പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വര്‍ക്കൗട്ടിന് ശേഷം എന്ത് ഭക്ഷണം കഴിക്കണം ?

കാർബോ ഹൈഡ്രേറ്റ് മാത്രമല്ല പ്രോട്ടീനും മിതമായി മാത്രം കഴിച്ചില്ലെങ്കില്‍ വണ്ണം കൂടും

വണ്ണം കുറയ്ക്കാന്‍ കുറേ നാളായി കഷ്ടപ്പെടുന്നു. വ്യായാമവും ചെയ്യുന്നുണ്ട്, എന്നിട്ടും തടി കുറയുന്നില്ലെന്ന് പരാതിപ്പെടുന്ന പലരെയും നമുക്ക് കാണാം. ശരീരഭാരം കുറയ്ക്കുന്നത് മെലിഞ്ഞ് സീറോ സൈസ് ആവുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാവരുത്. പകരം ആരോഗ്യമുള്ള ശരീരത്തിനും ജീവിതത്തിനും കൂടിയായിരിക്കണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ക്കൗട്ടിനോടൊപ്പം ഡയറ്റും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.വ്യായാമത്തിന് ശേഷവും മുമ്പും എന്തു കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നുള്ളതും പ്രധാനമാണ്.

വ്യായാമത്തിനിടയിലോ അതിന് മുമ്പോ ആയി ഭക്ഷണം കഴിക്കാമോ ?

രാവിലെ നടക്കാന്‍ പോകുമ്പോള്‍ ചായക്കടയിലെ വടയും ചായയും കണ്ടു മനസ്സൊന്ന് ചാഞ്ചാടും. ഒന്നു രുചിച്ചു നോക്കാന്‍ മനസ്സ് പറയും. ഇത്തരത്തിലുള്ള ഇട ഭക്ഷണങ്ങള്‍ തന്നെയാണ് വണ്ണം കുറയ്ക്കുന്നതിലെ പ്രധാന വില്ലന്‍. തടി കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ വ്യായാമത്തിന് ഇടയിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ വ്യായാമത്തിന് മുമ്പ് ഭക്ഷണം ലഘുവായി കഴിക്കുന്നതില്‍ തെറ്റില്ല. ഓട്സ്, യോഗര്‍ട്ട്, വാഴപ്പഴം, പാല്‍ ഇവയെല്ലാം വ്യായാമത്തിന് അര മണിക്കൂർ മുതല്‍ ഒരുമണിക്കൂർ വരെയുള്ള ഇടവേളയില്‍ കഴിക്കുന്നത് നല്ലതാണ്. നല്ല ഊര്‍ജത്തോടെ കൂടുതല്‍ നേരം വ്യായാമം ചെയ്യുന്നതിന് ഇത് സഹായിക്കും. തടികൂടുമെന്നും പേടിക്കണ്ട.

വര്‍ക്കൗട്ടിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കണം

വര്‍ക്കൗട്ടിന് ശേഷം എന്ത് കഴിക്കണം?

നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോലെ തന്നെ കഴിക്കുന്ന സമയത്തിലും ഡയറ്റിംഗില്‍ വലിയ പങ്കുണ്ട്. വ്യായാമം കഴിഞ്ഞ് അരമണിക്കൂറോ ഒരു മണിക്കൂറോ ശേഷം മാത്രമെ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ മെറ്റാബോളിസം കൂടുകയും കലോറി അളവ് കുറയുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വ്യായാമത്തിന് ശേഷം ഉടന്‍ ഭക്ഷണം കഴിച്ചാല്‍ ശരീരം അതിനെ പൂര്‍ണമായി ആഗിരണം ചെയ്യും. ഇതു തടി കൂടുന്നതിന് കാരണമാകും. വണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മണിക്കൂറുകളോളം ജിമ്മില്‍ ഒഴുക്കിയ വിയര്‍പ്പ് വിഫലമാകുമെന്ന് ചുരുക്കം. വര്‍ക്കൗട്ടിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അത്യാവശ്യമാണ്.എപ്പോഴും ആഹാരം മിതമായി കഴിക്കാനും ശ്രമിക്കണം.

ഡയറ്റ് എങ്ങനെയാവണം?

ഡയറ്റ് നോക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഘടകം സാമ്പത്തികം തന്നെയാണ്. വലിയ ഡയറ്റീഷ്യന്‍സ് തരുന്ന വിലകൂടിയ ഡയറ്റിംഗ് ലിസ്റ്റ് കാണുമ്പോൾ തന്നെ വണ്ണം കുറക്കണമെന്ന ആഗ്രഹം മനസ്സിൽ നിന്നൊഴിവാക്കും. വണ്ണം കുറക്കുന്നതിനായി വിലകൂടിയ ബദാം, കോണ്‍ഫ്ളേക്സ്, ഈന്തപഴം, ഓട്സ്, നട്സ്, എന്നിവ തന്നെ കഴിക്കണമെന്നില്ല. നമ്മളുടെ വീട്ടില്‍ ഉള്ള ഭക്ഷ്യവസ്തുക്കള്‍ മതിയാകും. മുട്ടയുടെ വെള്ളക്കരു, നാരുകളടങ്ങിയ പച്ചക്കറികള്‍, ഇലക്കറികള്‍, കൊഴുപ്പു കുറഞ്ഞ പാല്‍ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ അടങ്ങിയ മുളപ്പിച്ച പയറോ പുഴുങ്ങിയ കടലയോ കഴിക്കാം. ചപ്പാത്തിയോ ഗോതമ്പിന്‍റെ ദോശയോ രണ്ടോ മൂന്നോ എണ്ണം കഴിക്കാം.

ഭക്ഷണത്തിന്‍റെ അളവ് എത്രത്തോളം ?

ഇഷ്ടഭക്ഷണം ത്യജിച്ച് മാസങ്ങളോളം ഡയറ്റ് നോക്കിയിട്ടും, മുടങ്ങാതെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണത്തിന്‍റ അളവാണ്. പഴവര്‍ഗങ്ങളും പ്രോട്ടീനുമടങ്ങിയ ഭക്ഷണമാണെങ്കിലും മിതമായി കഴിച്ചില്ലെങ്കില്‍ വണ്ണം കൂടുന്നതിന് കാരണമാകും. ഒരു പിടി മുളപ്പിച്ച പയറിനു പകരം ഒരു കപ്പ് കഴിച്ചാലോ? ശരീരത്തില്‍ ചെല്ലുന്ന പ്രോട്ടീനിന്‍റെ അളവു കൂടുകയും അത് ശരീരം കൊഴുപ്പായി ശേഖരിച്ചു വെക്കുകയും ചെയ്യും. ഇതു വണ്ണം ഇരട്ടിക്കുന്നതിനു കാരണമാകുന്നു.

ജങ്ക് ഫുഡ് കഴിക്കുന്നതു പോലെ തന്നെ പോഷകാഹാരം അമിതമായി കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നതിനും ശരീരഭാരം കുറയാതെ നില്‍ക്കുന്നതിനും കാരണമാകുന്നു. ഭക്ഷണം കൃത്യ സമയത്ത് തന്നെ കഴിക്കേണ്ടതും വളരെ പ്രധാനമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in