തുറന്ന ജയിലായും ശവപ്പറമ്പായും പലസ്തീൻ; ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍

തുറന്ന ജയിലായും ശവപ്പറമ്പായും പലസ്തീൻ; ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍

1948ല്‍ ഇസ്രയേല്‍ രൂപം കൊണ്ടത് മുതലുള്ള ഇസ്രയേല്‍ പലസ്തീന്‍ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ അദ്ധ്യായമാണ് ഇത്തവണ ഉണ്ടായത്

നൂറു ദിവസങ്ങള്‍ക്ക് ഗാസ ഇങ്ങനെ ആയിരുന്നില്ല, ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തിയ ആക്രമണങ്ങള്‍ ആ നാടിനെ തന്നെ ഇല്ലാതാക്കിക്കഴിഞ്ഞു. വംശഹത്യയെന്ന് വിളിക്കാവുന്ന നിലയിലേക്ക് കടന്നിട്ടും ലോകം കണ്ണടയ്ക്കുന്ന ഗാസയിലെ ആക്രമണങ്ങള്‍ ഇന്ന് 100ാം ദിവസത്തിലേക്ക് കടക്കുന്നു.

1948ല്‍ ഇസ്രയേല്‍ രൂപം കൊണ്ടത് മുതലുള്ള ഇസ്രയേല്‍-പലസ്തീന്‍ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ അദ്ധ്യായമാണ് ഇത്തവണത്തേത്. ഇസ്രയേല്‍ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീന്‍ ജനതയ്ക്ക് നടത്തേണ്ടിവന്ന പലായനത്തെ അനുസ്മരിപ്പിക്കുന്ന നക്ബയ്ക്ക് സമാനമായ അവസ്ഥയാണ് ഗാസയ്ക്കുണ്ടായിരിക്കുന്നത്. ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948ലെ പലസ്തീന്‍ യുദ്ധത്തെത്തുടര്‍ന്ന് പലസ്തീന്‍ ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടത്.

എന്നാല്‍ ഇതുവരെയുള്ള ആക്രമണങ്ങളുടെ സ്വഭാവം നോക്കുമ്പോള്‍ ഇപ്പോഴത്തെ യുദ്ധത്തിന് പെട്ടെന്നൊരു അവസാനമുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളിലൂടെയാണ് ചെറിയ ഇടവേളക്ക് ശേഷം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. അല്‍ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഈ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ഹോളോകോസ്റ്റിന് ശേഷം ജൂതന്മാര്‍ നേരിടുന്ന കടുത്ത ആക്രമണമായിരുന്നു ഇത്.

ഇതിനോട് പ്രതികരിച്ച ഇസ്രയേല്‍ യുദ്ധത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് മാത്രമല്ല, മനുഷ്യത്വരഹിതമായ കിരാത പ്രവൃത്തികളാണ് ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതെങ്കിലും പിന്നെ അത് കരയാക്രമണത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഹമാസിനെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ഇസ്രയേല്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. നവജാതശിശുക്കള്‍, ഗര്‍ഭിണികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലസ്തീനിലെ കുറഞ്ഞത് 23,843 പേരെയാണ് കൊലപ്പെടുത്തിയത്.

തുറന്ന ജയിലായും ശവപ്പറമ്പായും പലസ്തീൻ; ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍
യെമനിലെ ഹൂതികള്‍ക്ക് നേരെ വീണ്ടും യുഎസ് ആക്രമണം, ചെങ്കടലിലെ സൈനിക നീക്കങ്ങള്‍ക്ക് കാരണം

ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണമാകട്ടെ 60,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഗാസയിലെ ജനസംഖ്യയുടെ ഒരു ശതമാനമാനത്തോളമാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരെ കാണാതാകുകയും ചെയ്തു. 80 ശതമാനം പേര്‍ കുടിയിറക്കപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ തെക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ആദ്യനാളുകളില്‍ സുരക്ഷിതമെന്ന് കരുതിയ തെക്കന്‍ ഗാസയാകട്ടെ ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യ സ്ഥാനവുമാണ്. പലായനം ചെയ്യേണ്ടവരോട് തെക്കന്‍ ഗാസയിലേക്ക് പ്രവേശിക്കാനായിരുന്നു ഇസ്രയേല്‍ ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍ പിന്നീട് തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

2024ലും ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചന ഈ വര്‍ഷാരംഭത്തില്‍ തന്നെ നല്‍കിയിട്ടുമുണ്ട്. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെയും, ഹമാസിനെ ഇല്ലാതാക്കുന്നത് വരെയും യുദ്ധം കുറച്ച് മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായം. 2007ല്‍ പലസ്തീനെ ഹമാസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഗാസയുടെ സ്ഥിതി മോശമായിരുന്നുവെങ്കിലും ഒക്ടോബര്‍ ഏഴിന് ശേഷം അത് ഭീകരമാകുകയായിരുന്നു. ആധുനിക ലോകത്തെ ഏറ്റവും വലിയ ബോംബാക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ പ്രയോഗിച്ചത്. നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകളാണ് ഇസ്രയേല്‍ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിയിലടക്കം പ്രയോഗിച്ചത്. പകുതിയോളം കെട്ടിടങ്ങളാണ് ഇതിനോടകം നശിക്കപ്പെട്ടത്.

വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം തുടങ്ങി മാനുഷിക ആവശ്യങ്ങള്‍ പോലും ഇസ്രയേല്‍ കടത്തിവിടാന്‍ സമ്മതിച്ചിരുന്നില്ല. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍, വടക്കും കിഴക്കും ഇസ്രയേല്‍, തെക്ക് ഈജിപ്ത്. ഇതാണ് ഗാസ മുനമ്പിന്റെ അതിര്‍ത്തികള്‍. ഗാസയില്‍ നിന്ന് പുറം ലോകത്തേക്ക് മൂന്ന് വഴികള്‍ മാത്രം. ഇസ്രയേല്‍ നിയന്ത്രിക്കുന്ന കരേം അബു സലേം ക്രോസിംഗും, എറെസ് ക്രോസിങ്ങും ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള റഫ ക്രോസിങ്ങും. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിര്‍ത്തി ഈജിപ്ത് അടച്ചതോടെ ഗാസയിലെ സാധാരണക്കാരുടെ അവശ്യവസ്തുക്കളുടെ കൈമാറ്റവും നിശ്ചലമാകുകയായിരുന്നു. പിന്നീട് ഇസ്രയേലും ഈജിപ്തും അമേരിക്കയും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ പ്രകാരമാണ് സഹായവുമായെത്തിയ ട്രക്കുകള്‍ കടക്കാനുള്ള അനുമതി നല്‍കിയത്.

ഗാസയിലെ കാല്‍ ഭാഗം മനുഷ്യരും പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭ സൂചിപ്പിക്കുന്നത്. 36 ആശുപത്രികളില്‍ 15 ആശുപത്രികളും പ്രവര്‍ത്തനക്ഷമമായി. ആശുപത്രികളെ പോലും വെറുതെ വിടാതെയുള്ള ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിക്കൊണ്ടിരുന്നത്. മധ്യ ഗാസയിലെ അല്‍ അഖ്സ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രണത്തില്‍ 600-ന് മുകളിലുള്ള രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരെയും കാണാതായി. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നോ എവിടെ മാറ്റിയെന്നോ ഇതുവരെ അറിഞ്ഞിട്ടില്ല. കൂടാതെ അല്‍ ഷിഫ ആശുപത്രിയില്‍ കൂട്ടത്തോടെ ഇസ്രേയേല്‍ സൈന്യം ഇരച്ചുകയറിയ ചിത്രങ്ങളും വൈറലായിരുന്നു.

തുറന്ന ജയിലായും ശവപ്പറമ്പായും പലസ്തീൻ; ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍
'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മാലദ്വീപ് പ്രസിഡന്റ്

ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അല്‍ അഹ്ലി അറബ് ആശുപത്രി, അല്‍ശിഫ, ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി തുടങ്ങിയ ആശുപത്രികളില്‍ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു അരങ്ങേറിയത്. അഭയാര്‍ത്ഥി ക്യാമ്പുകളെയും വെറുതെവിട്ടില്ല. ഗാസയിലെ അല്‍ നുസൈറത് അഭയാര്‍ത്ഥി ക്യാമ്പ്, ജബലിയ അഭയാര്‍ത്ഥി ക്യാമ്പ്, സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ തുടങ്ങി നിരവധി ക്യാമ്പുകളാണ് ആക്രണത്തിന് ഇരയായത്. മാസങ്ങളായി സ്‌കൂള്‍ വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടതോടെ കുട്ടികളുടെ പ്രാഥമിക അവകാശങ്ങളും ഇല്ലാതായിരിക്കുകയാണ്.

ഇസ്രയേലും ഹമാസും തമ്മില്‍ മാത്രമല്ല സംഘര്‍ഷം നടക്കുന്നത്. എല്ലായ്‌പ്പോഴും ഇസ്രയേലിനെ പിന്തുണക്കുന്ന അമേരിക്ക യുദ്ധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ അടക്കം നല്‍കി സഹായിക്കുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ പോലും ഇസ്രയേലിന് വേണ്ടി അമേരിക്ക നിലക്കൊള്ളുന്നത് തന്നെയാണ് ഇസ്രയേലിന്റെ ധൈര്യവും. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തി. ചെങ്കടലില്‍ യെമന്റെ പിന്തുണയുള്ള ഹൂതികള്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തു. ഇതിനെ നേരിടാന്‍ അമേരിക്ക ചെങ്കടലിലേക്ക് യുദ്ധക്കപ്പലുകളും അയച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആഗോളതലത്തില്‍ സ്തംഭനം സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം മുന്നോട്ട് പോകുന്നത്.

പ്രധാനമായും രണ്ട് കരാറുകളാണ് ഈ സംഘര്‍ഷ കാലയളവിലുണ്ടായത്. ഖത്തറിന്റെ നേതൃത്വത്തില്‍ നവംബര്‍ 24ന് നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വരികയായിരുന്നു. കരാര്‍ രണ്ട് ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഡിസംബര്‍ ഒന്നിന് അവസാനിക്കുകയായിരുന്നു. ഈ ദിവസങ്ങളിലാണ് ഇസ്രയേലും ഹമാസും ബന്ദികളാക്കിയവരെ പരസ്പരം വിട്ടയച്ചത്. ഹമാസ് ബന്ദികളാക്കിയ 102 പേരും ഇസ്രയേല്‍ ബന്ദികളാക്കിയ 250ലേറെ പേരെയുമാണ് അന്ന് വിട്ടയച്ചത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ശേഷവും ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്.

തുറന്ന ജയിലായും ശവപ്പറമ്പായും പലസ്തീൻ; ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ 100 നാളുകള്‍
'മോഹഭംഗം വന്ന ചൈന, ജനാധിപത്യത്തെ ചേര്‍ത്തുപിടിച്ച തായ്‌വാന്‍'; ലായുടെ വിജയം ലോകത്തോട് പറയുന്നത്

ഒക്ടോബര്‍ 27ന് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഉടമ്പടിയില്‍ ഒപ്പുവെക്കാതെ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. 120 പേര്‍ അനുകൂലിക്കുകയും 14 പേര്‍ എതിര്‍ക്കുകയും 45 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്ത ഉടമ്പടി വീണ്ടും ഡിസംബറില്‍ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ചു. എന്നാല്‍ ആ സമയത്ത് ഇന്ത്യയടക്കം 123 രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

ഗാസയില്‍ തുടരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസാണ് നിലവിലെ ഏറ്റവും വലിയ പുരോഗതി. തെളിവുകളെ അടിസ്ഥാനമാക്കി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നാണ് ദക്ഷിണാഫ്രിക്ക കോടതിയില്‍ വാദിച്ചത്. എന്നാല്‍ വംശഹത്യ ആരോപണം തെളിവില്ലാത്തതാണെന്നും ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങള്‍ നടത്തുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

സംഘര്‍ഷം 100 ദിവസം പിന്നിടുമ്പോഴും യുദ്ധാനന്തര ഗാസ എന്തായിരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇസ്രയേലിനോ, ലോക രാജ്യങ്ങള്‍ക്കോ നല്‍കാന്‍ സാധിച്ചിട്ടില്ല. എന്ന് അവസാനിക്കുമെന്ന് അറിയാതെ, ഉറ്റവരെയും രാജ്യത്തെയും നഷ്ടപ്പെട്ട് തങ്ങളുടെ കാലത്തെ ഏറ്റവും വലിയ മനുഷ്യത്വരഹിത സമീപനത്തിന് സാക്ഷ്യം വഹിക്കുകയാണ്, തുറന്ന ശ്തമശാനമായി മാറിയ ഗാസയിലെ ജനത.

logo
The Fourth
www.thefourthnews.in