ഗാസ സര്‍വകലാശാലയ്ക്കു നേരെയുള്ള ബോംബാക്രമണം: ഇസ്രയേലിനോടു വിശദീകരണം തേടി അമേരിക്ക
ഗാസയില്‍ പലസ്തീന്‍ സര്‍വകലാശാലയുടെ ക്യാമ്പസ് കെട്ടിടം ഇസ്രയേല്‍ സേന ആക്രമിച്ചതായി ആരോപണം. കെട്ടിടത്തിന് നേര്‍ക്ക് ബോംബാക്രമണം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക ഇസ്രയേലിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഒറ്റപ്പെട്ട് നില്‍ക്കുന്ന കെട്ടിടത്തിന് നേര്‍ക്ക് ബോംബാക്രമണം നടക്കുന്നതും വലിയ ശബ്ദത്തോടെയും പുകയോടെയും കൂടി തകരുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ഇസ്രയേല്‍ നടത്തിയ ആക്രമണമാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നില്ലെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കിയ ശേഷമാണ് അമേരിക്ക ഇസ്രയേലിന്റെ വിശദീകരണം തേടിയത്.
അതേസമയം അല്‍ അമല്‍ ആശുപത്രിക്ക് സമീപം ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 77 മരണം സ്ഥിരീകരിച്ചുവെന്ന് പലസ്തീനിയിന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഗാസയിലെ 24 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 85 ശതമാനം പേരും കുടിയിറക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ അഭയകേന്ദ്രങ്ങളിലുള്ളവര്‍ ഭക്ഷണം, വെള്ളം, ഇന്ധനം, ആരോഗ്യസേവനം തുടങ്ങിയ അവശ്യസേവനങ്ങളില്‍ വെല്ലുവിളി നേരിടുകയാണ്.
നിലവില്‍ നിരവധിപ്പേര്‍ക്ക് മഞ്ഞപ്പിത്തവും 24 ഓളം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 24620 ഓളം പേരാണ് കൊല്ലപ്പെട്ടത്. 61830 പേര്‍ക്ക് പരുക്കേറ്റു.