പൗരന്മാരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ബൈഡന്‍; സിറിയയില്‍ ആക്രമണവും തിരിച്ചടിയുമായി അമേരിക്കയും ഇറാനും

പൗരന്മാരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ബൈഡന്‍; സിറിയയില്‍ ആക്രമണവും തിരിച്ചടിയുമായി അമേരിക്കയും ഇറാനും

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ പ്രത്യാക്രമണം

സിറിയയില്‍ അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാഹചര്യം ചൂടുപിടിക്കുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കി. പിന്നാലെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാനിയന്‍ അഡ്വൈസറി കമ്മിറ്റിയും രംഗത്തെത്തി. തങ്ങളുടെ കേന്ദ്രങ്ങളും സൈനികരും ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കാനുള്ള ശേഷിയുണ്ടെന്നാണ് മറുപടി.

സിറിയയിലെ സഖ്യസേനാ താവളത്തിൽ വ്യാഴാഴ്ച ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു അമേരിക്കൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം. മറുപടിയായി സിറിയയിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് മേല്‍ അമേരിക്ക വ്യോമാക്രമണം നടത്തി.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ എട്ട് ഇറാൻ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടെന്ന സിറിയയുടെ റിപ്പോർട്ട് ഇറാൻ തള്ളി

"ഇറാനുമായി സംഘർഷത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകും, ശക്തമായി തിരിച്ചടിക്കും" - അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സിറിയയിലെ സേനാത്താവളത്തിലേക്ക് ഇടിച്ചുകയറിയ ഡ്രോൺ ഇറാന്റേതാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രത്യാക്രമണത്തിന് ബൈഡൻ നിർദേശം നൽകിയത്. ഡ്രോൺ കണ്ടെത്താൻ വേണ്ട സമയം സേനയ്ക്ക് ലഭിച്ചില്ലെന്ന് യുഎസ് സൈനികർ വെളിപ്പെടുത്തിയിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന് ബന്ധമുള്ള രണ്ട് കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. എഫ് -15 ജെറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ എട്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സർവേറ്ററി ഫോർ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.

അമേരിക്കന്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്‌തെന്നും ഇറാനിയന്‍ അഡ്വൈസറി കമ്മിറ്റി അറിയിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ, കൊല്ലപ്പെട്ടവര്‍ ഇറാന്‍ സ്വദേശികളോ സിറിയന്‍ സ്വദേശികളോയെന്നോ വെളിപ്പെടുത്തിയിട്ടില്ല.

പൗരന്മാരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ബൈഡന്‍; സിറിയയില്‍ ആക്രമണവും തിരിച്ചടിയുമായി അമേരിക്കയും ഇറാനും
കുരുക്കഴിയാതെ ബോറിസ് ജോൺസൻ; രാഷ്ട്രീയഭാവിക്ക് മുൻപിൽ ചോദ്യചിഹ്നമായി പാർട്ടിഗേറ്റ് വിവാദം

സിറിയയിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് നേരെ നേരത്തേയും ഇറാന്റെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ആരും കൊല്ലപ്പെട്ടിരുന്നില്ല. 2021ന്റെ തുടക്കം മുതൽ സൈനികരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ 78 തവണ ആക്രമിച്ചതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. 2014-ൽ ഇറാന് സിറിയ, ഇറാഖ് രാജ്യങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും, അമേരിക്കന്‍ സഖ്യമോ സിറിയൻ സൈന്യമോ പൂർണ്ണ നിയന്ത്രണം ചെലുത്താത്ത പ്രദേശങ്ങളിൽ ഇറാന്‍ ഇടപെടലുകളും ആക്രമണങ്ങളും നടത്താറുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ അമേരിക്ക സജ്ജമാണെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം പ്രത്യാക്രമണങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് എത്താൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ പറയുന്നു.

logo
The Fourth
www.thefourthnews.in