്തുകൊണ്ട് നല്‍കിയില്ല എന്നു ചോദിക്കുന്ന രോഗികളുമുണ്ട്. ആവശ്യമുള്ളിടത്ത് കഴിക്കുകയും ഇല്ല, ആവശ്യമില്ലാത്തിടത്ത് കഴിക്കുകയും ചെയ്യുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്.

കുറിപ്പടിയില്‍ വേണം ഔദ്യോഗിക പരിശോധന

കഴിയുന്നതും ആന്റിബയേട്ടിക് മരുന്നുകള്‍ കുറിക്കാതിരിക്കുന്നതാണ് നല്ലത്. പല രാജ്യങ്ങളിലും ആന്റിബയോട്ടിക് ഓരോ തലങ്ങളിലുമുള്ള ഡോക്ടര്‍മാര്‍ക്ക് കുറിക്കുവാനുള്ള അനുവാദം പോലും പരിമിതമാണ്. അതിലേക്ക് നമുക്ക് എത്താന്‍ പറ്റില്ലായിരിക്കാം. അതിനുള്ള സംവിധാനങ്ങള്‍ നമുക്കില്ല. പക്ഷേ തീര്‍ച്ചയായും പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് ഉണ്ടാകേണ്ടത് ആവശ്യമാണ്. മരുന്ന് എത്ര കൊടുക്കുന്നു, എങ്ങനെ കൊടുക്കുന്നു എന്നതിനെക്കുറിച്ചുള്ള പരിശോധന ഉണ്ടാകണം. ഇങ്ങനെയുള്ള പരിശോധനകളിലൂടെ ആവശ്യമില്ലാതെയുള്ള കുറിപ്പടികള്‍ ഒഴിവാകും.

ഗുണമേന്‍മ ഉറപ്പാക്കണം

സര്‍ക്കാര്‍ മേഖലയായാലും സ്വകാര്യ മേഖലയായാലും ആന്റിബയോട്ടിക്കുകളുടെ ഗുണമേന്‍മ കര്‍ശനമായി ഉറപ്പുവരുത്തണം. ഏതു സര്‍ക്കാരായാലും മരുന്നുകള്‍ എല്ലാവര്‍ക്കും എത്തിക്കുകയെന്നതാകും നിലപാട്. പക്ഷേ ശാസ്ത്രം പറയുന്നത് അതല്ല. ഗുണമേന്‍മയുള്ള മരുന്നുകള്‍ പ്രാപ്തി ഇല്ലാത്തവരിലേക്ക് എത്തിക്കുക എന്നതാണ്. പ്രാപ്തിയുള്ളവര്‍ പുറത്തുനിന്നോ വില കൊടുത്തോ മരുന്ന് വാങ്ങട്ടെ എന്നാണ്. നമ്മുടെ ആശുപത്രികളില്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലൊക്കെയുള്ള മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകല്‍ ഉയര്‍ന്ന ഗുണമേന്‍മയുള്ളതാണെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഏറ്റവും കുറഞ്ഞ മരുന്ന് ഒരുപാട് പേര്‍ക്കു കൊടുത്തുകൊണ്ടിരിക്കാന്‍ പാടില്ല. പകരം ഏറ്റവും ക്വാളിറ്റിയുള്ള മരുന്ന് പാവങ്ങള്‍ക്കു കൊടുക്കുന്ന സംവിധാനത്തിലേക്കു നമ്മള്‍ മാറണം. ക്വാളിറ്റി ഇല്ലാത്ത മരുന്ന് കഴിച്ചാല്‍ ക്രമേണ അവര്‍ക്കും ആന്റിബയോട്ടിക് റസിസ്റ്റന്‍സ് വരും. അതു പെട്ടെന്ന് പ്രകടമാകില്ല. കുറേ നാള്‍ കഴിയുമ്പോഴാകും പ്രകടമാകുന്നത്.

രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം
കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍

അമിതോപയോഗമുണ്ട്, സംശയം വേണ്ട

അമിതോപയോഗം ഉണ്ടെന്നതിന് ഒരു സംശയവുമില്ല. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം നടക്കുന്നുണ്ട്, അത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നു കാണിച്ച് കോവിഡ് മഹാമാരി സമയത്ത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് 32 ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ എഴുതിനല്‍കിയിരുന്നു. കോവിഡ് എന്നു പറഞ്ഞുവരുന്ന എല്ലാവര്‍ക്കും ആന്റിബയോട്ടിക് കൊടുക്കുന്ന അവസ്ഥയുണ്ടായിരുന്നു. ആന്റിബയോട്ടിക് കൊടുത്തില്ലെങ്കില്‍ രോഗി അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യമായിരുന്നു.

ഡോക്ടറുടെ കുറിപ്പടികള്‍ കൊണ്ടുമാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങുക, കൊടുക്കുക. രണ്ടും പ്രധാനമാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഡോക്ടര്‍ കുറിക്കുന്ന ആന്റിബയോട്ടിക് പിന്നീട് പല സാഹചര്യങ്ങളിലും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങികഴിക്കുന്നത് ഏറെ അപകടകരമാണ്.

രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം
കുട്ടികളില്‍ ആന്‌റിബയോട്ടിക് ഫലപ്രദമാകുന്നില്ല; ലോകാരോഗ്യസംഘടന രൂപരേഖ പുതുക്കണമെന്ന് ലാന്‍സെറ്റ് പഠനം

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകല്‍ നല്‍കുന്ന പ്രവണത അവസാനിപ്പിച്ചാല്‍ മാത്രമേ അമിതോപയോഗവും അനവസരത്തിലുള്ള ഉപയോഗവും നിര്‍ത്തലാക്കാന്‍ സാധിക്കൂ.

വികസിതരാജ്യങ്ങളില്‍ പ്രെസ്‌ക്രിപ്ഷന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ആന്റിബയോട്ടിക് നല്‍കില്ല. അവിടങ്ങളിലെ ആശുപത്രികളില്‍ ഏതെങ്കിലും ഒരു ഡോക്ടര്‍ ശക്തിയേറിയ ആന്റിബയോട്ടിക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അതിന് തക്കതായ കാരണം വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ റസിസ്റ്റന്‍സ് ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു.

പുതിയ ആന്റിബയോട്ടിക്കുകള്‍ വരുന്നില്ല, പ്രതിരോധത്തിനു പിന്നില്‍ പല കാരണങ്ങള്‍

ആന്റിബയോട്ടിക്കുകള്‍ ഉണ്ടാക്കുന്നതിനും ഒരു ലിമിറ്റുണ്ട്. പുതിയ ആന്റിബയോട്ടിക്കുകള്‍ വരുന്നില്ല എന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഒരാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ കുറേകാലം കഴിയുമ്പോഴും ഇപ്പോള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളേ ഉണ്ടാകുകയുള്ളു. പുതിയ ആന്റിബയോട്ടിക്കുകളുടെ നിര്‍മാണത്തിന് സാങ്കേതികമായ കുറേ തടസങ്ങളുണ്ട്. മരുന്ന് ഗവേഷണത്തിലൂടെയാണ് പുതിയ ആന്റിബയോട്ടിക്കുകള്‍ ഉണ്ടാകുന്നത്. മരുന്ന് ഗവേഷണങ്ങളെക്കുറിച്ചുതന്നെ പൊതുസമൂഹത്തിന് ഭയമാണ്. ഡ്രഗ് ടെസ്റ്റിങ് എന്ന ഒരു സംവിധാനമേ ഇപ്പോള്‍ നടക്കാറില്ല. ഇങ്ങനെ നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മരുന്നുകള്‍ ഉണ്ടാകുന്നുമില്ല. ഇത് ശരിക്കും ഒരു വെല്ലുവിളിയാണ്.

ആന്റിബയോട്ടിക് റസിസ്റ്റന്‍സ് തുടര്‍ന്നാല്‍ കുറേകാലം കഴിയുമ്പോഴേക്കും ഇപ്പോഴുള്ള ആന്റിബയോട്ടിക്കുകള്‍ ഒന്നുംതന്നെ ഫലം ചെയ്യാതെ വരും. ചൈന ഉള്‍പ്പടെ പലരാജ്യങ്ങളിലും ഇത് കണ്ടെത്തിയിട്ടുമുണ്ട്.

സമുദ്രത്തില്‍വരെ ആന്റിബയോട്ടിക് റസിസ്റ്റന്‍സ്

ഈ ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ വിസര്‍ജ്യത്തിലൂടെ പുറത്തുപോകുന്നുണ്ട്. ഇത് വെള്ളത്തിലൂടെയും മറ്റും മണ്ണിലെത്തിച്ചേരും. അവിടെയുള്ള ബാക്ടീരിയകളിലേക്ക് ഈ റസിസ്റ്റന്‍സ് എത്തിച്ചേരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍പോലും ആന്റിബയോട്ടിക് റസിസ്റ്റന്‍സ് എത്തിക്കഴിഞ്ഞു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്നു ശേഖരിച്ചിട്ടുള്ള ബാക്ടീരിയയില്‍ പ്രതിരോധം കണ്ടെത്തിയിട്ടുണ്ട്. മാലിന്യമെല്ലാം കടലില്‍ തള്ളുകയാണ്. പഴകിയ മരുന്നുകളെല്ലാം വെറുതേ കുഴിച്ചിടുന്നുണ്ട്. ഇത് മണ്ണിലൂടെയും വെള്ളത്തിലൂടെയുമെല്ലാം ബാക്ടീരിയകള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുക എന്നത് ദുഷ്‌കരമാകും. സാധാരണ ആന്റിബയോട്ടിക് കൊടുത്തു കഴിഞ്ഞാല്‍ മാറുമെന്ന് പൊതുവേ ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നതരം ഇന്‍ഫെക്ഷനുകള്‍ക്കു പോലും അവ ഫലിക്കാതെവരുന്ന സാഹചര്യം ഉണ്ടാകും. അനാവശ്യ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പോംവഴി. ഇല്ലെങ്കില്‍ കൂടുതല്‍ ദുരന്തസാഹചര്യങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. രാജീവ് ജയദേവന്‍

കോ-ചെയര്‍മാന്‍, നാഷണല്‍ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ്

ഡോ. സുല്‍ഫി നൂഹു

ഐഎംഎ സംസ്ഥന പ്രസിഡന്റ്

logo
The Fourth
www.thefourthnews.in