കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് കൂട്ടി പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കാം

കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് കൂട്ടി പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കാം

പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിനു പിന്നിലുള്ള കാരങ്ങളോ അപകടസാധ്യതകളെന്തൊക്കെയാണെന്നോ നേരത്തേ കണ്ടെത്തുക പ്രയാസമാണ്

കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് വര്‍ഷംതോറും മൂന്നു ശതമാനം വീതം കൂട്ടുകവഴി പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കാനാകുമെന്ന് പഠനം. സ്തനാര്‍ബുദം, കൊളോണ്‍ കാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയ അര്‍ബുദങ്ങളുടെ സാധ്യത നേരത്തേ കണ്ടെത്താനും പ്രതിരോധിക്കാനുമാകും. എന്നാല്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിനു പിന്നിലുള്ള കാരങ്ങളോ അപകടസാധ്യതകളെന്തൊക്കെയാണെന്നോ നേരത്തേ കണ്ടെത്തുക പ്രയാസമാണ്. അമിതവണ്ണം ഒരു കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും അഡ്വാന്‍സ്ഡ് അല്ലാത്ത കേസുകളില്‍ ഇത് കാരണമായി കണ്ടെത്താനും സാധിച്ചിട്ടില്ല.

ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് കൂട്ടുകവഴി പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 35 ശതമാനം കുറയ്ക്കാനാകുമെന്നാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി, ബോഡി മാസ്, ഉയരം, കാര്‍ഡിയോറസ്പിറേറ്ററി ഫിറ്റ്‌നസ് മനസിലാക്കാനായി സൈക്കിളിങ് എന്നീ വിവരങ്ങളാണ് പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ഗവേഷകര്‍ സ്വീകരിച്ചത്. വിവിധ വ്യായാമ വേളകളില്‍ എത്രത്തോളം ഓക്‌സിജന്‍ ഉപയോഗിച്ചെന്നു മനസിലാക്കാന്‍ രണ്ട് ലെവല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. ഈ കണ്ടെത്തലുകള്‍ രോഗം ബാധിച്ച പുരുഷന്‍മാരുടേതുമായി താരതമ്യം ചെയ്തു.

ഏകദേശം ഏഴുവര്‍ഷത്തെ ശരാശരി കാലയളവില്‍ 5952 പുരുഷന്‍മാര്‍ക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിച്ചു. ഇത് മൊത്തം സാമ്പിളിന്‌റെ ഒരു ശതമാനമായിരുന്നു. 46 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയുമുണ്ടായി.

പ്രായം, വിദ്യാഭ്യാസം, വാര്‍ഷിക പരിശോധന, ബോഡി മാസ് ഇന്‍ഡെക്‌സ്, പുകവലി തുടങ്ങിയ രോഗത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ കൂടി കണക്കിലെടുത്താല്‍ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നതുകൊണ്ടുള്ള രോഗസാധ്യത രണ്ട് ശതമാനം കുറയുന്നുണ്ടെന്ന് പഠനം പറയുന്നു. മരണസാധ്യതയും കുറവാണ്.

പഠനത്തില്‍ പങ്കെടുത്തവരെ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് കൂട്ടുന്നുണ്ടോ, സ്ഥിരതയുള്ളതാണോ, അതേ കുറഞ്ഞുപോയിട്ടുണ്ടോ എന്ന പരിശോധനയില്‍ ഫിറ്റ്‌നസ് ലെവല്‍ കൂട്ടിയവര്‍ക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 35 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

രോഗകാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഇതൊരു നിരീക്ഷണ പഠനമാണെന്നും കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസിലും അര്‍ബുദത്തിലും ജനിതക ഘടകങ്ങളുടെ സ്വാധീനവുമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in