നിജ്ജാർ കൊലപാതകം: ഒരു ഇന്ത്യന്‍ പൗരന്‍ കൂടി അറസ്റ്റില്‍, പങ്കില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരനായ അമന്‍ദീപ് സിങ് എന്നയാളാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഇയാള്‍. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അന്വേഷണ സംഘമാണ് യുവാവിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.
അമന്‍ദീപ് സിംഗിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് കാനഡ
ഒന്റാറിയോയിലെ ബ്രാംപ്ടണിലെ അമന്‍ദീപ് സിങ്ങിന്റെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, നിജ്ജാര്‍ കൊലപാതകവുമായി ബന്ധമില്ലാത്ത ആയുധം കൈവശം വച്ചെന്ന മറ്റൊരു കേസില്‍ ഒന്റാറിയോയിലെ പീല്‍ റീജിയണല്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന വ്യക്തിയാണ് അമന്‍ദീപ് സിങ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമന്‍ദീപ് സിംഗിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നും പോലീസ് അറസ്റ്റ് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റിലായിരുന്നു. കരണ്‍ ബ്രാര്‍ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ് (28) എന്നിവരാണ് പിടിയിലായതെന്ന് സൂപ്രണ്ട് മന്‍ദീപ് മൂക്കെര്‍ അറിയിച്ചു. ആല്‍ബേര്‍ട്ടയിലെ എഡ്മണ്ടനില്‍നിന്നാണ് മൂവരും അറസ്റ്റിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവര്‍ അഞ്ച് വര്‍ഷമായി കാനഡയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. നിജ്ജാര്‍ വധത്തില്‍ ഇന്ത്യ സര്‍ക്കാരിന് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടരുന്നുണ്ട്.
കഴിഞ്ഞ ജൂണിലായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വാന്‍കൂവറില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യന്‍ സര്‍ക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. നിജ്ജാര്‍ കൊലപാതകത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന് ഒരു പങ്കുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇത്തരം വിവാദങ്ങളില്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതികരിക്കും. വിദേശ മണ്ണിലെ കൊലപാതകങ്ങള്‍ കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.