ജീവിക്കുന്നത് മാലിന്യങ്ങൾക്ക് നടുവിൽ, കുടിക്കാൻ മലിന ജലം, വിഷവസ്തുക്കൾ നിറഞ്ഞ വായു; പാരിസ്ഥിതിക പ്രതിസന്ധിയിൽ ഗാസ

ജീവിക്കുന്നത് മാലിന്യങ്ങൾക്ക് നടുവിൽ, കുടിക്കാൻ മലിന ജലം, വിഷവസ്തുക്കൾ നിറഞ്ഞ വായു; പാരിസ്ഥിതിക പ്രതിസന്ധിയിൽ ഗാസ

ഗാസയെ ലോകഭൂപടത്തിൽ നിന്നുതന്നെ സാവധാനത്തിൽ തുടച്ച് മാറ്റുകയാണ് ഇസ്രയേൽ

വലിയ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഗാസ. ഇസ്രയേലിന്റെ ക്രൂരതകൾ അനുദിനം വളരുന്നതിനോടൊപ്പം പട്ടിണിയും ചികിത്സ സംവിധാനങ്ങളും ആവശ്യമായ ജീവൻ രക്ഷ സഹായങ്ങളും ഇല്ലാതെ ഗാസയിലെ ജനങ്ങള്‍ വലയുകയാണ്. ഗാസയെ ലോകഭൂപടത്തിൽ നിന്നുതന്നെ സാവധാനത്തിൽ തുടച്ച് മാറ്റുകയാണ് ഇസ്രയേൽ.

ഇസ്രയേൽ ആക്രമണങ്ങളിലും പട്ടിണിയിലും ചികിത്സ ലഭിക്കാതെയും മരിക്കുന്ന ആയിരകണക്കിന് പേരുടെ കഥകൾ വിവിധ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നു. എന്നാൽ അവിടെ ജീവിച്ചിരിക്കുന്നവരുടെ കാര്യമോ ? പൂർണമായും തകർക്കപ്പെട്ട ഗാസയിലാണ് ഈ മനുഷ്യർ ജീവിക്കുന്നത്. പാരിസ്ഥിതികമായി തകർന്നടിഞ്ഞ ഗാസയിൽ എന്നിവിടെ എടുത്ത് പറയാം.

മാലിന്യങ്ങളുടെ നടുക്കാണ് ഈ മനുഷ്യർ ജീവിക്കുന്നത്. വായു, കുടിവെള്ളം, ഭക്ഷണം എന്നിങ്ങനെ എല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും മാലിന്യകൂമ്പാരങ്ങളും. മാനുഷിക പ്രതിസന്ധികൾക്കൊപ്പം പാരിസ്ഥിതിക പ്രതിസന്ധികളും അനുഭവിക്കുകയാണ് ഗാസ നിവാസികൾ.

ഗാസയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഗാസയിൽനിന്നുള്ള ചിത്രങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കുമപ്പുറം പൂർണമായും നശിച്ച ഒലിവ് തോട്ടങ്ങളും ബോംബും ബുൾഡോസറുകളും കൊണ്ട് നശിപ്പിച്ച കൃഷിയിടങ്ങളും കാണാം. അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ വിശകലനം ചെയ്ത ചില ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം 38 മുതൽ 48 ശതമാനം വരെ വനമേഖലകളും കൃഷിയിടങ്ങളും നശിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഒലിവ് തോട്ടങ്ങളും കൃഷിയിടങ്ങളും തരിശുനിലങ്ങളായി മാറിയിരിക്കുന്നു. യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗർഭജലവും മലിനമായിരിക്കുന്നു. മലിനജലവും മാലിന്യവും കൊണ്ട് കടൽ നിറഞ്ഞിരിക്കുന്നു. ഈ നാശം ഗാസയുടെ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകരും പരിസ്ഥിതി സംഘടനകളും പറയുന്നു. നാശത്തിൻ്റെ തോതും ദീർഘകാലാടിസ്ഥാനത്തിലുള്ള ആഘാതവും കാരണം അതിനെ 'ഇക്കോസൈഡ്' ആയി കണക്കാക്കാനും യുദ്ധക്കുറ്റമായി അന്വേഷിക്കാനുമുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.

ജീവിക്കുന്നത് മാലിന്യങ്ങൾക്ക് നടുവിൽ, കുടിക്കാൻ മലിന ജലം, വിഷവസ്തുക്കൾ നിറഞ്ഞ വായു; പാരിസ്ഥിതിക പ്രതിസന്ധിയിൽ ഗാസ
ഇസ്രയേലിനെ കൈവിടാതെ അമേരിക്ക; ഫൈറ്റർ ജെറ്റുകളും ബോംബുകളുമുൾപ്പെടുന്ന ആയുധശേഖരം കൈമാറി

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും കാർഷിക മേഖലകൾക്കും പരിസ്ഥിതിക്കുമുള്ള നാശനഷ്ടങ്ങൾ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) അവകാശവാദം.

ഗാസയുടെ പാരിസ്ഥിതിക പ്രതിസന്ധികൾ

സൈനിക ആക്രമണത്തിൽനിന്ന് നേരിട്ടുള്ള നാശത്തിനൊപ്പം, ഇന്ധനത്തിൻ്റെ അഭാവം മൂലം ഗാസയിലെ ആളുകൾക്ക് പാചകം ചെയ്യുന്നതിനും തണുപ്പുള്ള കാലാവസ്ഥയെ അതിജീവിക്കാനും വിറകുകൾ ആവശ്യമായി വരുന്നു. അതിനായി മരങ്ങൾ വെട്ടിമാറ്റുന്നത് ഇപ്പോൾ വ്യാപകമാണ്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറൻസിക് ആർക്കിടെക്ചറിൻ്റെ (എഫ്എ) സ്വതന്ത്ര ഉപഗ്രഹ വിശകലനം പറയുന്നതു പ്രകാരം ഒക്ടോബർ ഏഴിന് മുമ്പ്, ഗാസയിലെ ഫാമുകളും തോട്ടങ്ങളും മുനമ്പിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 47 ശതമാനം ആയിരുന്നു. ഏകദേശം 170 ചതുരശ്ര കിലോമീറ്റർ (65 ചതുരശ്ര മൈൽ). ഫെബ്രുവരി അവസാനത്തോടെ ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ 65 ചതുരശ്ര കിലോമീറ്ററിലധികം, അല്ലെങ്കിൽ 38 ശതമാനം ഭൂമി നശിപ്പിച്ചിട്ടുണ്ട്.

കൃഷിഭൂമിക്ക് പുറമെ, 7,500 ഓളം ഗ്രീൻ ഫാം ഹൗസുകളും ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രദേശത്തിൻ്റെ കാർഷിക രീതികളുടെ ഒരു പ്രധാന ഭാഗമാണിത്. ഗാസയുടെ വടക്കുഭാഗത്ത് 90 ശതമാനം മുതൽ ഖാൻ യൂനിസിന് ചുറ്റുമുള്ള 40 ശതമാനം വരെ ഏകദേശം മൂന്നിലൊന്ന് ഗ്രീൻ ഫാം ഹൗസുകൾ പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണവും കര അധിനിവേശവും ഒരുപോലെ ഈ ഫാം ഹൗസുകൾക്ക് നാശം വിതച്ചിട്ടുണ്ട്. ട്രാക്ടറുകളും ടാങ്കുകളും വാഹനങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണമായും പിഴുതെറിഞ്ഞു. ഗാസ പതുക്കെ ഒരു മരുഭൂമി ആയി മാറുകയാണ്.

ജീവിക്കുന്നത് മാലിന്യങ്ങൾക്ക് നടുവിൽ, കുടിക്കാൻ മലിന ജലം, വിഷവസ്തുക്കൾ നിറഞ്ഞ വായു; പാരിസ്ഥിതിക പ്രതിസന്ധിയിൽ ഗാസ
ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചാരണം

ഇത്തരത്തിൽ നശിപ്പിച്ച ചില കൃഷിയിടങ്ങളിലൂടെയും മറ്റും ഇസ്രയേൽ സൈനികർ റോഡുകൾ നിർമിച്ചിട്ടുമുണ്ട്. സൈന്യത്തിന് കടന്നുപോകാനും ആയുധങ്ങളും ടാങ്കുകളും കൊണ്ടുപോവാനും ഈ പാതകൾ ഉപയോഗിക്കുന്നു. തോട്ടങ്ങൾ, വയലുകൾ, കൃഷിഭൂമികൾ എന്നിവയാണ് ഹമാസിന്റെ കേന്ദ്രങ്ങളെന്ന് ഇസ്രയേലി സൈന്യം ആരോപിക്കുന്നു. യുഎൻ എൻവയോൺമെൻ്റ് പ്രോഗ്രാം (യു എൻ ഇ പി) അനുസരിച്ച് , ജനവാസമേഖലകളിലെ കനത്ത ബോംബാക്രമണം ദീർഘകാലത്തേക്ക് മണ്ണിനെയും ഭൂഗർഭജലത്തെയും മലിനമാക്കും. യുദ്ധോപകരണങ്ങൾക്കൊപ്പം തകർന്ന കെട്ടിടങ്ങൾ ആസ്ബറ്റോസ്, വ്യാവസായിക രാസവസ്തുക്കൾ, ഇന്ധനങ്ങൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ ചുറ്റുമുള്ള വായുവിലേക്കും മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും തള്ളിവിടുന്നു.

ചുറ്റുമുള്ള മാലിന്യവും മലിനജലവും സമാനമാണ്. തുടരുന്ന സംഘർഷങ്ങളും ഉപരോധസാഹചര്യങ്ങളും മാലിന്യ നിർമാർജനം, മലിനജല സംസ്കരണം, ഇന്ധന വിതരണം, വാട്ടര്‍ മാനേജ്മെൻ്റ് എന്നിവ ഉൾപ്പെടെ ഗാസയുടെ സിവിൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ മൊത്തത്തിലുള്ള തകർച്ചയിലേക്കാണ് എത്തിച്ചത്. മാലിന്യക്കൂമ്പാരങ്ങൾ കൊണ്ടും കുടിക്കാനും ഭക്ഷണം പാകംചെയ്യാനും നല്ല വെള്ളം കിട്ടാതെയും യുദ്ധക്കെടുതികൾക്കിടയിൽ വലയുകയാണ് ഗാസ ജനത.

logo
The Fourth
www.thefourthnews.in