യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ അഭിപ്രായവ്യത്യാസം; സംയുക്ത പ്രസ്താവനയിറക്കാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കാനാകാതെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് സമാപനം. അംഗ രാജ്യങ്ങളുടെ നിലപാടുകള്‍ സമന്വയിപ്പിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സംയുക്ത പ്രസ്താവനയില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായി തന്നെ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു, അവയുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, അതിനാല്‍ സംയുക്ത പ്രസ്താവനയ്ക്ക് പകരം സംഗ്രഹം അവതരിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
യുക്രെയ്ന്‍ യുദ്ധത്തെ സംബന്ധിച്ച വിഷയത്തില്‍ റഷ്യയും ചൈനയും എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും രണ്ടാം തവണയും സംയുക്ത പ്രസ്താവനയെ തടഞ്ഞതായും വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ പൂര്‍ത്തിയായ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിയും റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കാനാകാതെയാണ് സമാപിച്ചത്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവനയിറക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അധ്യക്ഷന്റെ പേരില്‍ സംഗ്രഹം മാത്രം പുറത്തിറക്കുകയാണ് ഉണ്ടായത്.
മൂന്നാംലോക രാജ്യങ്ങളുടെ ആശങ്കകള്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും സംബന്ധിച്ച് ധാരണയുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തുക, ഭക്ഷ്യ- ഊര്‍ജ സുരക്ഷ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം, ലിംഗപരമായ പ്രശ്‌നങ്ങള്‍, ഭീകരവാദത്തെ ചെറുക്കുക തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ധാരണയുണ്ടായതായി അദ്ദേഹം പറഞ്ഞു.
രാജ്യചത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണകേന്ദ്രവും പ്രധാന എണ്ണ സ്രോതസ്സുമായ റഷ്യയെ യുദ്ധത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ ഇന്ത്യ തയ്യാറായില്ല. അധ്യക്ഷ സ്ഥാനത്തുള്ള ജി 20യില്‍ യുക്രെയ്ന്‍ യുദ്ധം ആധിപത്യം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ ചില സമ്പന്നരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളായ ഭക്ഷണം - ഊര്‍ജ സുരക്ഷ, വളം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു.