ഈ ആറ് ലക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന്‌റേതാകാം; അവഗണിക്കരുത്

ഈ ആറ് ലക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന്‌റേതാകാം; അവഗണിക്കരുത്

ആദ്യ സ്റ്റേജുകളില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കണമെന്നില്ല. കാന്‍സര്‍ പടരുന്നതോടെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. അവ ഏതൊക്കെയെന്നു നോക്കാം

ശരീരത്തില്‍ വയറിനു പിറകിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിലും ദഹനേന്ദ്രിയ വ്യവസ്ഥ സുഗമമാക്കുന്നതിലും പാന്‍ക്രിയാസ് പ്രധാന പങ്കുവഹിക്കുന്നു. പാന്‍ക്രിയാസിനു ചുറ്റും അനിയന്ത്രിതമായി അര്‍ബുദ കോശങ്ങള്‍ പെരുകുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ഇത് ചികിത്സിക്കാതിരുന്നാല്‍ ശരീരത്തിന്‌റെ മറ്റു ഭാഗങ്ങളിലേക്കു പെട്ടെന്നു വ്യാപിക്കും.

ആദ്യ സ്റ്റേജുകളില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കണമെന്നില്ല. കാന്‍സര്‍ പടരുന്നതോടെ ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. അവ ഏതൊക്കെയെന്നു നോക്കാം.

1. അടിക്കടിയുള്ള മഞ്ഞപ്പിത്തം

ബിലിറുബിന്‌റെ അളവ് കൂടുന്നതു കാരണം ചര്‍മവും കണ്ണിന്‌റെ വെള്ളയിലും മഞ്ഞ നിറം പ്രത്യക്ഷമാകുന്നു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുമ്പോള്‍, കരളിനെയും ചെറുകുടലിനെയും ബന്ധിപ്പിക്കുന്ന പിത്തനാളിയില്‍ ട്യൂമര്‍ തടസം സൃഷ്ടിക്കുന്നു. ഇതിന്‌റെ ഫലമായി രക്തത്തില്‍ പിത്തരസം അടിഞ്ഞുകൂടുകയും മഞ്ഞപ്പിത്തം ഉണ്ടാകുകയും ചെയ്യും. പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ മൂത്രം മഞ്ഞയോ ഇരുണ്ട നിറത്തിലോ കാണുക, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുക തുടങ്ങിയവ പ്രത്യക്ഷപ്പെട്ടാല്‍ വിദഗ്ധ പരിശോധന നടത്തണം

ഈ ആറ് ലക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന്‌റേതാകാം; അവഗണിക്കരുത്
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് സാധ്യത ആര്‍ക്കൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

2. വയറിലും നടുവിലും വേദന

തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, നടുവേദന എന്നിവ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‌റെ ലക്ഷണമാകാം. വയറിന്‌റെ മുകള്‍ ഭാഗത്ത് ആരംഭിക്കുന്ന വേദന പതിയെ പുറകുവശത്തേക്കു മാറുന്നു. ട്യൂമര്‍ വലുതാകുന്നതിനനുസരിച്ച്, അടുത്തുള്ള ഞരമ്പുകളിലേക്കു വ്യാപിക്കുന്നതോടെ് വേദയുടെ ആധിക്യവും കൂടുന്നു.

3. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍

ചര്‍മത്തിലെ ചൊറിച്ചിലിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‌റെ ഒരു പ്രധാന ലക്ഷണവും ഇതാണ്. ചര്‍മത്തില്‍ ബിലിറുബിന്‍ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ചൊറിച്ചില്‍ ഉണ്ടാകുന്നത്. ഇത് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. ഭാരനഷ്ടം

ഭക്ഷണരീതിയില്‍ മാറ്റം വരുത്താതെയോ വര്‍ക്ഔട്ടൊന്നും ചെയ്യാതെയോ ശരീരഭാരം കുറയുകയാണെങ്കില്‍ പ്രത്യേകശ്രദ്ധ കൊടുക്കണം. കാന്‍സര്‍ വ്യാപിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഊര്‍ജം ചെലവഴിക്കുന്നതിന്‌റെ ഫലമായി ശരീരഭാരം കുറയുന്നു. ട്യൂമര്‍ ഉദരത്തില്‍ ചെലുത്തുന്ന സമ്മര്‍ദത്തിന്‌റെ ഫലമായി വയര്‍ നിറഞ്ഞതായുള്ള തോന്നലും ഉണ്ടാകുന്നു. പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ദഹനത്തിനു സഹായിക്കുന്ന രസങ്ങളുടെ ഉല്‍പ്പാദനവും നിലയ്ക്കുന്നു.

5. പെട്ടെന്നുണ്ടാകുന്ന പ്രമേഹം

പ്രമേഹപാരമ്പര്യമോ മുന്‍പുള്ള പരിശോധനകളില്‍ പ്രീ ഡയബറ്റിസ് സ്റ്റേജിലോ അല്ലാത്ത വ്യക്തിക്ക് പെട്ടെന്ന് പ്രമേഹം ബാധിക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം. കാന്‍സര്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിന്‌റെ ഫലമായി രകതത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളുടെ നാശം ശരീരത്തിലെ ഗ്ലൂക്കോസിന്‌റെ നിയന്ത്രണത്തെ ബാധിക്കുന്നു.

6. ക്ഷീണവും തളര്‍ച്ചയും

മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അമിതക്ഷീണവും തളര്‍ച്ചയും കൂടിയുണ്ടെങ്കില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദം സംശയിക്കണം. ആവശ്യത്തിന് വിശ്രമവും നല്ല ഉറക്കവും ലഭിച്ചിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും വയറുവേദനയും ഇരുണ്ട മൂത്രവും കാണുകയാണെങ്കില്‍ പാന്‍ക്രിയാറ്റിക് പരിശോധന നടത്തണം.

logo
The Fourth
www.thefourthnews.in