ഹവായ് കാട്ടുതീ: മരണം 99, ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ

ഹവായ് കാട്ടുതീ: മരണം 99, ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ

ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വിനാശകാരമായ കാട്ടുതീയാണിത്

അമേരിക്കൻ ദ്വീപായ ഹവായിൽ ഉണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 99 ആയി. ദ്വീപിന്റെ ഗവർണറാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ദ്വീപിലെ മൗയി കൗണ്ടിയുടെ ചില ഭാഗങ്ങളിൽ ഒരാഴ്ചമുൻപ് പടർന്ന കാട്ടുതീയിൽ ഇനിയും ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ടാകാമെന്ന മുന്നറിയിപ്പും ഗവർണർ നൽകി. ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വിനാശകരമായ കാട്ടുതീയാണിത്.

ഹവായ് ഗവർണർ ജോഷ് ഗ്രീൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് മരണസംഖ്യ അറിയിച്ചത്. കാട്ടുതീ ഉണ്ടാക്കിയ നാശനഷ്ടം അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിനാളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ, രക്ഷാസംഘങ്ങൾ എന്നിവർ തീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചുഴലിക്കാറ്റിന്റെ സാന്നിധ്യം പടർന്നുപിടിക്കുന്നതിന്റെ വേഗത വർധിപ്പിച്ചു.

മരണസംഖ്യ എത്രയാകുമെന്നതിനെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണെന്നും ജോഷ് ഗ്രീൻ പറഞ്ഞു. 1918ലുണ്ടായ ക്ലോക്കെ കാട്ടുതീയിലാണ് ഇതിന് മുൻപ് നൂറിലധികം പേരുടെ മരണം രേഖപ്പെടുത്തിയത്. 453 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മരണസംഖ്യ ഉണ്ടായത് 1871ൽ പെശ്തിഗോ കാട്ടുതീ പടർന്നുപിടിച്ചപ്പോഴായിരുന്നു. 1152 പേർ അന്നത്തെ കാട്ടുതീയിൽ കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഹവായ് ഗവർണർ പറഞ്ഞു. ദ്വീപിന്റെ പുനർ നിർമാണത്തിന് നിരവധി വർഷങ്ങളും വലിയ ചെലവും വേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 2,700-ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 2,100 ഏക്കറിലധികമാണ് കത്തിനശിച്ചത്.

ഹവായ് കാട്ടുതീ: മരണം 99, ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ
ഹവായ് കാട്ടുതീ ദുരന്തം: മരണം 55, നൂറുകണക്കിന് ആളുകളെ കാണാനില്ല

കാട്ടുതീയിൽ നശിച്ച ചരിത്രപ്രസിദ്ധമായ ലഹൈനയെ പുനർനിർമിക്കാൻ 55 ദശലക്ഷം ഡോളർ രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന ജലസംവിധാനത്തിൽ മാലിന്യവും രാസവസ്തുക്കളും കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് മൗയി കൗണ്ടി അധികൃതർ മുന്നറിയിപ്പ് നൽകി.

ബെൻസീനും മറ്റ് അസ്ഥിരമായ ജൈവ രാസവസ്തുക്കളും ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നിരിക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തൽഫലമായി ആരും പൈപ്പ് വെള്ളം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശം നല്കിയിട്ടുണ്ട്. തിളപ്പിച്ചാലും വെള്ളം ഉപയോഗപ്രദമാകില്ല. മൗയിയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ആളുകൾക്ക് പുറത്തിറങ്ങുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് മൗയി കൗണ്ടി പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in