വെളിച്ചമോ നാവിഗേഷന്‍ സഹായമോ ഇല്ല; അർധരാത്രി സുഡാനിൽ ഇന്ത്യന്‍ വ്യോമസേനയുടെ അതിസാഹസിക രക്ഷാപ്രവർത്തനം

വെളിച്ചമോ നാവിഗേഷന്‍ സഹായമോ ഇല്ല; അർധരാത്രി സുഡാനിൽ ഇന്ത്യന്‍ വ്യോമസേനയുടെ അതിസാഹസിക രക്ഷാപ്രവർത്തനം

ഓപ്പറേഷന്‍ കാവേരിയില്‍ പങ്കാളികളായി ഇൻഡിഗോയും

സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന. 121 പേരെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ ഹെവി ലിഫ്റ്റ് വിമാനത്തില്‍ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഖാര്‍ത്തൂമില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള വാദി സയ്യിദ്‌നയിലെ എയര്‍ സ്ട്രിപ്പില്‍ കുടുങ്ങി കിടന്നവരെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി രക്ഷപ്പെടുത്തിയതെന്ന് വ്യോമസേന അറിയിച്ചു.

നാവിഗേഷന്‍ സഹായമോ ഇന്ധനമോ ലഭ്യമല്ലാത്ത പ്രതികൂല സാഹചര്യത്തിലായിരുന്നു രക്ഷാദൗത്യം. രാത്രിയില്‍ വിമാനത്തിനിറങ്ങുന്നതിന് ആവശ്യമായ ലാന്‍ഡിംഗ് ലൈറ്റുകളും ഉണ്ടായിരുന്നില്ല. നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് സമീപത്ത് തടസങ്ങളോ ശത്രുക്കളുടെ സാന്നിധ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്തത്. ഇരുട്ടില്‍ അതിസാഹസികമായി ലാന്‍ഡ് ചെയ്തതിന് ശേഷം പൗരന്മാരെ സുരക്ഷിതമായി വിമാനത്തില്‍ കയറ്റി. നൈറ്റ് ലൈറ്റ് ഗ്ലാസുകള്‍ ഉപയോഗിച്ച് തന്നെയായിരുന്നു ടേക്ക് ഓഫും. രക്ഷപ്പെടുത്തിയവരെ ജിദ്ദയിലേക്കാണ് ആദ്യമെത്തിച്ചത്.

ഓപ്പറേഷന്‍ ഏകദേശം രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. മുന്‍പ് അഫ്ഗാനിസ്ഥാനിലെ യുദ്ധ സാഹചര്യത്തില്‍ കാബൂളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സമാനമാണ് വാദി സയ്യിദ്നയ്ക്കും ജിദ്ദയ്ക്കുമിടയില്‍ നടന്ന ഓപ്പറേഷനെന്ന് വ്യോമസേന അറിയിച്ചു.

രക്ഷപ്പെടുത്തിയവരിൽ ഒരു ഗർഭിണിയും ഉള്‍പ്പെടുന്നു. യുദ്ധം രൂക്ഷമായ മേഖലകളിലായതിനാല്‍ ഓപ്പറേഷന്‍ കാവേരിക്കായി സജ്ജമാക്കിയ പോയിന്റായ പോര്‍ട്ട് സുഡാനിലേക്ക് എത്തിച്ചേരാനാകാത്തവരായിരുന്നു വാദി സയ്യിദ്‌നയില്‍ കുടുങ്ങി കിടന്നിരുന്ന 121 പേരും.

അതിനിടെ വ്യോമസേനയ്ക്കൊപ്പം ഇന്‍ഡിഗോ എയര്‍ലൈന്‍സും സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ച 231പേരെ ഇന്‍ഡിഗോ വിമാനത്തില്‍ ന്യൂഡല്‍ഹിയിലെത്തിച്ചു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമാകാനുള്ള സന്നദ്ധത ഇന്‍ഡിഗോ നേരത്തെ തന്നെ അറിയിച്ചിരുന്നു

വെളിച്ചമോ നാവിഗേഷന്‍ സഹായമോ ഇല്ല; അർധരാത്രി സുഡാനിൽ ഇന്ത്യന്‍ വ്യോമസേനയുടെ അതിസാഹസിക രക്ഷാപ്രവർത്തനം
സുഡാനിൽ രക്ഷാദൗത്യത്തിനെത്തിയ തുർക്കി വിമാനത്തിന് വെടിയേറ്റു

സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുകയാണ്. വിദേശ രാജ്യങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനായി വെടിനിര്‍ത്തലിന് ഇരു കക്ഷികളും നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കി ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം രക്ഷാദൗത്യവുമായി സുഡാനിലെത്തിയ തുർക്കി വിമാനത്തിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അർധസൈനിക സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്‌സാണ് വെടിവയ്പ്പിന് പിന്നിലെന്ന് സുഡാനീസ് സൈന്യം ആരോപിച്ചു. വാദി സെയ്‌ദ്‌ന വിമാനത്താവളത്തിലെത്തിയ തുര്‍ക്കി വിമാനത്തിന് നേരെയാണ് വെടിവച്ചത്. വിമാനത്തിന് ചെറിയ തോതിൽ തീപിടിച്ചതായി തുർക്കിയും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in