ചൈനയും അമേരിക്കയും എതിരാളികളാവരുത്, പങ്കാളികളാകണം: ഷി ജിന്‍പിങ്

ചൈനയും അമേരിക്കയും എതിരാളികളാവരുത്, പങ്കാളികളാകണം: ഷി ജിന്‍പിങ്

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി വിഷയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഷി കൂട്ടിച്ചേർത്തു

ചൈനയും അമേരിക്കയും എതിരാളികളായല്ല പങ്കാളികളായാണ് തുടരേണ്ടതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ബീജിങ്ങില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി വിഷയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായും ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി സിസിടിവി റിപ്പോർട്ട് ചെയ്തു.

''ഇനിയും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. തുടർ ശ്രമങ്ങള്‍ക്കായുള്ള അവസരങ്ങളും മുന്നിലുണ്ട്. പരസ്പര ബഹുമാനം, സമാധനപരമായ സഹവർത്തിത്വം, വിജയകരമായ സഹകരണം എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് ചർച്ചയില്‍ ഞാന്‍ മുന്നോട്ട് വെച്ചത്. ചൈനയുടേയും അമേരിക്കയുടേയും പൊതുവായ വികസനത്തിനും വളർച്ചയ്ക്കുമുള്ള ഇടം ഭൂമിയിലുണ്ട്. ആത്മവിശ്വാസവും അഭിവൃദ്ധിയും നിറഞ്ഞ അമേരിക്കയുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ചൈനയ്ക്ക് സന്തോഷം മാത്രമാണുള്ളത്. ചൈനയുടെ വളർച്ചയേയും പോസിറ്റീവായി സമീപിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ ബന്ധത്തില്‍ സ്ഥിരത കൈവരിക്കാനാകും,'' ഷി വ്യക്തമാക്കി.

ചൈനയും അമേരിക്കയും എതിരാളികളാവരുത്, പങ്കാളികളാകണം: ഷി ജിന്‍പിങ്
കഴിഞ്ഞ 10 വർഷത്തിനിടെ ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറിയത് 3,500 ശതകോടീശ്വരന്മാർ

നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അഞ്ച് മണിക്കൂറോളം ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന-അമേരിക്ക ബന്ധം കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയതായും അതിന്റെ ഭാവി ഇരുരാജ്യങ്ങളുടേയും തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും വാങ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനെതിരായ ഘടകങ്ങള്‍ വർധിച്ചുവരുന്നതായും വാങ് ഇന്ന് ചുണ്ടിക്കാട്ടി. ചൈനയുടെ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെ അടിച്ചമർത്താന്‍ അമേരിക്ക അനന്തരമായ നടപടികള്‍ സ്വീകരിച്ചതായും വാങ് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വാങ് വിമർശനം ഉന്നയിച്ചിരുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു ഇത്.

കൗണ്ട‍‍ർ നാർക്കോട്ടിക്സ്, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയ കരാറുകള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. "ഇരുരാജ്യങ്ങളുടേയും പ്രസിഡന്റുമാർ സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിഷയങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടൊപ്പം തന്നെ വ്യത്യാസങ്ങളും താല്‍പ്പര്യങ്ങളും വ്യക്തമാക്കുകയും ചെയ്യും," ബ്ലിങ്കന്‍ പറഞ്ഞു.

ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും ഇരുരാജ്യങ്ങളേയും അകറ്റിനിർത്തുന്ന ഘടകങ്ങളും വർധിക്കുകയാണ്. യുക്രെയ്‌ന്‍-റഷ്യ, പശ്ചിമേഷ്യയിലെ വിഷയങ്ങള്‍ എന്നിവയാണ് പുതിയ വെല്ലുവിളികള്‍. റഷ്യയ്ക്ക് ചൈന സാമ്പത്തിക സഹായം നല്‍കുന്നതില്‍ അടുത്തിടെ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in