നീണ്ടുനില്‍ക്കുന്ന ചുമയും രാത്രിയിലെ വിയര്‍പ്പും ക്ഷയരോഗ ലക്ഷണമാകാം; രോഗികള്‍ അധികവും ഇന്ത്യയില്‍

നീണ്ടുനില്‍ക്കുന്ന ചുമയും രാത്രിയിലെ വിയര്‍പ്പും ക്ഷയരോഗ ലക്ഷണമാകാം; രോഗികള്‍ അധികവും ഇന്ത്യയില്‍

'അതേ, ടിബി നമുക്ക് അവസാനിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിന്‌റെ പ്രമേയം

നമ്മുടെ ശരീരത്തിന്‌റെ ഏത് ഭാഗത്തെയും ബാധിക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ക്ഷയം. ക്ഷയരോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന്‌റെ ഭാഗമായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്.

2022-ല്‍ ലോകത്താകമാനം 74 ലക്ഷം പേര്‍ക്ക് ക്ഷയരോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. 13 ലക്ഷംപേരാണ് 2022-ല്‍ ലോകത്താകമാനം ക്ഷയരോഗം കാരണം മരണമടഞ്ഞത്. കോവിഡ്-19 ക്ഷയരോഗം കാരണമുള്ള മരണനിരക്ക് വര്‍ധിപ്പിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. കോവിഡിനു മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് 2020നും 22നും ഇടയില്‍ 60,000 പേര്‍ അധികമായി ഇന്ത്യയില്‍ ക്ഷയരോഗം കാരണം മരണപ്പെട്ടിട്ടുണ്ട്.

2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അഞ്ച് ലക്ഷം പേരെങ്കിലും ക്ഷയരോഗത്താല്‍ മരിച്ചതിനു കാരണം കോവിഡാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ്-19 കഴിഞ്ഞാല്‍ രണ്ടാമത്തെ പകര്‍ച്ചവ്യാധിയായി ക്ഷയരോഗത്തെയാണ് കാണുന്നത്. പൂര്‍ണമായും ഭേദപ്പെടുത്താനും പ്രതിരോധിക്കാനും കഴിയുന്ന ഒരു രോഗമാണ് ക്ഷയം.

ലോകത്തില്‍ ഏററവുമധികം ക്ഷയരോഗികളുള്ള രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ആകെയുള്ള ക്ഷയരോഗ കേസുകളില്‍ 27 ശതമാനവും ഇന്ത്യയിലാണെന്നാണ് 192 രാജ്യങ്ങളില്‍നിന്നുള്ള ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ക്ഷയരോഗ കേസുകളുടെ എണ്ണം കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2015-ല്‍ ഇന്ത്യയിലെ ഒരുലക്ഷം പേരുടെ കണക്കെടുത്താല്‍ അതില്‍ 258 രോഗികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരുലക്ഷം പേരില്‍ 199 ആയി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് ആഗോള ശരാശരിയായ 133നെക്കാള്‍ അധികമാണ്.

'അതേ, ടിബി നമുക്ക് അവസാനിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിന്‌റെ പ്രമേയം.

നീണ്ടുനില്‍ക്കുന്ന ചുമയും രാത്രിയിലെ വിയര്‍പ്പും ക്ഷയരോഗ ലക്ഷണമാകാം; രോഗികള്‍ അധികവും ഇന്ത്യയില്‍
കോവിഡ്- 19 ബാധിതര്‍ ശ്രദ്ധിക്കുക; ഗുരുതര ഹൃദയപ്രശ്‌നങ്ങള്‍ ബാധിക്കാമെന്ന് ഗവേഷകര്‍

എന്തുകൊണ്ട് ക്ഷയം?

നേരത്തേ പറഞ്ഞതുപോലെ ശരീരത്തിന്‌റെ ഏതുഭാഗത്തേയും ക്ഷയരോഗം ബാധിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗകാരണം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച ആളുടെ ചുമ, തുമ്മല്‍, തുപ്പല്‍ തുടങ്ങിയവയിലൂടെ രോഗാണു വായുവില്‍ പടരുന്നു. ഈ രോഗാണുക്കളെ വളരെക്കുറച്ച് ശ്വസിച്ചാലും രോഗം ബാധിക്കും. മുതിര്‍ന്നവരെയാണ് കൂടുതലായി ബാധിക്കുന്നതെങ്കിലും കുട്ടികളും ഇരകളാകുന്നുണ്ട്.

സാധാരണഗതിയില്‍ ആറുമാസംകൊണ്ട് ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകും. എന്നാല്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നാല്‍ രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിച്ച് മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‌റ് ടിബിക്ക് കാരണമാകും.

രോഗസാധ്യത ആര്‍ക്കൊക്കെ?

പ്രമേഹം, വൃക്കരോഗം, കാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്ഷയരോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. പുകവലിക്കുന്നവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരും തിങ്ങിക്കൂടിയ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും അപകടസാധ്യതാ ഗണത്തില്‍ പെടുന്നുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും രോഗസാധ്യത കൂടിയ വിഭാഗത്തില്‍ പെടുന്നുണ്ട്.

ശ്രദ്ധിക്കേണ്ടവ

ചുമയാണ് പ്രധാന ലക്ഷണം. രണ്ടാഴ്ചയിലധികം തുടര്‍ച്ചയായി ചുമയ്ക്കുന്നുണ്ടെങ്കില്‍ ക്ഷയരോഗത്തിന്‌റെ ലക്ഷണമല്ലെന്ന് ഉറപ്പിക്കണം. ക്ഷീണം, രാത്രിയിലെ വിയര്‍പ്പ്, പനി, വിശപ്പും ശരീരഭാരവും കുറയുക, നീണ്ടുനില്‍ക്കുന്ന ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഏത് അവയവയത്തെയാണോ രോഗം ബാധിക്കുന്നത് അതുമായി ബന്ധപ്പെട്ടാകും ലക്ഷണങ്ങള്‍ പ്രകടമാകുക. ലിംഫ് നോഡുകള്‍ വീര്‍ക്കുക, സന്ധിവേദന, വയറുവേദന, തലവേദന, അപസ്മാരം എന്നിവയും പ്രത്യക്ഷമാകാം.

നീണ്ടുനില്‍ക്കുന്ന ചുമയും രാത്രിയിലെ വിയര്‍പ്പും ക്ഷയരോഗ ലക്ഷണമാകാം; രോഗികള്‍ അധികവും ഇന്ത്യയില്‍
ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍

എങ്ങനെ കണ്ടെത്താം?

ക്ഷയരോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നതെന്നതനുസരിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. സ്മിയര്‍ മൈക്രോസ്‌കോപ്പി, ജീന്‍ എക്‌സ്‌പെര്‍ട്ട് എക്‌സ് റേ എന്നിവയാണ് പ്രധാനമായും രോഗസ്ഥിരീകരണത്തിന് ഉപയോഗിക്കുന്നത്. കഫ പരിശോധനയ്ക്കായി സ്മിയര്‍ മൈക്രോസ്‌കോപ്പി, ജീന്‍ എക്‌സ്‌പെര്‍ട്ട് എന്നീ പുതിയ മോളിക്യുലാര്‍ രീതികളാണ് പ്രയോജനപ്പെടുത്തുന്നത്. എക്‌സ്ട്രാ പള്‍മണറി ടിപി നിര്‍ണയിക്കാനായി സിടി സ്‌കാന്‍, എംആര്‍ഐ, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവ ഉപയോഗിക്കാം.

രോഗം സ്ഥിരീകരിച്ചാല്‍

ക്ഷയരോഗം സ്ഥിരീകരിച്ചാല്‍ ആദ്യം ജില്ലാ ആരോഗ്യകേന്ദ്രത്തെ അറിയിക്കണം. ആ രോഗിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും രോഗനിര്‍ണയവും ചികിത്സയും സൗജന്യമാണ്. ഡോട്‌സ് ചികിത്സ പ്രകാരം ആറുമാസം തുടര്‍ച്ചയായി മരുന്ന് കഴിക്കണം. രോഗി മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണവുമുണ്ട്. രോഗിയുടെ ചികിത്സാവിവരങ്ങള്‍ ഇവര്‍ സൂക്ഷിച്ചുവയ്ക്കാറുണ്ട്.

ആന്‌റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ ഭേദപ്പെടുത്തും. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങി മറ്റ് ശരീരഭാഗങ്ങളെ ബാധിക്കുന്ന ടിബിക്ക് ചിലപ്പോള്‍ ചികിത്സയുടെ കാലയളവ് കൂടാം.

logo
The Fourth
www.thefourthnews.in