ഗോതബായ രജപക്‌സെ
ഗോതബായ രജപക്‌സെ

വീണ്ടും യുഎസിലേക്ക് ചേക്കേറാന്‍ നീക്കം; ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് ഗോതബായ രജപക്‌സെ

2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഗോതബായ രജപക്സെ യുഎസ് പൗരത്വം ഉപേക്ഷിച്ചിരുന്നു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ യുഎസ് പൗരത്വത്തിനായി ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചു. ഭാര്യയ്ക്കും മകനുമൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണ് രജപക്‌സെയുടെ നീക്കം.

ഗോതബായ രജപക്‌സെ
രജപക്സെ വാഴ്ചയ്ക്ക് അന്ത്യം: പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ശ്രീലങ്ക; പാര്‍ലമെന്റ് നടപടികള്‍ നാളെ മുതല്‍

ഗോതബായ രജപക്‌സെയുടെ യുഎസിലെ അഭിഭാഷകര്‍ കഴിഞ്ഞ മാസം തന്നെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് ശ്രീലങ്കന്‍ പത്രമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ ലോമ രജപക്‌സെയ്ക്ക് യുഎസ് പൗരത്വമുള്ളതിനാല്‍ ഗോതബായയ്ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. 2019ലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഗോതബായ യുഎസ് പൗരത്വം ഉപേക്ഷിക്കുന്നത്. യുഎസില്‍ അപേക്ഷ നല്‍കിയതിനൊപ്പം കൊളംബോയിലെ അഭിഭാഷകര്‍ വഴി ആവശ്യമായ രേഖകളും സമര്‍പ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

ശ്രീലങ്കന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം 1998ലാണ് ഗോതബായ രജപക്സെ യുഎസിലേക്ക് കുടിയേറിയത്. പിന്നീട് 2005ലാണ് അദ്ദേഹം തിരികെ ശ്രീലങ്കയിലെത്തുന്നത്. 2019ല്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചു. ഓഗസ്റ്റ് 24ന് ഗോതബായ രജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരീപുത്രനായ ഉദയംഗ വീരതുംഗ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഗോതബായ രജപക്‌സെ
ഗോതബായ രജപക്‌സെ ഓഗസ്റ്റ് 24ന് ശ്രീലങ്കയില്‍ മടങ്ങിയെത്തും

തായ്‌ലന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ഹോട്ടലിലാണ് ഗോതബായ ഇപ്പോള്‍ കഴിയുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയപ്രതിഷേധം ശക്തിപ്പെട്ടതോടെ ജൂലൈ 13നാണ് ഗോതബായ രജപക്‌സെ ശ്രീലങ്ക വിട്ടത്. ജൂലൈ 9 ന് കൊളംബോയില്‍ കനത്ത സുരക്ഷാ സാന്നിധ്യത്തിനിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസും പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യടക്കിയിരുന്നു . തുടര്‍ന്നാണ് ഗോതബായ രാജ്യം വിട്ടതും ജൂലൈ 14ന് രാജി പ്രഖ്യാപിച്ചതും.

logo
The Fourth
www.thefourthnews.in