ഇന്ത്യന്‍ നിർമിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്; കാരണമെന്ത്?

ഇന്ത്യന്‍ നിർമിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്; കാരണമെന്ത്?

എംഡിഎച്ച്, എവറസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പൊടികള്‍ക്കാണ് വിലക്ക്

ഇന്ത്യയില്‍ നിർമിക്കുന്ന മസാലപ്പൊടികളുടെ ഗുണനിലവാരത്തില്‍ ആശങ്ക. ഗുണനിലവാര പരിശോധനയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നല്‍കി. ഹോങ് കോങ്ങിലേയും സിംഗപൂരിലേയും ഫുഡ് റെഗുലേറ്റർ അർബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം ഇന്ത്യന്‍ നിർമിത ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എംഡിഎച്ച്, എവറസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പൊടികളിലാണ് എഥിലിന്‍ ഓക്സൈഡ് കണ്ടെത്തിയത്.

നടപടിയുമായി ഹോങ് കോങ്ങും സിംഗപൂരും

എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മസാല പൗഡർ, കറി പൗഡർ എന്നിവയും എവറസ്റ്റ് ഗ്രൂപ്പിന്റെ ഫിഷ് കറി മസാലയുമാണ് വിപണിയില്‍ നിന്ന് അധികൃതർ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോങ് കോങ്ങിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് മസാലപ്പൊടികളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

പൊടികളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള നിർദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറപ്പെടുവിച്ചതായാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എവറസ്റ്റിന്റെ ഫിഷ് കറി മസാലയില്‍ അനുവദനീമായ അളവില്‍ കൂടുതല്‍ എഥിലിന്‍ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് സിംഗപൂർ ഭക്ഷ്യസുരക്ഷാ വകുപ്പ് വില്‍പ്പന വിലക്കിയത്.

ഇന്ത്യന്‍ നിർമിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്; കാരണമെന്ത്?
എന്തുകൊണ്ട് ഹീമോഫീലിയ? അറിയാം രോഗലക്ഷണങ്ങളും ചികിത്സയും

ഇരുരാജ്യങ്ങളുടേയും നടപടിയോട് എവറസ്റ്റ് ഫൂഡ് പ്രൊഡക്ട്സ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ മസാലപ്പൊടികള്‍ നിരോധിച്ചിട്ടില്ലെന്നും പരിശോധനയ്ക്കായുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്നും കമ്പനിയുടെ വക്താവ് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു. ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ഉയർന്ന ഗുണമേന്മയുള്ളതാണെന്നും വക്താവ് അവകാശപ്പെട്ടു.

പരിശോധനയുമായി എഫ്എസ്എസ്എഐയും

കമ്പനികളുടെ എല്ലാ നിർമാണ ശാലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കാനാണ് എഫ്എസ്എസ്എഐയുടെ തീരുമാനം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. അടുത്ത നാല് ദിവസത്തിനുള്ളില്‍ സാമ്പിള്‍ ശേഖരണം പൂർത്തിയായേക്കും. പരിശോധന പൂർത്തിയായി 20 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഫലം ലഭ്യമാകുക. എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായിരിക്കും പരിശോധന.

എന്താണ് എഥിലിന്‍ ഓക്സൈഡ്?

എഥിലിന്‍ ഓക്സൈഡ് നിറമില്ലാത്തതും കത്തുന്നതുമായ ഒരുതരം വാതകമാണ്. എഥിലിന്‍ ഗ്ലൈക്കോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് നാഷണല്‍ കാന്‍സർ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിഐ) പങ്കുവെക്കുന്ന വിവരം. ഇതിനുപുറമെ, ഡിറ്റർജെന്റ്സ്, തുണികള്‍, മരുന്നുകള്‍, പശ എന്നിവയുടെ നിർമാണത്തിനും എഥിലിന്‍ ഓക്സൈഡ് ഉപയോഗിക്കാറുണ്ട്. ഡിഎന്‍എ നശിപ്പിക്കാന്‍ ശേഷിയുള്ള എഥിലിന്‍ ഓക്സൈഡ് ആശുപത്രികളില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു.

ഇന്ത്യന്‍ നിർമിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്; കാരണമെന്ത്?
അകാരണമായ ക്ഷീണവും ചര്‍മത്തിലെ ചൊറിച്ചിലും കരള്‍ രോഗലക്ഷണങ്ങളാകാം; വേണം ശ്രദ്ധ

ദോഷഫലങ്ങള്‍

അർബുദത്തിന് കാരണമാകുന്നതിന് പുറമെ, എഥിലിന്‍ ഓക്സൈഡുമായി ദീർഘനേരമുള്ള സമ്പർക്കം കണ്ണ്, ത്വക്ക്, മൂക്ക്, ശ്വാസകോശം എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതിനുപുറമെ തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും തകരാറിന് കാരണമായേക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് എന്‍വയർമെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) പറയുന്നു. സ്ത്രീകളില്‍ സ്തനാർബുദ സാധ്യതയ്ക്കും എഥിലിന്‍ ഓക്സൈഡ് കാരണമായേക്കും.

logo
The Fourth
www.thefourthnews.in