മാനസികാരോഗ്യം തകരാറിലാണോ? അറിയാം, വരുത്താം മാറ്റങ്ങള്‍

മാനസികാരോഗ്യം തകരാറിലാണോ? അറിയാം, വരുത്താം മാറ്റങ്ങള്‍

ശരിയായ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനം നമ്മള്‍ നമ്മളെത്തന്നെ മനസ്സിലാക്കുകയെന്നതാണ്

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ഒരു മനുഷ്യന് ഏറ്റവും വലുത് അവന്റെ മനസ് തന്നെയാണ്. ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം മനസുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ മനസിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് ഏറെ പ്രധാനവും.

പക്ഷേ ഇപ്പോഴും മാനസികാരോഗം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം പലരുടെയും മനസിലേക്ക് കടന്നുവരുന്നത് മനോരോഗി എന്ന തോന്നലാണ്. മനോരോഗമുള്ളവര്‍ എന്നതല്ല മാനസികരോഗം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാളിന്റെ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ കഴിവുകള്‍ തിരിച്ചറിയുക, ആ കഴിവുകള്‍ അവരുടെ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കുക, അതിനെ മറികടക്കാനുള്ള കഴിവുണ്ടാക്കുക, അതിലുപരി ആ കഴിവുകള്‍ അവരുടെ തൊഴില്‍ ജീവിതത്തിലോ പഠനമേഖലയിലോ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ പര്യാപ്തരാക്കുക...ഇതെല്ലാം ബുദ്ധിപൂര്‍വം ഉപയോഗിച്ചുപോകാനുള്ള സുസ്ഥിര അവസ്ഥയാണ് മാനസികാരോഗ്യം കൊണ്ടുദ്ദേശിക്കുന്നത്.

മാനസികാരോഗ്യരംഗത്തും വന്നൂ മാറ്റങ്ങള്‍

മാനസികോരാഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വന്നത് കോവിഡ് കാലഘട്ടത്തിലാണെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ശ്രീലാല്‍ അരവിന്ദന്‌റെ അഭിപ്രായം. അണുകുടുംബ വ്യവസ്ഥിതിയില്‍ പലരും ഒതുങ്ങിക്കൂടേണ്ടി വന്ന സമയമായിരുന്നു അത്. ഒറ്റപ്പെട്ടുവെന്ന തോന്നല്‍ ഏറ്റവുമധികമുണ്ടായ സാഹചര്യം. നമ്മുടെ കഴിവുകള്‍ എന്താണെന്ന് പലരും തിരിച്ചറിഞ്ഞ കാലഘട്ടവും ഇതായിരുന്നു.

മാനസിക പിരിമുറുക്ക അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ അതിനെ മറികടക്കാനുള്ള കഴിവ് നമുക്കുണ്ടോ ഇല്ലയോ എന്ന് ഈ കാലത്ത് പലരും മനസിലാക്കി. അതിനുശേഷം പലരും മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം പരിഗണ നല്‍കേണ്ട ഒന്നാണ് മാനസികാരോഗ്യമെന്നതും. നല്ലൊരു മനസുണ്ടെങ്കിലേ നല്ല പൗരന്‍മാരുണ്ടാകൂയെന്നും നാടിന് ഉപയോഗമുള്ള രീതിയില്‍ അതു കൈകാര്യം ചെയ്യാന്‍ പറ്റൂയെന്നും മനസ്സിലാക്കിയ സമയാണ് കോവിഡ് കാലം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഒരു പരിധിവരെ കോവിഡ് സഹായിച്ചിട്ടുണ്ട്.

മാനസികാരോഗ്യം തകരാറിലാണോ? അറിയാം, വരുത്താം മാറ്റങ്ങള്‍
ലോക മാനസികാരോഗ്യ ദിനം: കരുതല്‍വേണം അമ്മ മനസുകള്‍ക്ക്

സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം

എത്ര വര്‍ഷങ്ങളെടുത്തിട്ടും, എത്രമാത്രം ശാസ്ത്രീയ പുരോഗമനം ഉണ്ടായിട്ടും പലരുടെയും ഉള്ളില്‍ മാനസികാരോഗ്യമെന്ന വാക്ക് ഒരു ഭ്രഷ്ടായിതന്നെ നിലനില്‍ക്കുന്നു. വിദ്യാഭ്യാസമുള്ളവനോ ഇല്ലാത്തവനോ, വികസിത രാജ്യത്തില്‍ ജീവിക്കുന്നവനോ അവികസിത രാജ്യത്ത് ജീവിക്കുന്നവനോ എന്ന വ്യത്യാസമൊന്നും ഇതിലില്ല. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആളുകളിലുള്ള അവബോധം വളരെ കുറവാണെന്നുതന്നെ പറയേണ്ടി വരും. അതിനുവേണ്ടി സഹായം സ്വീകരിക്കാന്‍ പോകുന്ന സമയത്ത് സമൂഹം എങ്ങനെ വീക്ഷിക്കുമെന്ന ചിന്തയാണ് ആദ്യമുണ്ടാകുന്നത്. മനോരോഗമല്ല ശരിക്കും മാനസികാരോഗ്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷേ സമൂഹം അതൊരു രോഗമായി കണ്ട് അതിന്റെ ഭയപ്പെടുത്തുന്ന ചിന്തകളിലാണ് ഇപ്പോഴും.

മാനസികരോഗം എന്നത് ഒട്ടനവധി മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. അമിത ടെന്‍ഷന്‍, ഉത്കണ്ഠ, വിഷാദം, സ്‌ട്രെസ് ഇവയെല്ലാം ഇതിന്റെ ഭാഗമാണ്. ഈ അവസ്ഥകള്‍ അഭിമുഖീകരിക്കുന്ന ഒരാളെ സമൂഹം ശരിയായ രീതിയില്‍ വിലയിരുത്തപ്പെടുന്നുണ്ടോയെന്നതും വിശകലനം ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഒരാള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ അതത്ര ഗൗരവമായി പലപ്പോഴും എടുക്കാറില്ലെന്നതാണ് വാസ്തവം. ഇതൊരു മടിയാണെന്നോ സൗകര്യങ്ങള്‍ കൂടിപ്പോയതിന്റെ അഹങ്കാരമാണെന്നോ അല്ലെങ്കില്‍ നല്ല തല്ല് കിട്ടാത്തതിന്റെ കുറവായോ ഒക്കെയാണ് പലപ്പോഴും വിലയിരുത്താറ്. ഇത് ഡിപ്രഷന്റെ തുടക്കമാണെന്നു തിരിച്ചറിഞ്ഞ് അവസ്ഥ സങ്കീര്‍ണമാകുന്നതിനു മുന്‍പുതന്നെ സ്വയം തിരുത്തിപ്പോകേണ്ടതാണ്. നേരത്തേ തിരിച്ചറിഞ്ഞാല്‍ മനോരോഗ വിദഗ്ധനെയോ മാനസികാരോഗ്യ ചികിത്സകനെയോ കാണാതെ നമ്മുടെ ദിനചര്യകളില്‍ മാറ്റം വരുത്തിയും ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് മനസ് തിരിച്ചും നമുക്കുതന്നെ ഈ അവസ്ഥയില്‍നിന്ന് സ്വയം പുറത്തുകടക്കാനാകും.

ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരേ പോലെ കാണുന്ന സമീപനമാണ് സര്‍ക്കാര്‍ തലത്തിലുള്ള പല നയങ്ങളിലും കാണുന്നത്. അങ്ങനെയല്ല, കുറച്ചുകൂടി വ്യത്യസ്ത രീതിയിലാകണം മാനസികാരോഗ്യത്തെ കാണേണ്ടത്

സര്‍ക്കാരിനുമുണ്ട് ഉത്തരവാദിത്തം

മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. മെന്റെല്‍ ഹെല്‍ത്ത് നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മാനസിക അസുഖങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ക്കാണ്. സര്‍ക്കാര്‍ ഇപ്പോഴും ചിന്തിക്കുന്നതും ഈ തരത്തില്‍തന്നെയാണ്. ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരേപോലെ കാണുന്ന സമീപനമാണ് സര്‍ക്കാര്‍തലത്തിലുള്ള പല നയങ്ങളിലും കാണുന്നത്. അങ്ങനെയല്ല, കുറച്ചുകൂടി വ്യത്യസ്ത രീതിയിലാകണം മാനസികാരോഗ്യത്തെ കാണേണ്ടത്.

ഒരു വ്യക്തി വളര്‍ന്നുവരുന്ന സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസം, ജോലി, സമൂഹവുമായുള്ള ഇടപഴകല്‍, വൈകാരികാവസ്ഥ എന്നിവ പ്രധാനമാണ്. അതോടൊപ്പം ചുറ്റുവട്ടത്ത് ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുകയെന്നതും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്. സര്‍വോപരി നല്ല വിദ്യാഭ്യാസം കൊടുക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയില്‍ വരുന്നതാണ്. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും ടെക്‌നോളജി അഡിക്ഷനുമെല്ലാം കൂടിവരുന്ന സാഹചര്യത്തില്‍ ഇവയുടെ ദൂഷ്യവശങ്ങളെപ്പറ്റിയുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിച്ച് ഇവ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കണമെന്ന അറിവ് ഉണ്ടാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്.

മാനസികാരോഗ്യം നിലനിര്‍ത്താം

ശരിയായ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനം നമ്മള്‍ നമ്മളെത്തന്നെ മനസിലാക്കുകയെന്നതാണ്. നമ്മുടെ കഴിവുകള്‍ മനസിലാക്കുക. ആ കഴിവില്‍നിന്നാണ് നമുക്കൊരു ഉണര്‍വും ആത്മവിശ്വാസവുമുണ്ടാകുന്നത്. മാനസിക പിരിമുറുക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതിനെ നേരിടാനും എല്ലാവര്‍ക്കും ഒരുപോലെ സാധിക്കില്ല. പിരിമുറുക്കത്തില്‍നിന്ന് തിരിച്ചുവരാനുള്ള കഴിവ് പലര്‍ക്കും പല തരത്തിലായിരിക്കാം. ഈ സമയത്ത് മനസിന്റെ ശക്തി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ ഏര്‍പ്പെടേണ്ടി വരും.

പിരിമുറുക്കം കുറയ്ക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ നമുക്കുതന്നെ സ്വയം കണ്ടെത്താം. ദിനചര്യ ക്രമീകരിക്കുക, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക, എന്തെങ്കിലും വ്യായാമ രീതികളില്‍ ഏര്‍പ്പെടുക ഇതിനൊക്കെ സ്ഥിരതയുണ്ടെങ്കില്‍ മാനസികാരോഗ്യവും മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളുണ്ടാകും. മനസിനെ നമ്മള്‍ ആരോഗ്യപരമായി സൂക്ഷിക്കുകയാണെങ്കില്‍ പെട്ടെന്നുതന്നെ പിരിമുറുക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍നിന്ന് നമുക്ക് തിരിച്ചു വരാനാകും.

മാനസികാരോഗ്യം തകരാറിലാണോ? അറിയാം, വരുത്താം മാറ്റങ്ങള്‍
'യുവതിയുടെ മാനസിക, സാമ്പത്തിക നില പ്രധാനം'; ആറ് മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ വിവാഹിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

മാനസികാരോഗ്യം തകരുകയാണോ, മനസിലാക്കാം

പിരിമുറുക്കമുണ്ടാകുന്ന സാഹചര്യങ്ങള്‍ കൂടിക്കൂടി വരികയാണെങ്കില്‍ അത് ക്രമേണ നമ്മുടെ കൈയില്‍ നില്‍ക്കാത്ത തരത്തില്‍, എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാം. ഡിപ്രഷന്‍ ഇതുപോലുള്ള ഒരവസ്ഥയാണ്. ഇതിനെ വിളിക്കുന്നതുതന്നെ കോമണ്‍ കോള്‍ഡ് എന്നാണ്. ഇത് എത്രമാത്രം കൂടിനില്‍ക്കുന്നുവെന്നതാണ് നോക്കേണ്ടത്.

ഒരു പ്രത്യേക പരിധിയിലും കൂടിനില്‍ക്കുമ്പോള്‍ അതിനെ നമ്മള്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നു. ലക്ഷണംവച്ച് തന്നെ നമുക്ക് ഇത് മനസിലാക്കാവുന്നതേയുള്ളൂ. രാവിലെ എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല, നല്ല ഉറക്കം ലഭിക്കുന്നില്ല, ദിനചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല, മനസ്സിന് സന്തോഷം ലഭിക്കുന്നില്ല, ഭക്ഷണത്തോട് വിരക്തി, ജോലിയോട് താല്‍പ്പര്യമില്ലായ്മ, നെഗറ്റീവ് ചിന്തകളുടെ വേട്ടയാടല്‍ ഈ അവസ്ഥ കൂടുതല്‍നിന്ന് കഴിഞ്ഞാല്‍ പ്രശ്‌നമാണ്.

മാറ്റി നിര്‍ത്താം ഓഫിസ് സ്‌ട്രെസും

വെള്ളം കുടിച്ചാല്‍ ദാഹം മാറുമെന്ന് ശരീരത്തിന്റെ അവസ്ഥയ്ക്കു പറയാം, എന്നാല്‍ മാനസികാവസ്ഥ പെട്ടെന്ന് സൃഷ്ടിക്കപ്പെടുന്നതോ പരിഹരിക്കാവുന്നതോ ആയ ഒന്നല്ല. വ്യക്തിയുടെ വ്യക്തിത്വം വളരെ പ്രധാനപ്പെട്ടതാണ്. ഉത്കണ്ഠ, സ്‌ട്രെസ് എന്നതൊക്ക വളരെ നേരത്തേ പ്രത്യക്ഷപ്പെട്ടതാകാം. എന്നാല്‍ അങ്ങനെ അല്ലാത്ത സാഹചര്യങ്ങളുമുണ്ടാകാം. ഓഫിസിലെ ഒരു സഹപ്രവര്‍ത്തകന്റെ അപകടവാര്‍ത്ത, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടിയ പ്രമോഷന്‍ എന്നിവയൊക്കെ ഓരോ വ്യക്തിയുടെയും മനസില്‍ വ്യത്യസ്തമായാകാം രൂപപ്പെടുന്നത്.

ഓഫിസില്‍ പലപ്പോഴുമുണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മള്‍ട്ടി ടാസ്‌കിങ്. ഇതെല്ലാവര്‍ക്കും ഒരുപോലെ ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. ഇവിടെ നമ്മള്‍ ചെയ്യേണ്ടത് ടെന്‍ഷനാകാതെ ജോലിയുടെ പ്രാധാന്യമനുസരിച്ച് ആദ്യം ചെയ്യേണ്ടത് തിരഞ്ഞെടുക്കുക എന്നതാണ്.

മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഏറ്റവും സുരക്ഷിതമായ ഒരിടമായിരിക്കും നമ്മള്‍ അന്വേഷിക്കുന്നത്. ഓഫിസില്‍ നിങ്ങള്‍ക്ക് അങ്ങനെയൊരു സ്ഥലം കണ്ടെത്താം, ഏറ്റവും ശാന്തമായി വിശ്രമിക്കാന്‍ പറ്റിയ ഒരു സ്ഥലം, അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടഒരാളെ വിളിച്ച് മനസ് ഒന്നു ശാന്തമാകാനായി സംസാരിക്കാം, അല്ലെങ്കില്‍ ഒന്നു വാഷ്‌റൂമിലൊക്കെ പോയി മുഖം കഴുകി ഫ്രഷ് ആകാം, കൂളറിനടുത്തു പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ച് അല്‍പം റിലാക്‌സ് ചെയ്യാം. നിങ്ങളുടെ പിരിമുറുക്കത്തിന് ഫലം ലഭിക്കുമെന്ന് തോന്നുന്ന ഏറ്റവും അനുയോജ്യമായ സാഹചര്യം കണ്ടെത്തി മനസിനെ വിശ്രാന്തിയിലാക്കാം.

logo
The Fourth
www.thefourthnews.in