വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ

വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ

ബലൂണ്‍ നിക്ഷേപിക്കുകവഴി ആമാശയത്തിന്റെ വ്യാപ്തി കുറയുന്നു. ഇതോടെ കഴിക്കുന്ന ആഹാരത്തിന്റെ അളവും സ്വാഭാവികമായി കുറയും

ശരീരത്തിന് ആവശ്യമായതിലുമധികം ഫാറ്റ് നിക്ഷേപിക്കപ്പെടുമ്പോള്‍ അത് അമിതവണ്ണമായി പുറത്തുവരുന്നു. കാഴ്ചയ്ക്കുള്ള അഭംഗി അല്ല, മറിച്ച് ഒരുകൂട്ടം രോഗങ്ങളാണ് അമിതവണ്ണം സൃഷ്ടിക്കുന്നത്.

പട്ടിണി കിടന്നും ജീവിതരീതി ക്രമപ്പെടുത്തിയുമൊക്കെ പലരും ശരീരഭാരം കുറയ്ക്കാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ, ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭക്ഷണത്തിനു മുന്നില്‍ നിയന്ത്രണമൊക്കെ മറന്നുപോകും. അത്തരക്കാര്‍ക്ക് ആശ്വാസമാണ് ഇന്‍ട്രാഗ്യാസ്ട്രിക് ബലൂണ്‍ (ഐജിബി).

എന്താണ് ഐജിബി എന്നും ഇതു ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് എറണാകുളം മെഡിക്കല്‍ സെന്ററിലെ സീനിയര്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ.ഹരികുമാര്‍ ആര്‍ നായര്‍.

എന്താണ് ഇന്‍ട്രാഗ്യാസ്ട്രിക് ബലൂണ്‍?

ഭാരം കുറയ്ക്കുന്നതിനുള്ള പല മെഡിക്കല്‍ ടെക്‌നോളജികളില്‍ ഒന്നാണ് ഇന്‍ട്രാ ഗ്യാസ്ട്രിക് ബലൂണ്‍. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടര്‍ന്നുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്, അമിതവണ്ണം കാരണം കരളിലേക്ക് കൊഴുപ്പടിഞ്ഞുണ്ടാകുന്ന ഫാറ്റിലിവര്‍ രോഗം, ഫാറ്റിലിവര്‍ മൂര്‍ച്ഛിച്ചുണ്ടാകുന്ന ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങി അമിതവണ്ണം കാരണം ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്.

ഭാരം കുറയ്ക്കുന്ന പരിപാടികള്‍ക്ക് കേരളത്തിൽ ഉൾപ്പെടെ പ്രചാരം വന്നുതുടങ്ങുന്നതേയുള്ളു. ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് കൂടുതല്‍ ആളുകളും ശരീരഭാരം കുറയ്ക്കാന്‍ നോക്കുക. ഇതില്‍ പരാജയം സംഭവിക്കുന്നവര്‍ക്കാണ് ഇന്‍ട്രോ ഗ്യാസ്ട്രിക് ബലൂണ്‍ പോലുള്ള ചികിത്സാരീതികള്‍ ഉപകാരപ്രദമാകുക. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ സാധാരണമായി ചെയ്യുന്ന ഒന്നാണ്. കേരളത്തില്‍ ഇതിനെക്കുറിച്ച് വലിയ അവബോധമുണ്ടായിട്ടില്ല.

എന്‍ഡോസ്‌കോപ് എന്ന ഉപകരണം അന്നനാളം വഴി ആമാശയത്തിലേക്ക് കടത്തിവിട്ട് ഇന്റര്‍വെന്‍ഷന്‍ ചാനലിലൂടെ അതായത് പുറമേ വയറ്റിലൊന്നും മുറിവ് ഉണ്ടാക്കാതെയാണ് ബലൂണ്‍ ആമാശയത്തിനകത്ത് നിക്ഷേപിക്കുന്നത്. നിക്ഷേപിച്ചശേഷം ഒരു നിശ്ചിത വലുപ്പത്തിലേക്ക് ബലൂൺ വലുതാക്കും.

പ്രത്യേക സിലിക്കോണ്‍ മെറ്റീരിയല്‍ കൊണ്ടുള്ളതാണ് ബലൂണ്‍. ഇത് നിക്ഷേപിക്കുക വഴി ആമാശയത്തിന്റെ വ്യാപ്തി കുറയുന്നു. ഇതോടെ കഴിക്കുന്ന ആഹാരത്തിന്റെ അളവും സ്വാഭാവികമായി കുറയും. ഇങ്ങനെ ശരീരഭാരവും കുറയുന്നു. അതായത് കഴിക്കുന്ന ആഹാരത്തിന്റെ അളവ് പരിമിതപ്പെടുത്താനുള്ള ഒരു ചികിത്സാരീതിയാണ് ഇന്‍ട്രാഗ്യാസ്ട്രിക് ബലൂണ്‍.

വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ
കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

രണ്ട് ഘട്ടങ്ങളായാണ് ബലൂൺ ചികിത്സ ചെയ്യുന്നത്. ആദ്യം അര ലിറ്റര്‍ ദ്രാവകമായിരിക്കും ബലൂണിൽ നിറയ്ക്കുക. മൂന്നുനാല് മാസം കഴിഞ്ഞ് വ്യാപ്തി കുറച്ചുകൂടി കൂട്ടാന്‍ സാധിക്കും. ഇതാണ് 2 സ്‌റ്റേജ് ബലൂണ്‍ എന്നു പറയുന്നത്. ചികിത്സയുടെ ശരാരശരി ചെലവ് ഒരുലക്ഷം രൂപയോളമാണ്.

പല തരത്തിലുള്ള ബലൂണുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഇതിന്റെ നിര്‍മാണം ഇല്ല. അമേരിക്കന്‍, യൂറോപ്യന്‍ ബലൂണുകളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. ഇതില്‍ അമേരിക്കന്‍ ബലൂണാണ് രണ്ട് സ്റ്റേജില്‍ ചെയ്യാന്‍ സാധിക്കുക.

ഐജിബി ആര്‍ക്കൊക്കെ?

അമിതവണ്ണമുള്ള, കൊഴുപ്പ് അടിഞ്ഞുകൂടിയ ശരീരത്തില്‍നിന്ന് ഫാറ്റ് കത്തിച്ചു കളയണമെങ്കില്‍ ഡയറ്റും വ്യായാമവും ചെയ്യണം. ഡയറ്റിങ് സ്വയം ചെയ്തിട്ട് പരാജയപ്പെടുന്ന ആളുകളിലാണ് ഇന്‍ട്രാ ഗ്യാസ്ട്രിക ബലൂണ്‍ ഇടുന്നത്.

ഒരു വ്യക്തിയുടെ ബോഡി മാസ് ഇന്‍ഡ്ക്‌സ്(ഉയരവും ഭാരവും തമ്മിലുള്ള ഫോര്‍മുല) കണക്കാക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ അളവുകോലുണ്ട്. ഇതനുസരിച്ച് 23- 25 വരെയുള്ള ബിഎംഐ നോര്‍മല്‍, 25-27 ഓവര്‍വെയ്റ്റ്, 27നു മുകളില്‍ ഒബേസിറ്റിയുമാണ്. ഇതില്‍ ഒബേസ് എന്ന കാറ്റഗറിയില്‍ പെടുന്നവര്‍ക്കാണ് ബലൂണ്‍ ചികിത്സ ചെയ്യുന്നത്.

അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് ഐജിബി ചെയ്യുന്നത്. 40 മിനിട്ടാണ് ഇതിനായി എടുക്കുന്ന സമയം. മയക്കത്തില്‍നിന്ന് രോഗി റിക്കവറായി വരാന്‍ ഒരു ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരും.

വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ
മാനസിക സമ്മര്‍ദ്ദം അമിത ആഹാരത്തിന് കാരണമാകാറുണ്ടോ? എങ്ങനെ നിയന്ത്രിക്കാം

ബാരിയാട്രിക് ശസ്ത്രക്രിയയില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ സ്ഥായിയായ ഒരു മാറ്റം വയറിനു സംഭവിക്കുന്നില്ല. ഒരു വര്‍ഷംവരെയാണ് ബലൂണ്‍ ആമാശയത്തിനുള്ളില്‍ നിക്ഷേപിക്കുന്നത്. ഒരു വര്‍ഷം കഴിയുമ്പോള്‍ എന്‍ഡോസ്‌കോപ് വഴിതന്നെ ബലൂണ്‍ മാറ്റുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ബലൂണ്‍ എടുത്തുമാറ്റുമ്പോള്‍ ഭാരം കൂടുന്ന അവസ്ഥയിലേക്കു പോകാന്‍ പാടില്ല.

ബലൂണ്‍ ഭാരം കുറയ്ക്കുന്നതെങ്ങനെ?

ബലൂണ്‍ വയറിനകത്തുള്ളപ്പോള്‍ വിശപ്പ് നിയന്ത്രിച്ച് ശരീരത്തെ തലച്ചോർ പുതിയ ട്യൂണിങ്ങിലേക്ക് കൊണ്ടുവരികയെന്നതാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. ബലൂണ്‍ അകത്തുകിടക്കുന്ന ഒരുവര്‍ഷം ആഹാരം നിയന്ത്രിച്ചുള്ള ആ ജീവിതം പിന്നീടങ്ങോട്ട് നിലനില്‍ക്കുന്ന രീതിയില്‍ ബ്രെയിന്‍ ട്യൂണിങ് സംഭവിക്കണം. അതിനുള്ള കൗണ്‍സലിങ്, ഡയറ്റ് ക്രമീകരണം ഒക്കെ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരുന്നാല്‍ മാത്രമേ ഇതു വിജയിക്കൂ. അതായത് രോഗിയുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത് വിജയിക്കൂ. ബലൂണ്‍ എടുത്തുമാറ്റിയ ശേഷം ഡയറ്റും വ്യായാമവും ക്രമീകരിക്കാതെ ആദ്യത്തെ ജീവിതരീതി പിന്തുടര്‍ന്നാല്‍ ശരീരഭാരം വീണ്ടും കൂടാം.

ആര്‍ക്കൊക്കെ പാടില്ല?

ഐജിബി ചെയ്യുന്നതിനുമുന്‍പ് എന്‍ഡോസ്‌കോപ്പി ചെയ്തുനോക്കണം. അള്‍സര്‍ രോഗികള്‍, കരള്‍രോഗ സംബന്ധമായി കരള്‍ പ്രഷര്‍ കൂടുന്നവര്‍, ലിവര്‍ സിറോസിസ് രോഗികൾ എന്നിവരിൽ ഐജിബി ചെയ്യാന്‍ പാടില്ല. ബലൂണ്‍ ഇടുമ്പോള്‍ ബ്ലീഡിങ്ങിനുള്ള സാധ്യതയുണ്ടോ എന്നറിയാനാണ് ആദ്യമേ എന്‍ഡോസ്‌കോപ്പി ചെയ്തുനോക്കുന്നത്.

പാര്‍ശ്വഫലങ്ങള്‍

ബാരിയാട്രിക് ശസ്ത്രക്രിയയില്‍ പറയുന്ന പാര്‍ശ്വഫലങ്ങളൊന്നും ഐജിബിയില്‍ ഉണ്ടാകില്ലെന്നതാണ് ഇതിന്റെ മേന്‍മ. വയറിന്റെ വലുപ്പത്തിനും ആകൃതിക്കും സ്ഥായിയായ മാറ്റമാണ് ബാരിയാട്രിക് ശസ്ത്രക്രിയയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഐജിബിയില്‍ സ്ഥായിയായ ഒരു മാറ്റം സംഭവിക്കുന്നില്ല. ബലൂണ്‍ അകത്തു കിടക്കുമ്പോള്‍ മാത്രമേ രോഗിക്ക് വയര്‍ നിറയുന്നതായുള്ള തോന്നല്‍ ഉണ്ടാകുന്നുള്ളൂ. ഇവിടെ വയറിന്റെ ഭാഗം മുറിച്ചുമാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അപകടാവസ്ഥ സംഭവിക്കാറില്ല.

ആറു മുതല്‍ 12 മാസം വരെ ഈ ബലൂണ്‍ വയറിനകത്ത് ഇടാം. ഇതിനിടുന്ന കാലയളവില്‍ നിശ്ചിത ഭാരമുള്ള വ്യക്തിയെ അതിലുംകുറഞ്ഞ ഭാരത്തിലേക്കുകൊണ്ടുവരികയാണ് ഉദ്ദേശിക്കുന്നത്.

ഒരു വര്‍ഷംകൊണ്ട് എത്ര കിലോ കുറയും?

ബലൂണിന്റെ വലുപ്പം അനുസരിച്ചാണ് എത്രത്തോളം ഭാരം കുറയുമെന്നു കണക്കാക്കുന്നത്. രണ്ടാമത്തെ സ്‌റ്റേജിലേക്കു കയറുമ്പോള്‍ കുറച്ചധികം ഭാരം കുറയ്ക്കാനാകും. എത്ര കിലോ കുറയ്ക്കാമെന്നത് തീരുമാനിക്കുന്നത് രോഗിയുടെ സഹകരണം അനുസരിച്ചിരിക്കും.

ആഹാരനിയന്ത്രണവും ഡയറ്റും വ്യായാമവുമെല്ലാം ശീലിക്കാനുള്ള ഒരവസരമാണ് ഈ ബലൂണ്‍ ഇടുന്നതുവഴി ലഭിക്കുന്നത്. ഡയറ്റിങ്ങിലും വ്യായാമം ചെയ്യുന്നതിലുമെല്ലാം രോഗി എത്രത്തോളം താല്‍പ്പര്യം കാണിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാകും എത്ര കിലോ കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയുക.

വയറിനുള്ളില്‍ ബലൂണ്‍ വച്ച് കുറയ്ക്കാം ശരീരഭാരം; അറിയാം ഇന്‍ട്രാഗ്യാസ്ട്രിക് ബലൂൺ ചികിത്സ
നോ പറയേണ്ട; പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ എട്ട് പഴവർഗങ്ങൾ

ഡയറ്റീഷ്യന്റെ സഹായത്തോടെ ഡയറ്റ് ക്രമീകരിക്കുന്നു. ആഹാരനിയന്ത്രണത്തിനുള്ള അടിസ്ഥാന തത്വം പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. ഇതോടൊപ്പം വ്യായാമം ചെയ്യാനുള്ള പരിശീലനവും നല്‍കും.

വിജയശതമാനം എത്രത്തോളം?

ഐജിബി ചെയ്ത 80 ശതമാനത്തിലധികം ആളുകള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ബലൂൺ നിക്ഷേപിച്ച് കഴിയുമ്പോള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സാധിക്കുന്നില്ലെന്ന ബുദ്ധിമുട്ട് പറഞ്ഞ് എടുത്തുമാറ്റുന്നവരുമുണ്ട്.

ഇത് വയറിനുള്ളിലുള്ള ഒരുവര്‍ഷംകൊണ്ട് ഡയറ്റും ജീവിതശൈലി ക്രമീകരണമൊക്കെ നടത്തി അത് പിന്തുടര്‍ന്നാല്‍ ശരീരഭാരം കൂടാതെ നിലനിര്‍ത്താന്‍ സാധിക്കും. 12 മാസം മാത്രമേ വയറിനകത്തെ ഗ്യാസ്ട്രിക് ജ്യൂസിനകത്ത് ബലൂണിന് നിലനില്‍ക്കാന്‍ കഴിയൂ. അതിനാല്‍ ഒരു വര്‍ഷമാകുമ്പോള്‍ എടുത്തുമാറ്റണം.

logo
The Fourth
www.thefourthnews.in