ഡച്ച് പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയം മതിയാക്കി മാർക്ക് റുട്ടെ

ഡച്ച് പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയം മതിയാക്കി മാർക്ക് റുട്ടെ

സ്ഥാനമൊഴിയുന്നത് ഏറ്റവുമധികം കാലം നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയായെന്ന റെക്കോർഡുമായി

കുടിയേറ്റ നയത്തിലെ ഭിന്നാഭിപ്രായം മൂലം നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ മാര്‍ക്ക് റുട്ടെ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സര്‍ക്കാരിന്റെ രാജി വഴിവച്ച പൊതുതിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്നാണ് റുട്ടെയുടെ പ്രഖ്യാപനം. ഏറ്റവും കൂടുതല്‍ കാലം നെതര്‍ലന്‍ഡ്‌സിന്‌റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് മാര്‍ക്ക് റുട്ടെ.

പുതിയ ഭരണ സഖ്യത്തിന്റെ പതനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച പാര്‍ലമെന്ററി സംവാദത്തിലാണ് പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി അഥവാ വിവിഡിയുടെ നേതാവായ റുട്ടെ തന്‌റെ തീരുമാനം പ്രഖ്യാപിച്ചത്. വിവിഡിയുടെ നേതാവായി ഇനി ഉണ്ടാകില്ലെന്ന് തീരുമാനമെടുത്തെന്നും തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേറ്റാല്‍ ഉടന്‍ രാഷ്ട്രീയം വിടുമെന്നും മാര്‍ക്ക് റുട്ടെ പറഞ്ഞു. തീരുമാനം തികച്ചും വ്യക്തിപരമെന്നും സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്നുമാണ് റുട്ടെ വ്യക്തമാക്കുന്നത്.

ഡച്ച് പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയം മതിയാക്കി മാർക്ക് റുട്ടെ
മക്കൾക്ക് 800 കോടി, കാമുകിക്ക് 900 കോടി; മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സ്നേഹസമ്മാനം കണ്ട് അത്ഭുതംകൂറി ലോകം

56 കാരനായ റുട്ടെ, 13 വര്‍ഷം സര്‍ക്കാരിനെ നയിച്ചു. അപ്രതീക്ഷിത പ്രഖ്യാപനത്തോടെ ഒഴിവുവരുന്ന പാര്‍ട്ടി നേതൃ സ്ഥാനം ആര് ഏറ്റെടുക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. റുട്ടെയുടെ നേതൃത്വത്തിലുള്ള നാല് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യസര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് രാജിവച്ചത്. രാജ്യത്തെ അഭയാര്‍ഥികളെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സഖ്യത്തില്‍ ഏകാഭിപ്രായം ഉണ്ടാകാഞ്ഞതാണ് സര്‍ക്കാരിന്‌റെ രാജിയിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാമന്ത്രിയായി റുട്ടെ തുടരും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

രാഷ്ട്രീയ എതിരാളികളെ പോലും നയപരമായി ഒപ്പം ചേര്‍ക്കാനുള്ള രാഷ്ട്രീയ മെയ്‌വഴക്കമുള്ളയാളാണ് മാര്‍ക്ക് റുട്ടെ. പ്രളയം മുതല്‍ മലേഷ്യന്‍ വിമാനം യുക്രെയ്‌നില്‍ തകര്‍ന്ന് 200 ഡച്ച് പൗരന്മാര്‍ കൊല്ലപ്പെട്ട അപകടം വരെയുള്ള പ്രതിസന്ധികളില്‍ രാജ്യത്തെ നയിച്ച നേതാവെന്ന നിലയിലാണ് അദ്ദേഹത്തിന്‌റെ ഖ്യാതി. സര്‍ക്കാര്‍ അഴിമതി ആരോപണം നേരിട്ടപ്പോഴും അവയില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന രാഷ്ട്രീയ ജീവിതം ടെഫ്‌ലോണ്‍ മാര്‍ക്ക് എന്ന വിളിപ്പേരും റുട്ടെയ്ക്ക് നല്‍കി. രാജ്യത്തെ അടിമത്ത പാരമ്പര്യത്തെ തള്ളിപറഞ്ഞ റുട്ടെ, സര്‍ക്കാരിന്‌റെ നയപരമായ പാളിച്ചകളിലും അഴിമതിയിലും ക്ഷമ ചോദിക്കാനും അധികാരം വിട്ടൊഴിയാനും മടിയില്ലാത്ത നേതാവുകൂടിയാണ്.

logo
The Fourth
www.thefourthnews.in