ബ്രസീല്‍ കലാപം; സൈനിക മേധാവിയെ പുറത്താക്കി പ്രസിഡന്റ് ലുല

ബ്രസീല്‍ കലാപം; സൈനിക മേധാവിയെ പുറത്താക്കി പ്രസിഡന്റ് ലുല

കലാപാസൂത്രണത്തില്‍ സൈന്യത്തിലുള്ളവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും അങ്ങനെയുള്ളവരെ കണ്ടെത്തി പുറത്താക്കുമെന്നും ലുല പറഞ്ഞിരുന്നു

കലാപത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സൈനിക മേധാവിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. കലാപം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ സൈനിക മേധാവി ഹൂലിയോ സീസർ ഡി അരൂഡയയെ നീക്കം ചെയ്തുകൊണ്ടുള്ള പ്രസിഡന്റിന്റെ നടപടി. സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡിന്റെ തലവനായിരുന്ന ജനറൽ ടോമസ് മിഗ്വൽ റിബെയ്‌റോ പൈവയെയാണ് പകരക്കാരനായി ചുമതലയേൽക്കുന്നത്. കലാപാസൂത്രണത്തില്‍ സൈന്യത്തിലുള്ളവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും അങ്ങനെയുള്ളവരെ കണ്ടെത്തി പുറത്താക്കുമെന്നും ലുല പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി നിരവധി സൈനികരെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയെ തന്നെ പുറത്താക്കി കൊണ്ടുള്ള ഉത്തരവുണ്ടാകുന്നത്.

ബ്രസീല്‍ കലാപം; സൈനിക മേധാവിയെ പുറത്താക്കി പ്രസിഡന്റ് ലുല
ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം; പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

സംഭവത്തിൽ മുൻ പ്രസിഡന്റ് ജയീർ ബോൾസനരോയുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കുന്നത് സുപ്രീംകോടതിയാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നിയമസാധുത നിഷേധിച്ചുകൊണ്ട് ബോൾസനാരോ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് കലാപത്തിലേക്ക് നയിച്ചതായി പ്രോസിക്യൂട്ടർമാർ വാദിച്ചു. ബോൾസനാരോയുടെ മുഖ്യ സഖ്യക്ഷിയും മുൻ നീതിന്യായ മന്ത്രിയുമായ ആൻഡേർസൺ ടോറസ്, പോലീസ് പ്രവർത്തനങ്ങളെ അട്ടിമറിച്ചുവെന്ന കേസിൽ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം, പ്രക്ഷോഭത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബോൾസനാരോയുടെ വാദം. പ്രസിഡന്റ് ലുലയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ ഫ്ലോറിഡയിലാണ്.

ബ്രസീല്‍ കലാപം; സൈനിക മേധാവിയെ പുറത്താക്കി പ്രസിഡന്റ് ലുല
ബ്രസീലിലെ കലാപശ്രമം: മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുളള അടിസ്ഥാന രഹിതമായ ബോൾസനാരോയുടെ ആരോപണങ്ങളാണ് കലാപത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കു വഹിച്ചതെന്നാണ് കരുതപ്പെടുന്നത്. കൂടാതെ അഴിമതിക്കേസിൽ ജയിൽവാസം അനുഭവിച്ച ലുല, വീണ്ടും അധികാരത്തിലെത്തിയതും പല വലതുപക്ഷ നേതാക്കൾക്കും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. അഴിമതി ആരോപണത്തിൽ കുടുങ്ങി ജയിലിൽ കിടന്നുവെങ്കിലും പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ബ്രസീല്‍ കലാപം; സൈനിക മേധാവിയെ പുറത്താക്കി പ്രസിഡന്റ് ലുല
ജനാധിപത്യ സമ്പ്രദായങ്ങള്‍ എല്ലാവരും മാനിക്കണമെന്ന് നരേന്ദ്ര മോദി; ബ്രസീല്‍ കലാപത്തെ അപലപിച്ച് ലോക നേതാക്കള്‍

ജനുവരി എട്ടിന് പാർലമെന്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ തീവ്ര വലതുപക്ഷ നേതാവ് ജയീർ ബോൾസെനാരോയുടെ അനുയായികളായ ആയിരങ്ങളാണ് പങ്കെടുത്തത്. തലസ്ഥാന നഗരിയിലേക്ക് ഇരച്ചെത്തിയ അക്രമികൾ പാർലമെന്റ്, സുപ്രീംകോടതി, പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ ആക്രമിച്ചു. അക്രമികളെ നേരിടാൻ സൈന്യമിറങ്ങിയതോടെ, തെരുവുകൾ സംഘർഷഭരിതമായി. കലാപത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും സുപ്രീംകോടതിക്കും മറ്റ് ഭരണ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏകദേശം 2000 പേരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതിൽ 1200 പേർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുന്നതായി ബ്രസീൽ ഫെഡറൽ പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in