ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിന് അനുമതി; ഇനി മുൻപിലുള്ള വഴികൾ എന്തെല്ലാം
Manuel Balce Ceneta

ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിന് അനുമതി; ഇനി മുൻപിലുള്ള വഴികൾ എന്തെല്ലാം

2009 മുതൽ 2017 വരെ വൈസ് പ്രസിഡന്റായിരുന്ന കാലം മുതൽ ബൈഡനും കുടുംബവും മകന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ലാഭം കൊയ്യുകയും ചെയ്തതായാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ​തി​രാ​യ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇം​പീ​ച്ച് ചെയ്യുന്നതിനുള്ള അന്വേഷണത്തിന് ജനപ്രതിനിധി സഭ അനുമതി നൽകി. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ മകനെ രക്ഷിക്കാനായി ബൈഡൻ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പേരിൽ പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന റിപ്പബ്ലിക്കൻ അംഗങ്ങളുടെ ആവശ്യത്തിലാണ് ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പു നടന്നത്.

വോട്ടെടുപ്പിൽ 221 പേർ അനുകൂലമായും 212 പേർ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്തു, ഇതോടെയാണ് അന്വേഷണത്തിന് അനുമതിയായത്. റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളവർ അനുകൂലമായതും ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങൾ അതിനെ എതിർത്തും വോട്ട് ചെയ്യുകയായിരുന്നു. ഇതുവരെ അന്വേഷണം നിയമവിധേയമാക്കാൻ സഭയ്ക്ക് മതിയായ വോട്ടുകൾ ഉണ്ടായിരുന്നില്ല.

ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിന് അനുമതി; ഇനി മുൻപിലുള്ള വഴികൾ എന്തെല്ലാം
നികുതി വെട്ടിപ്പ് അടക്കം മൂന്ന് കുറ്റകൃത്യങ്ങളിൽ ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റസമ്മതം നടത്തും

ബൈഡന്റെ കുടുംബാംഗങ്ങളുടെ ബിസിനസ് ഇടപാടുകളിലേക്ക് വരെ ചേക്കേറി ഏകദേശം ഒരു വർഷത്തോളമായി നീണ്ടുനിൽക്കുന്ന അന്വേഷത്തിൽ തീർപ്പുണ്ടാക്കാൻ സ്പീക്കർ മൈക്ക് ജോൺസണും സംഘത്തിനും സമ്മർദ്ദം വർധിച്ചിരുന്നു. കൂടാതെ, ബൈഡന്റെ പ്രധാന എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്റെ നിർബന്ധത്തെ തുടർന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ഇംപീച്ച്മെന്റ് നടപടികൾ വേഗത്തിലാക്കിയത്.

സഭാ സമിതിക്കു മുന്നിൽ ഹാജരായി തെളിവുകൾ നൽകാനുള്ള നോട്ടിസ് ഹണ്ടർ ബൈഡൻ തള്ളിയതിന് പിന്നാലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. സ്വകാര്യമായി മൊഴി നൽകിയാൽ തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിക്കപ്പെടുമെന്നുള്ളത് കൊണ്ടാണ് നോട്ടിസ് തള്ളിയതെന്നും പരസ്യമായി മാത്രമേ സാക്ഷി മൊഴി രേഖപ്പെടുത്തുവെന്നുമാണ് ഹണ്ടർ ബൈഡൻ വ്യക്തമാക്കിയത്.

എന്താണ് ഇംപീച്ച്മെന്റ് അന്വേഷണം?

പ്രസിഡന്റ്, കാബിനറ്റ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ ഒരു ഫെഡറൽ ഉദ്യോഗസ്ഥൻ തുടങ്ങിയവർക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ചുള്ള ഔപചാരിക അന്വേഷണമാണ് ഇംപീച്ച്‌മെന്റ് അന്വേഷണം. അന്വേഷണത്തിൽ വീഴ്ചപറ്റി എന്ന് തെളിഞ്ഞാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സിവിൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ സ്ഥാനത്തു നിന്നും മാറ്റുന്നതിനുള്ള ഉപാധിയായാണ് യുഎസ് സ്ഥാപകർ ഭരണഘടനയിൽ ഇംപീച്ച്മെന്റ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്കെതിരെ രാജ്യദ്രോഹം, കൈക്കൂലി, തുടങ്ങിയ കുറ്റങ്ങൾ തെളിയുന്ന മുറെ അവരെ ഓഫീസിൽ നിന്ന് പുറത്താക്കാവുന്നതാണ്.

ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിന് അനുമതി; ഇനി മുൻപിലുള്ള വഴികൾ എന്തെല്ലാം
അനധികൃതമായി തോക്ക് കൈവശംവച്ചു; ജോ ബൈഡന്റെ മകൻ ഹണ്ടറിനെതിരെ കുറ്റപത്രം

ഒരു ഉദ്യോഗസ്ഥനെ ഇംപീച്ച് ചെയ്യാനുള്ള അധികാരം ജനപ്രതിനിധി സഭയ്‌ക്കാണെങ്കിലും അധികാരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള അധികാരം സെനറ്റിന് മാത്രമാണുള്ളത്. ഇതിനുദാഹരണമാണ്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിലുണ്ടായത്. ഇദ്ദേഹത്തെ ഹൗസ് രണ്ടുതവണ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കുകയായിരുന്നു.

ഇന്നുവരെ, ഒരു പ്രസിഡന്റും ഇംപീച്ച്‌മെന്റിലൂടെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല, അതേസമയം ഇംപീച്ച്‌മെന്റ് അന്വേഷണം നേരിടുന്ന എട്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ. ആൻഡ്രൂ ജോൺസൺ, ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ് എന്നി മൂന്ന് പ്രസിഡന്റുമാരെ മാത്രമേ അന്വേഷണത്തിന് ശേഷം ഇംപീച്ച് ചെയ്തിട്ടുള്ളൂ.

കേസിൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല

ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ബന്ധങ്ങൾ പ്രസിഡന്റ് ബൈഡന് ഗുണകരമായതിന്റെയോ ബൈഡൻ വഴിവിട്ട് മകനെ സഹായിച്ചതിന്റെയോ തെളിവുകളൊന്നും ഹാജരാക്കാൻ ആരോപണം ഉന്നയിച്ചവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2009 മുതൽ 2017 വരെ ബൈഡൻ ഹൗസിലെ വൈസ് പ്രസിഡന്റായിരുന്ന കാലം മുതൽ ബൈഡനും കുടുംബവും മകന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ലാഭം കൊയ്യുകയും ചെയ്തതായാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ജോ ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമം പരാജയപ്പെടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ആവശ്യമായ കേവലഭൂരിപക്ഷം സഭ കൈവരിച്ചാൽ പോലും, സെനറ്റിന് മൂന്നിൽ രണ്ട് വോട്ടിന് അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ വീണ്ടും വോട്ട് രേഖപ്പെടുത്തേണ്ടിവരും. ഡെമോക്രാറ്റിക്ക് പാർട്ടിക്ക് 51 - 49 എന്ന ഭൂരിപക്ഷമുള്ള ചേമ്പറിൽ ഇത് അസാധ്യമാണ് എന്നതാണ് വസ്തുത.

ബൈഡനെതിരെയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിന് അനുമതി; ഇനി മുൻപിലുള്ള വഴികൾ എന്തെല്ലാം
'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ കെവിന്‍ മക്കാർത്തി പുറത്ത്

ബൈഡനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം, 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആരോപണമായി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാൻ റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കും, പ്രതേകിച്ച് ബൈഡൻ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ.

logo
The Fourth
www.thefourthnews.in