ജനാധിപത്യവും സ്വവർഗ വിവാഹങ്ങളും

ജനാധിപത്യവും സ്വവർഗ വിവാഹങ്ങളും

സ്വേച്ഛാധിപത്യ ഭരണകൂടമെന്ന് പട്ടികപ്പെടുത്തിയിരിക്കുന്ന 59 രാജ്യങ്ങളിൽ ക്യൂബ മാത്രമാണ് സ്വവർഗ വിവാഹം നിയമപരമായി അംഗീകാരം നൽകിയത്

സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അംഗീകാരത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ എതിർപ്പ്, കഴിഞ്ഞ ആഴ്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്, ഇന്ത്യയിലെ LGBTQIA+ സമൂഹത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യയിലെ നഗര കേന്ദ്രീകൃത വരേണ്യവര്‍ഗത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതിയില്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ എത്രത്തോളം സ്വീകാര്യത ഇതിൽ ഉണ്ടായിട്ടുണ്ടെന്നത് അവ്യക്തമാണ്.

ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിൽ നിയമപരമായ അംഗീകാരത്തിലൂടെയാണ് സ്വവർഗ വിവാഹങ്ങൾ അല്ലെങ്കിൽ സിവിൽ യൂണിയനുകൾ അനുകൂലമാക്കിയത്. എന്നാൽ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിൽ ആ സ്വീകാര്യത കുറയുന്നു. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഡെമോക്രസി ഇൻഡക്‌സ് 2022 ന്റെ പഠനത്തെ അടിസ്ഥാനമാക്കി ThePrint നടത്തിയ വിശകലനത്തലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ 167 രാജ്യങ്ങളിലെ സ്വവർഗ യൂണിയനുകളുടെ നിയമസാധുതയും അതിൽ വിശകലനം ചെയ്യുന്നു.

ജനാധിപത്യവും സ്വവർഗ വിവാഹങ്ങളും
സ്വവർഗ വിവാഹം നിയമപരമാക്കിയത് 30 ലേറെ രാജ്യങ്ങൾ

'സമ്പൂർണ ജനാധിപത്യം' എന്ന് വിളിക്കപ്പെടുന്ന 24 രാജ്യങ്ങളിൽ, 21 എണ്ണം സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കുന്നു എന്നാണ് The Print ന്റെ വിശകലനത്തിൽ വ്യക്തമാക്കുന്നത്. ജപ്പാൻ, മൗറീഷ്യസ്, ദക്ഷിണ കൊറിയ എന്നീ മൂന്ന് 'സമ്പൂർണ ജനാധിപത്യ രാജ്യങ്ങൾ' മാത്രമാണ് അത് അംഗീകരിക്കാത്തത്. ജപ്പാനിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. മൗറീഷ്യസിൽ, ബ്രിട്ടീഷ് രാജിന്റെ കാലം മുതൽ സ്വവർഗ വിവാഹം നിയമവിരുദ്ധമായിരുന്നു. ദക്ഷിണ കൊറിയയിൽ, ഒരു സ്വവർഗ ദമ്പതികൾ തമ്മിലുള്ള വിവാഹം യഥാർത്ഥ ദമ്പതികൾ എന്ന നിലയിൽ നിയമപരമായ അംഗീകാരത്തിന് തുല്യമല്ല. ഇന്ത്യ ഉൾപ്പെടുന്ന 48 'വികലമായ ജനാധിപത്യ' രാജ്യങ്ങളിൽ, 19 എണ്ണം മാത്രമാണ് സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്നത്. അതായത് ബാക്കി വരുന്ന 60 ശതമാനത്തോളം രാജ്യങ്ങൾ നിയമസാധുത നൽകുന്നില്ല എന്നതാണ് വസ്തുത.

ജനാധിപത്യം നിലനിൽക്കുന്നതും എന്നാൽ സ്വേച്ഛാധിപത്യത്തിന് വിധേയമായതുമായ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിൽ സ്വവർഗ വിവാഹങ്ങൾക്കുള്ള സ്വീകാര്യത ഇതിലും കുറവാണ്. അത്തരത്തിൽ 36 രാജ്യങ്ങളിൽ ഇക്വഡോർ, മെക്സിക്കോ, ബൊളീവിയ തുടങ്ങിയ മൂന്ന് രാജ്യങ്ങൾ മാത്രമാണ് സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്നത്. 2022 ഒക്‌ടോബറിലാണ് മെക്സിക്കോയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നത്. സ്വവർഗ വിവാഹം തടയുന്ന സംസ്ഥാനത്തിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2015ൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. 2019-ൽ ഇക്വഡോറിലും, ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ 2020 ലും സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുകയുണ്ടായി. എന്നാൽ, സ്വേച്ഛാധിപത്യ ഭരണകൂടമെന്ന് പട്ടികപ്പെടുത്തിയിരിക്കുന്ന 59 രാജ്യങ്ങളിൽ ക്യൂബ മാത്രമാണ് സ്വവർഗ വിവാഹം നിയമപരമായി അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം നടന്ന ദേശീയ റഫറണ്ടത്തിൽ, സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം നൽകുന്നതിന് കുടുംബ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ച് ക്യൂബക്കാരിൽ മൂന്നിൽ രണ്ട് പേരും വോട്ട് ചെയ്തു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ഇ ഡബ്ല്യു റിസര്‍ച്ച് സെന്ററിന്റെ സര്‍വെ പ്രകാരം ജനസംഖ്യയുടെ ഏറ്റവും വലിയ പങ്ക് ക്രിസ്ത്യാനികൾ ഉള്ള 99 രാജ്യങ്ങളിൽ, 39 രാജ്യങ്ങളും സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 25 എണ്ണം യൂറോപ്പിലും 12 എണ്ണം അമേരിക്കയിലും ആണ്. ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഓസ്‌ട്രേലിയ, 2017 ലെ തപാൽ സർവേയിലൂടെ ഓസ്‌ട്രേലിയക്കാർ അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കി. ആഫ്രിക്കയിലെ 30 ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ, ദക്ഷിണാഫ്രിക്കയിൽ മാത്രമാണ് സ്വവർഗ വിവാഹം അംഗീകരിക്കുന്നത്.

അതേസമയം ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, മൗറീഷ്യസ്, ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളായ തായ്‌ലൻഡ്, മംഗോളിയ, ശ്രീലങ്ക, സിംഗപ്പൂർ, ഭൂട്ടാൻ, കംബോഡിയ, ലാവോസ്, മ്യാൻമർ എന്നിവയിൽ ഒന്നുപോലും സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകിയിട്ടില്ല. മുസ്ലീം ഭൂരിപക്ഷമുള്ള 46 രാജ്യങ്ങളിൽ ഒന്നിലും സ്വവർഗ വിവാഹം ഇതുവരെ നിയമപരമായി അംഗീകരിച്ചിട്ടില്ല.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ വ്യക്തിഗത അവകാശങ്ങളെ അടിസ്ഥാനപരവും അവിഭാജ്യവുമാണെന്ന് അംഗീകരിക്കുന്നില്ലെന്ന് വാഷിംഗ്ടൺ, ഡിസി ആസ്ഥാനമായുള്ള CATO ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഫെലോ ആയ സ്വാമിനാഥൻ അയ്യർ പറയുന്നു. 'തോന്നിയത് പോലെ വിവേചനങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് ഏകാധിപത്യ രാജ്യങ്ങൾ നിയമ നിർമാണങ്ങൾ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള രാജ്യങ്ങളിൽ സ്വവർഗാവകാശങ്ങളുടെ പുരോഗതി സ്വാഭാവികമായും മന്ദഗതിയിലായിരിക്കും അല്ലെങ്കിൽ നിലവിലുണ്ടായിരിക്കില്ല'- സ്വാമിനാഥൻ അയ്യർ പറയുന്നു. 'ഇന്ത്യക്ക് ഒരു പൊതു സിവിൽകോഡ് ഇല്ലാത്തത് കൊണ്ട് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വിവാഹത്തിന് അവരുടേതായ നിയമങ്ങളാണുള്ളത്. എന്നാൽ പാർലമെന്റ് ഏകീകൃത സിവിൽ കോഡ് അംഗീകരിക്കുന്നത് വരെ എസ്എംഎയ്ക്ക് കീഴിലുള്ള സ്വവർഗ നിയമങ്ങൾ പാലിക്കാൻ ജുഡീഷ്യറി ഒരു മതവിഭാഗത്തിനും നിർദ്ദേശം നൽകില്ല. മറ്റ് ജനാധിപത്യ രാജ്യങ്ങളെപ്പോലെ ഇന്ത്യയും സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള ഒരു വഴി നൽകുമെന്ന് ഞാൻ കരുതുന്നു- ' അയ്യർ പറഞ്ഞു.

അതേസമയം, മാറുന്ന ലോക ക്രമത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാണ് എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങളാണ് സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിച്ച രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലുള്ളത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോലും സ്വവര്‍ഗ വിവാഹങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നതും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനെ അടയാളപ്പെടുത്തുന്നു. 

logo
The Fourth
www.thefourthnews.in