ഹിലരി ചുഴലിക്കാറ്റ് മെക്സിക്കോയിലെ ബാജ കാലിഫോർണിയ ഉപദ്വീപിലേക്ക് നീങ്ങുന്നു
ഹിലരി ചുഴലിക്കാറ്റ് മെക്സിക്കോയിലെ ബാജ കാലിഫോർണിയ ഉപദ്വീപിലേക്ക് നീങ്ങുന്നു

ഹിലരി ചുഴലിക്കാറ്റ് മെക്സിക്കോയിലേക്ക് നീങ്ങുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത, ജാഗ്രതാ നിർദേശം

മെക്സിക്കോയുടെ പസഫിക് തീരത്തേക്ക് നീങ്ങുന്ന ഹിലരി, മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്
Updated on
1 min read

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയയിലും വീശിയടിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിലരി, മെക്സിക്കോയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലൂടെ കടന്നുപോയതിനു പിന്നാലെ, ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ഹിലരി, പിന്നീട് ദുർബലമായെങ്കിലും, മെക്സിക്കോയിൽ ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് അമേരിക്കയിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) അറിയിച്ചു. മെക്സിക്കോയുടെ പസഫിക് തീരത്തേക്ക് നീങ്ങുന്ന ഹിലരി, മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് ശനിയാഴ്ച കരതൊടുമെന്നും എൻഎച്ച്സി വ്യക്തമാക്കി.

ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും തെക്കൻ കാലിഫോർണിയയിലെയും നെവാഡയിലെയും ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും തുടർന്ന് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്

80 വർഷത്തിനിടയിൽ അമേരിക്കയിൽ വീശിയടിക്കുന്ന ആദ്യ ഉഷ്ണമേഖലാ കൊടുങ്കാറ്റാണിത്. മെക്സിക്കോയിലെ ബാജ കാലിഫോർണിയ ഉപദ്വീപിലും തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കനത്ത മഴ പെയ്യുന്നതായി എൻഎച്ച്സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിൽ എത്തുന്നതോടെ, ഇത് ദുർബലമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറും. ഹിലരി അതിവേഗം ദുർബലമാകുന്നതായി എൻഎച്ച്സിയിലെ മുതിർന്ന ചുഴലിക്കാറ്റ് വിദഗ്ധന്‍ ജോൺ കാംഗിയലോസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, ഇത് തെക്കൻ കാലിഫോർണിയയിലെയും നെവാഡയിലെയും ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും തുടർന്ന് വെള്ളപ്പൊക്കത്തിനും കാരണമാകും. ആയതിനാൽ, തെക്കുപടിഞ്ഞാറൻ അമേരിക്കയിലെ ഏകദേശം 26 ദശലക്ഷം ആളുകൾ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഈ മേഖലയിൽ ദുരന്ത നിവാരണ സേനയായ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയെ സജ്ജമാക്കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. പ്രളയ സാഹചര്യമുള്ള മേഖലകളിൽ താമസിക്കുന്നവർ ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഹിലരി ചുഴലിക്കാറ്റ് മെക്സിക്കോയിലെ ബാജ കാലിഫോർണിയ ഉപദ്വീപിലേക്ക് നീങ്ങുന്നു
ബയോടെക് അഴിമതി; അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവ്

മെക്സിക്കോയിലെ ചില ഭാഗങ്ങൾ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ പരിധിയിലാണ്. ഇവിടങ്ങളിലായി 18,000 സൈനികരെ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളതിനാൽ, മധ്യ കാലിഫോർണിയയിലെ സെന്ററിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണം സ്പേസ് എക്സ് തിങ്കളാഴ്ച വരെ നിർത്തിവച്ചു. വെള്ളപ്പൊക്കമുണ്ടായാൽ സന്ദർശകർ കുടുങ്ങിപ്പോകാതിരിക്കാൻ കാലിഫോർണിയയിലെ ജോഷ്വ ട്രീ നാഷണൽ പാർക്ക്, മൊജാവെ നാഷണൽ പ്രിസർവ് എന്നിവയും നാഷണൽ പാർക്ക് സർവീസ് അടച്ചിട്ടുണ്ട്.

തെക്കൻ കാലിഫോർണിയയിൽ അവസാനമായി ഉഷ്ണമേഖലാ കൊടുങ്കാറ്റ് വീശിയത് 1939 ൽ ലോംഗ് ബീച്ചിലാണ്. അമേരിക്കയിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നവയാണെന്നാണ് വിദഗ്‌ധർ പറയുന്നത്. ഈ വർഷത്തെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ. ഇത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ കാട്ടുതീയ്ക്ക് കാരണമായി. ഹവായിയിൽ ഓഗസ്റ്റ് എട്ടിനുണ്ടായ കാട്ടുതീയിൽ 111 പേരോളം കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹിലരി കൊടുങ്കാറ്റും ഉണ്ടാകുന്നത്.

logo
The Fourth
www.thefourthnews.in