ഗാസയില്‍ ദാരുണമായ തെറ്റുപറ്റി; അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രണത്തില്‍ കുറ്റം സമ്മതിച്ച് നെതന്യാഹു

ഗാസയില്‍ ദാരുണമായ തെറ്റുപറ്റി; അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രണത്തില്‍ കുറ്റം സമ്മതിച്ച് നെതന്യാഹു

അഭയാർഥി ക്യാമ്പിന് നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു

ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണം തെറ്റായിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം റഫായിലെ തെക്കന്‍ ഗാസ സിറ്റിയിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കേയാണ് നെതന്യാഹു ദാരുണമായ തെറ്റ് സംഭവിച്ചുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം വലിയ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് നെതന്യാഹു തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്-സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത്.

ഗാസയില്‍ ദാരുണമായ തെറ്റുപറ്റി; അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രണത്തില്‍ കുറ്റം സമ്മതിച്ച് നെതന്യാഹു
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം, 35 പേര്‍ കൊല്ലപ്പെട്ടു

സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ ലഭിച്ചതെന്നും പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങൾ കണ്ടുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ടെല്‍ അല്‍ സുല്‍ത്താന്റെ സമീപത്ത് താമസിക്കുന്ന മുഹമ്മദ് അബുഅസ്സ ദാരുണ സംഭവത്തെ വിവരിക്കുന്നു. മരിച്ചവരില്‍ 12 സ്ത്രീകള്‍, എട്ട് കുട്ടികള്‍, മൂന്ന് മുതിര്‍ന്ന പൗരന്മാര്‍ എന്നിവരായിരുന്നുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തി. എന്നാല്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ മൂന്ന് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതോടെ ഗാസയിലെ ആകെ മരണം 36000 കടന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷികള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും സാധാരണക്കാരുടെ മരണത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ''ഈ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണം. പലസ്തീന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങള്‍ റഫായിലില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണമായും ബഹുമാനിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തലുണ്ടാകണമെന്നും ഞാന്‍ ആഹ്വാനം ചെയ്യുന്നു,'' ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

ഇത്തരം ബോംബാക്രമണം വിദ്വേഷം പരത്തുന്നുവെന്നും കുട്ടികളെയും കൊച്ചുമക്കളെയും അടക്കം വേരോടെ പിഴുതെറിയുന്നുവെന്നും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുയിഡോ ക്രോസെറ്റോ ഒരു ടിവി അഭിമുഖത്തില്‍ വ്യക്തമാക്കി. ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമാകുമെന്നും അറിയിച്ചു. മാനുഷിക അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നവും പുതിയതുമായ ലംഘനമാണിതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രിയും ഇത് യുദ്ധ കുറ്റകൃത്യമാണെന്ന് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രിയും കൂട്ടിച്ചേര്‍ത്തു. അതേസമയം റഫായിലെ വെടിവെപ്പില്‍ ഒരു സൈന്യം വെടിയേറ്റ് മരിച്ചുവെന്നും ഈജിപ്ത് സൈന്യം ആരോപിക്കുന്നു.

ഗാസയില്‍ ദാരുണമായ തെറ്റുപറ്റി; അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രണത്തില്‍ കുറ്റം സമ്മതിച്ച് നെതന്യാഹു
ഗാസ അധിനിവേശം: ഇസ്രയേലിനെതിരേ വിധിയെഴുതിയ പാനലിലെ ഇന്ത്യക്കാരൻ; ആരാണ് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി?

സാധാരണക്കാരുടെ മരണത്തില്‍ കുറ്റബോധമുണ്ടെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇസ്രേയല്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സാധാരണക്കാരുടെ മരണവും സംശയാസ്പദമായ പലസ്തീന്‍ തീവ്രവാദികളെ താമസിപ്പിച്ചിരിക്കുന്ന തടങ്കല്‍ കേന്ദ്രത്തിലെ സാഹചര്യങ്ങളും ഇസ്രയേല്‍ കസ്റ്റഡിയിലെ ചില തടവുകാരുടെ മരണവും ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്ന് കരുതുന്ന 70 ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക അഭിഭാഷകന്‍ ജനറല്‍ മാജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷ്‌ളാമി ഇസ്രയേല്‍ അഭിഭാഷകരുടെ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.

അതേസമയം, ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തിന് പുറമെ ജബാലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേല്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടങ്ങളില്‍ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍ തയാറാക്കി താമസിച്ച് വന്നിരുന്നത്.

logo
The Fourth
www.thefourthnews.in