അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ
ഫലം നിർണയിക്കുമോ  'ഗർഭച്ഛിദ്രം'?

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുമോ 'ഗർഭച്ഛിദ്രം'?

അമേരിക്കയില്‍ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്

ലോകം ഈ വര്‍ഷം ഉറ്റുനോക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് അമേരിക്കയിലേത്. ഡെമോക്രാറ്റുകള്‍ തുടരുമോ അതോ റിപ്പബ്ലിക്കന്‍ പക്ഷം തിരിച്ചുവരുമോ എന്നൊക്കെ പലകാരണങ്ങളാൽ ലോകം ആകാംക്ഷയോടെ നോക്കിക്കാണുകയാണ്. അതിനിടെ, തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ഗര്‍ഭച്ഛിദ്രമാണെന്ന റിപ്പോര്‍ട്ട് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

1973ലെ സുപ്രധാനമായ ഒരു കേസ് പരിഗണിക്കവേ ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെ അമേരിക്കന്‍ ഭരണഘടന സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഏകദേശം രണ്ട് വര്‍ഷം മുൻപ് ഈ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി ഗർഭച്ഛിദ്രം നടത്താന്‍ ഭരണഘടന അവകാശം നല്‍കുന്നില്ലെന്ന് നിരീക്ഷിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ നിയന്ത്രണം നല്‍കുകയും ചെയ്തു. ഈ വിധി വന്നതോടെ 14 സംസ്ഥാനങ്ങള്‍ ഏകദേശം എല്ലാ സാഹചര്യങ്ങളിലുമുള്ള ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. അമേരിക്കയില്‍ ഗർഭച്ഛിദ്രം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലാണ് പ്രായപൂർത്തിയായ ഭൂരിപക്ഷം സ്ത്രീകളും ജീവിക്കുന്നത്.

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ
ഫലം നിർണയിക്കുമോ  'ഗർഭച്ഛിദ്രം'?
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി പോരില്‍നിന്ന് റോൺ ഡി സാന്റിസ് പിന്മാറി

എന്നാല്‍ 26 സംസ്ഥാനങ്ങളില്‍ ഗർഭച്ഛിദ്രം നിയമപരമാണ്. പതിറ്റാണ്ടുകളായി അമേരിക്കയിലെ പ്രധാന രാഷ്ട്രീയ വിഷയംകൂടിയാണ് ഗർഭച്ഛിദ്രം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ നിലപാടിന്റെ ഭാഗമായും വോട്ടര്‍മാരെ ആകർഷിക്കാനുള്ള തന്ത്രത്തിന്റെയും ഭാഗമായും ഗർഭച്ഛിദ്രത്തിനെതിരെ നിലകൊണ്ടു.

അമേരിക്കയില്‍ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ നടത്തുന്ന ഗർഭച്ഛിദ്രം നിയമപരമായിരിക്കണമെന്നാണ് 69 ശതമാനത്തിന്റെ അഭിപ്രായം. ഗര്‍ഭച്ഛിദ്രം നിയമപരമല്ലെന്നത് തെറ്റായ തീരുമാനമാണെന്ന് 61 ശതമാനവും അഭിപ്രായപ്പെടുന്നുണ്ട്.

നിലവില്‍ അമേരിക്കയിലെ പുതിയ വോട്ടര്‍മാരില്‍ കൂടുതലും സ്ത്രീകളും യുവജനങ്ങളുമാണ്. വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലാത്ത പ്രശ്‌നമായാണ് രജിസ്റ്റര്‍ ചെയ്ത 21 ശതമാനം വോട്ടര്‍മാരും ഗർഭച്ഛിദ്രത്തെ കാണുന്നത്. 2022ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനത്തിലധികം അംഗീകാര റേറ്റിങ് ലഭിച്ചെങ്കിലും നിലവിൽ അത്തരമൊരു തരംഗമില്ലെന്നാണ് റിപ്പോർട്ട്.

2023ല്‍ വെര്‍ജീനിയയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുന്നതിനും ഗർഭച്ഛിദ്രത്തിന് പ്രധാന പങ്കുണ്ട്. ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ കേസിന്റെ വിധിക്ക് ശേഷം ഏഴ് സംസ്ഥാനങ്ങളാണ് ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ജനഹിതത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. കാന്‍സസ്, കെന്‍ടുകി, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പെടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഒഹിയോയിലാകട്ടെ അഞ്ചില്‍ ഒരു റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് ഗർഭച്ഛിദ്രം ഭരണഘടനാപരമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ വര്‍ഷാവസാനം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഗർഭച്ഛിദ്രം പ്രധാന ഘടകമാകുമെന്നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ
ഫലം നിർണയിക്കുമോ  'ഗർഭച്ഛിദ്രം'?
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?

1973ലെ സുപ്രീം കോടതി വിധി വളരെ ദൂരെ പോയെന്ന് വിശ്വസിച്ച ബൈഡന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആ വിധി ശരിയായെന്ന അഭിപ്രായത്തിലാണ്. ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ കേസിനുശേഷം ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഗർഭച്ഛിദ്രാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ്, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ എന്നിവ ഉപയോഗിച്ച് ഗർഭച്ഛിദ്രത്തിനും ഗര്‍ഭനിരോധനത്തിനും സംരക്ഷണം നല്‍കാനും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളെ സംബന്ധിച്ച് ഗര്‍ഭച്ഛിത്രം പ്രധാന പ്രചരണായുധമാകും.

എന്നാല്‍ പതിറ്റാണ്ടുകളായുള്ള റിപ്പബ്ലിക്കന്‍ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ വിധിയിലൂടെ പുറത്തുവന്നത്. വിധി റിപ്പബ്ലിക്കന്‍സ് ആഘോഷിക്കുകയായിരുന്നു. ഒരു ജീവനെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് പൊതുവായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികരിക്കുന്നത്.

ഡോണള്‍ഡ് ട്രംപിന്റെ നിലപാടിലും വലിയ മാറ്റങ്ങളില്ല. സെപ്റ്റംബറില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് തന്റെ സംസ്ഥാനത്ത് ആറാഴ്ചത്തെ ഗർഭച്ഛിദ്ര നിരോധനത്തില്‍ ഒപ്പുവെച്ചതിനെ തെറ്റെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ ജനുവരിയില്‍ ഫോക്‌സ് ന്യൂസ് ടൗണ്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ ഗർഭച്ഛിദ്രത്തില്‍ ചില ഇളവുകള്‍ വരുത്തണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഈ വർഷാവസാനത്തോടെ വരുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഫലത്തില്‍നിന്ന്, ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള അമേരിക്കൻ പൊതുജനതയുടെ ഹിതമെന്താണെന്ന് മനസിലാക്കാം.

logo
The Fourth
www.thefourthnews.in