'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ

'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ

വീടിന് പുറത്ത് ഇറങ്ങിയിട്ട് നാലഞ്ചു ദിവസമായെന്നും തൊട്ടടുത്ത പ്രദേശങ്ങളില്‍ ബോംബാക്രമണവും ഷെൽ ആക്രമണവും പതിവാണെന്നും പ്രഭു പറയുന്നു

സൈന്യവും അർധസൈനികവിഭാഗവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സുഡാനിലെ എല്‍-ഫഷര്‍ നഗരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള 31 ആദിവാസികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കർണാടക ദാവൻഗരെ ജില്ലയിലെ ചന്നഗിരി നിവാസിയായ എസ് പ്രഭുവാണ് വിവരം ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. വീടിന് പുറത്ത് ഇറങ്ങിയിട്ട് നാലഞ്ചു ദിവസമായെന്നും തൊട്ടടുത്ത പ്രദേശങ്ങളില്‍ ബോംബാക്രമണവും ഷെൽ ആക്രമണവും പതിവാണെന്നും പ്രഭു പറയുന്നു.

36 കാരനായ പ്രഭുവും ഭാര്യ സോണിയയും ആയുർവേദ ഉത്പ്പന്നങ്ങൾ വിൽക്കാനായി പത്ത് മാസം മുൻപാണ് സുഡാനിലെത്തിയത്

ഭക്ഷണവും കുടിവെള്ളവും ലഭിക്കാനുള്ള സൗകര്യമില്ലാതെ ഇവർ ഒരു വാടക വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വെടിയൊച്ചയും ഷെല്ലാക്രമണവും എപ്പോഴും കേൾക്കാം. ഞങ്ങളുടെ പ്രശ്‌നങ്ങളോട് ആരും പ്രതികരിക്കുന്നില്ലെന്നും എങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. 36 കാരനായ പ്രഭുവും ഭാര്യ സോണിയയും ആയുർവേദ ഉത്പ്പന്നങ്ങൾ വിൽക്കാനായി പത്ത് മാസം മുൻപാണ് സുഡാനിലെത്തിയത്. ഇവയ്ക്ക് സുഡാനിലും ആഫ്രിക്കയിലും വലിയ ഡിമാൻഡുണ്ടെന്ന് കേട്ടാണ് അങ്ങോട്ടേക്ക് പോയതെന്ന് പ്രഭു പറയുന്നു. ഹക്കി-പിക്കി ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് ഇവർ. 

'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘർഷം; 56 പേർ കൊല്ലപ്പെട്ടു, 500ലധികം പേർക്ക് പരുക്ക്

നൂറുകണക്കിന് ഇന്ത്യക്കാരാണ് സുഡാനിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് ഇവർ പറയുന്നു. ചെറിയ കുട്ടികളെ ഇന്ത്യയില്‍ വിട്ട് ഞാനും ഭാര്യയും ഇവിടെ വന്നത് അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താനാണ് എന്നാല്‍ സുഡാനില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് പ്രഭു നിസ്സഹായതയോടെ പറയുന്നു. ''മൂന്ന് ദിവസമായി ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട്. താമസിക്കുന്ന കെട്ടിടത്തിനടുത്തുള്ള വാട്ടർ ടാങ്ക് വറ്റിത്തുടങ്ങിയിരിക്കുന്നു. കുടിക്കാനല്ലാതെ മറ്റൊരാവശ്യത്തിനും വെള്ളം ഉപയോഗിക്കുന്നില്ലെന്നും ഇവർ പറയുന്നു. 

'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

കുടുങ്ങിയവരിൽ അഞ്ച് പേർ ചന്നഗിരിയിൽ നിന്നും ഏഴ് പേർ ശിവമോഗയിൽ നിന്നും 19 പേർ മൈസൂരിലെ ഹുൻസൂർ താലൂക്കിൽ നിന്നുമുള്ളവരാണ്. അതേസമയം കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ രക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കമ്മീഷണർ മനോജ് രാജൻ അറിയിച്ചു.

സുഡാനിൽ സൈന്യവും അർധസൈനികവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ 56 സാധാരണക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 500 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സൈന്യവും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡൻഷ്യൽ കൊട്ടാരം, സ്റ്റേറ്റ് ടിവി, സൈനിക ആസ്ഥാനം എന്നിവിടങ്ങളിൽ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പടെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തിരുന്നു.

'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ
സുഡാനില്‍ താത്കാലിക ആശ്വാസം: മൂന്ന് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

സ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഏറ്റുമുട്ടലിന് താത്കാലിക ആശ്വാസമുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു താത്കാലിക വെടിനിർത്തൽ. ഐക്യരാഷ്ട്ര സഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കൂടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

'ഭക്ഷണവും വെള്ളവുമില്ല'; സുഡാനിൽ കുടുങ്ങി കർണാടക സ്വദേശികളായ 31 ആദിവാസികൾ
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്

ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ ആണ് കൊല്ലപ്പെട്ടത്. സുഡാനിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യൻ പൗരൻ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. സുഡാനിലെ ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ആൽബർട്ടിന് ശനിയാഴ്ട രാത്രി ഫ്ലാറ്റിനകത്ത് വെച്ച് വെടിയേൽക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in