ബിബിസി ഓഫീസുകളിലെ റെയ്ഡ്: പരിശോധനയെ പറ്റി ബോധവാന്മാരെന്ന് അമേരിക്ക

ബിബിസി ഓഫീസുകളിലെ റെയ്ഡ്: പരിശോധനയെ പറ്റി ബോധവാന്മാരെന്ന് അമേരിക്ക

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെയും പ്രാധാന്യം അമേരിക്ക എക്കാലത്തും മുറുകെ പിടിക്കുമെന്ന് യു എസ് വക്താവ്

ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ പ്രതികരണവുമായി അമേരിക്ക. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ നടക്കുന്ന പരിശോധനകളെ പറ്റി അമേരിക്ക ബോധവാന്മാരാണെന്നും ഇപ്പോഴതില്‍ അഭിപ്രായം പറയുന്നില്ലെന്നും യു എസ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സ്വതന്ത്ര മാധ്യമത്തിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിബിസി ഓഫീസുകളിലെ റെയ്ഡ്: പരിശോധനയെ പറ്റി ബോധവാന്മാരെന്ന് അമേരിക്ക
ബിബിസിയിലെ ആദായ നികുതി വകുപ്പ് പരിശോധന പത്ത് മണിക്കൂര്‍ പിന്നിട്ടു; നടപടികള്‍ നിരീക്ഷിക്കുന്നെന്ന് യുകെ

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെയും പ്രാധാന്യത്തെ അമേരിക്ക എക്കാലത്തും മുറുകെ പിടിക്കുമെന്ന് യു എസ് വക്താവ് വ്യക്തമാക്കി. അതാണ് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത്. ഇന്ത്യൻ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ മൂല്യത്തിന് എതിരാണോ എന്ന ചോദ്യത്തിന് അതിനെ പറ്റി തത്കാലം അഭിപ്രായം പറയാൻ തയ്യാറല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "ബിബിസി ഓഫീസുകളിൽ ഇന്ത്യൻ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ പറ്റി ബോധവാന്മാരാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ അധികൃതരെ തന്നെ സമീപിക്കേണ്ടി വരും. ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് വിവേചനപരമായ ഈ നടപടിയിലും ആവർത്തിക്കാനുള്ളത് " - യു എസ് വക്താവ് പറഞ്ഞു.

ബിബിസി ഓഫീസുകളിലെ റെയ്ഡ്: പരിശോധനയെ പറ്റി ബോധവാന്മാരെന്ന് അമേരിക്ക
ബിബിസി ഓഫീസില്‍ പരിശോധന; രേഖകളും ഫോണുകളും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസമാണ് ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ബ്രിട്ടീഷ് മാധ്യമത്തിന്റെ ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങളും അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചും പരിശോധിക്കാനാണ് സർവേയെന്നാണ് ഔദ്യോഗിക വിശദീകരണം. 2002 ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെ പറ്റിയുള്ള അന്വേഷണാത്മക ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പരിശോധന എന്നതാണ് ഏറെ ശ്രദ്ധേയം. ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ബിബിസി ഇന്ത്യാ വിരുദ്ധ പ്രചാരണത്തിൽ ഏർപ്പെട്ടതായി വിദേശകാര്യ മന്ത്രാലയവും കുറ്റപ്പെടുത്തിയിരുന്നു.

ബിബിസിയുടെ ഡൽഹിയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കൂടാതെ നികുതി റെയ്ഡിനിടെ ജീവനക്കാരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഓഫീസുകളിലെ പരിശോധകളുമായി പൂർണമായി സഹകരിക്കുമെന്ന് ബിബിസിയും പ്രസ്താവനയിൽ വ്യക്തമാക്കി. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എത്രെയും പെട്ടെന്ന് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in