യുക്രെയ്ൻ യുദ്ധ പരാമർശത്തിൽ ചൈനയും റഷ്യയും 'ഉടക്കി'; സംയുക്ത പ്രസ്താവനയിറക്കാതെ ജി20  ധനമന്ത്രിമാരുടെ ഉച്ചകോടി

യുക്രെയ്ൻ യുദ്ധ പരാമർശത്തിൽ ചൈനയും റഷ്യയും 'ഉടക്കി'; സംയുക്ത പ്രസ്താവനയിറക്കാതെ ജി20 ധനമന്ത്രിമാരുടെ ഉച്ചകോടി

യുദ്ധമെന്ന വാക്ക് ഉപയോഗിക്കുന്നതിൽ ചൈന എതിർപ്പ് അറിയിച്ചു

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കാനാകാതെ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് സമാപനം. ചൈനയുടെ എതിർപ്പിനെ തുടർന്നാണ് ശനിയാഴ്ച ബെംഗളൂരുവില്‍ പൂർത്തിയായ ഉച്ചകോടി സംയുക്ത പ്രസ്താവനയിറക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അധ്യക്ഷന്റെ പേരിൽ സംഗ്രഹവും ഔട്ട്കം രേഖയും പുറത്തിറക്കുക മാത്രമാണ് ഉണ്ടായത്. അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും യുക്രെയ്ന്‍ യുദ്ധത്തെ അപലപിക്കുന്നുവെന്നും എന്നാല്‍ നിലവിലെ സാഹചര്യം സംബന്ധിച്ചും ഉപരോധങ്ങള്‍ സംബന്ധിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും സംഗ്രഹത്തില്‍ പറയുന്നു.

ജി 20 ഗ്രൂപ്പിലെ അംഗമായ റഷ്യ കഴിഞ്ഞ ഫെബ്രുവരിയിൽ അയൽരാജ്യമായ യുക്രെയ്നെ ആക്രമിച്ചതിനുശേഷം നടന്ന ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗങ്ങളിലും പൊതു പ്രസ്താവന ഇറക്കിയിരുന്നില്ല.

യുദ്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്ന രണ്ട് ഖണ്ഡികയില്‍ നവംബറില്‍ ബാലിയില്‍ ജി20 നേതാക്കളുടെ പ്രഖ്യാപനത്തില്‍ നിന്ന് എഠുത്തതാണെന്നും ചൈനയും റഷ്യയും ഒഴികെയുള്ള രാജ്യങ്ങള്‍ ഈ പരാമര്‍ശത്തോട് യോജിക്കുന്നു എന്നുമുള്ള പ്രത്യേക പരാമര്‍ശത്തോടെയാണ് (ഫൂട് നോട്ടായാണ് പരാമര്‍ശം നല്‍കിയത്) സംഗ്രഹം പുറത്തിറക്കിയത്. യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് ചൈന എതിര്‍പ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം. ബാലി പ്രഖ്യാപനത്തില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രെയ്ൻ യുദ്ധ പരാമർശത്തിൽ ചൈനയും റഷ്യയും 'ഉടക്കി'; സംയുക്ത പ്രസ്താവനയിറക്കാതെ ജി20  ധനമന്ത്രിമാരുടെ ഉച്ചകോടി
യുദ്ധ ഭൂമിയിലെ മലയാളി ഡോക്ടര്‍

സാമ്പത്തികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ധനമന്ത്രിമാരുടെ യോഗമെന്നും മറ്റ് പ്രമേയങ്ങള്‍ക്ക് ഇത് ഉചിതമായ വേദിയല്ലെന്നുമായിരുന്നു റഷ്യയുടെ നിലപാട് . ഇതിനെ ചൈനയും പിന്തുണച്ചു. കഴിഞ്ഞ തവണ നടന്ന ജി 20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് മേധാവികളുടെയും യോഗങ്ങളിലും യുക്രെയ്ന്‍ യുദ്ധത്തിന്‌റെ പശ്ചാത്തലത്തില്‍ പൊതു പ്രസ്താവന ഇറക്കാനായില്ല.

യുക്രെയ്ൻ യുദ്ധ പരാമർശത്തിൽ ചൈനയും റഷ്യയും 'ഉടക്കി'; സംയുക്ത പ്രസ്താവനയിറക്കാതെ ജി20  ധനമന്ത്രിമാരുടെ ഉച്ചകോടി
യുക്രെയ്‌ന്റെ ഭാവി, യുദ്ധത്തിന്റെയും

അതേസമയം റഷ്യയുടെയും ചൈനയുടേയും നിലപാടിനെതിരെ പല അംഗരാജ്യങ്ങള്‍ക്കും അതൃപ്തിയുണ്ട്. യുക്രെയ്‌നില്‍ നടക്കുന്ന യുദ്ധത്തിന്റെ കാരണക്കാരന്‍ വ്‌ളാദിമിര്‍ പുടിന്‍ മാത്രമാണമെന്നും ജി 20 ധനകാര്യ യോഗത്തില്‍ അതിനോടുള്ള വിയോജിപ്പ് വ്യക്തമായി പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ജര്‍മ്മന്‍ ധനമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സ്‌പെയിന്‍ പ്രതിനിധിയും സമാനമായ നിലപാട് കൈക്കൊണ്ടു. അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരനും പ്രധാന എണ്ണ സ്രോതസ്സുമായ റഷ്യയെ അപലപിക്കാന്‍ ജി 20 അധ്യക്ഷരായ ഇന്ത്യയും വിസമ്മതിച്ചു.

logo
The Fourth
www.thefourthnews.in