പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അണയാതെ യുഎസ് ക്യാമ്പസുകള്‍; വ്യാപക അറസ്റ്റ് തുടരുന്നു
Justin Sullivan

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അണയാതെ യുഎസ് ക്യാമ്പസുകള്‍; വ്യാപക അറസ്റ്റ് തുടരുന്നു

ഏപ്രിൽ 18 മുതൽ യുഎസ് ക്യാമ്പസുകളിൽ നിന്ന് 700 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ തുടരുന്നു. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇൻഡ്യാന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ശനിയാഴ്ച 200 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പല ക്യാമ്പസുകളിലും സമരത്തെ പോലീസ് സഹായത്തോടെ അധികൃതർ അടിച്ചമർത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 18 മുതൽ യുഎസ് ക്യാമ്പസുകളിൽ നിന്ന് 700 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ പ്രതിഷേധ ക്യാമ്പുകൾ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് തകർത്തെറിഞ്ഞു. പല കേസുകളിലും അറസ്റ്റിലായ ഭൂരിഭാഗം പേരും മോചിതരായിട്ടുണ്ട്. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേണിൽ പ്രതിഷേധക്കാരായ വിദ്യാർഥികൾ ക്യാമ്പസിൻ്റെ സെൻ്റിനിയൽ കോമണിൽ ക്യാമ്പ് സ്ഥാപിച്ചിരുന്നു. പിന്നാലെ നൂറുകണക്കിന് വിദ്യാർഥികൾ പിന്തുണയുമായി എത്തി. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും പല വിദ്യാർഥികളും തയ്യാറായില്ല.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അണയാതെ യുഎസ് ക്യാമ്പസുകള്‍; വ്യാപക അറസ്റ്റ് തുടരുന്നു
വിയറ്റ്നാം യുദ്ധത്തിനെതിരെ തുടങ്ങി ഇസ്രയേൽ വംശഹത്യക്കെതിരെ വരെ; അമേരിക്കയെ വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ

അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ, അനധികൃത ക്യാമ്പ്‌മെൻ്റ് സ്ഥാപിച്ചതിന് 69 പേരെ ശനിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവകലാശാല നയത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിഷേധക്കാർ ക്യാമ്പ് ഉണ്ടാക്കിയെന്നും പിരിഞ്ഞുപോകാൻ പലതവണ നിർദ്ദേശം നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സർവകലാശാല അഭിപ്രായ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷമായി തുടരുമെങ്കിലും പഠനത്തെ പിന്തുണക്കുന സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും കോളേജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥർ 102 പ്രതിഷേധക്കാരെയാണ് വിവിധ പ്രതിഷേധ ക്യാമ്പുകളിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ എത്ര പേർ വിദ്യാർഥികളാണെന്ന് വ്യക്തമല്ല. എന്നാൽ യൂണിവേഴ്സിറ്റി ഐഡി കാണിക്കുന്ന വിദ്യാർത്ഥികളെ വിട്ടയക്കുന്നുണ്ടെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. 'ജൂതന്മാരെ കൊല്ലുക' എന്നിവ ഉൾപ്പടെയുള്ള ക്രൂരമായ യഹൂദവിരുദ്ധ അധിക്ഷേപങ്ങൾ പ്രകടനക്കാർ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉണ്ട്. എന്നാൽ ഇക്കാര്യം വിദ്യാർഥികൾ നിഷേധിച്ചു. ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിംഗ്‌ടണിൽ, ശനിയാഴ്ച 23 പ്രതിഷേധക്കാരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അണയാതെ യുഎസ് ക്യാമ്പസുകള്‍; വ്യാപക അറസ്റ്റ് തുടരുന്നു
അമേരിക്കൻ ക്യാമ്പസുകളിൽ കലാപം പടരുന്നതെന്തിന് ?

രാജ്യത്തുടനീളമുള്ള ക്യാമ്പസ് പ്രതിഷേധം അടിച്ചമർത്താൻ ആഴ്ചകളായി വിവിധ ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. ചില ക്യാമ്പസുകളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാൻ കോളേജ് അധികൃതർ പിൻവാങ്ങുമ്പോൾ സതേൺ കാലിഫോർണിയ, എമോറി യൂണിവേഴ്‌സിറ്റി എന്നിവ പോലെയുള്ള മറ്റ് ക്യാമ്പസുകളിൽ പോലീസ് ക്യാമ്പുകൾ തകർക്കുകയും വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്ത് നീക്കുകയുമാണ്. ചിലയിടങ്ങളിൽ പോലീസ് വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ഹാർവാർഡ് പോലുള്ള സർവകലാശാലകളിൽ പ്രതിഷേധത്തിൽ പങ്കെടുത്താൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കോളേജ് അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി.

logo
The Fourth
www.thefourthnews.in