ഗാസ: ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിൽ  അന്താരാഷ്ട്ര കോടതിയിൽ വാദം ഇന്നു മുതൽ;  പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഗാസ: ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിൽ അന്താരാഷ്ട്ര കോടതിയിൽ വാദം ഇന്നു മുതൽ; പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഡിസംബര്‍ 29-നായിരുന്നു ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ 96-ാം ദിവസവും തുടരുകയാണ്. 23,000-ത്തിലധികം പേർക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിജെ) യെ സമീപിച്ചത്. ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യക്കേസിലെ രണ്ട് ദിവസത്തെ പൊതു വാദം ഇന്ന് ആരംഭിക്കുകയാണ്.

ഡിസംബര്‍ 29-നായിരുന്നു ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇസ്രയേലും ദക്ഷിണാഫ്രിക്കയും പങ്കാളികളായ 1948-ലെ ഐക്യരാഷ്ട്ര സഭയുടെ വംശഹത്യ കണ്‍വെന്‍ഷന് വിരുദ്ധമായാണ് ഇസ്രയേല്‍ ഇപ്പോള്‍ വംശഹത്യ നടത്തുന്നതെന്ന് ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുട്ടികളടക്കമുള്ളവരുടെ കൊലപാതകം, പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കല്‍, അവരുടെ വീടുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവയെല്ലാം വംശഹത്യയാണെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു.

ഭക്ഷണം അടക്കം ഗര്‍ഭിണികള്‍ക്കുള്ള അവശ്യ ആരോഗ്യ സേവനങ്ങള്‍ മുടക്കിയത് വരെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഇസ്രയേല്‍ ഇവയെല്ലാം പ്രതിരോധിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇനി ഈ കേസിനെ എങ്ങനെ അന്താരാഷ്ട്ര കോടതി സമീപിക്കുന്നുവെന്ന് നോക്കിക്കാണേണ്ടതുണ്ട്.

ഗാസ: ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിൽ  അന്താരാഷ്ട്ര കോടതിയിൽ വാദം ഇന്നു മുതൽ;  പ്രതീക്ഷയ്ക്ക് വകയുണ്ടോ?
ഗാസയിലെ വംശഹത്യ കേസിനെ ലോക കോടതിയിൽ പ്രതിരോധിക്കാൻ ഇസ്രയേൽ; ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം

ഇസ്രയേല്‍ സൈന്യത്തോട് ഉടന്‍ ഗാസ വിട്ടുപോകണമെന്നും പൗരന്മാര്‍ക്കെതിരെ വിവേചനരഹിതമായ ഇസ്രയേലിന്റെ ബോംബ് ആക്രമണം നിര്‍ത്തണമെന്നുമുള്ള ദക്ഷിണാഫ്രിക്കയുടെ അടിയന്തര ആവശ്യപ്രകാരമുള്ള വാദമാണ് ഇന്ന് നടക്കുന്നത്.

അന്താരാഷ്ട്ര കോടതിയില്‍ ഇത് അസാധാരണ സംഭവമല്ല. ഐസിജെ നിയമങ്ങള്‍ പ്രകാരം ഇടക്കാല നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ആവശ്യപ്പെടാം. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ ഐസിജെ ആഴ്ചകള്‍ക്കുളളില്‍ ഉത്തരവ് പുറപ്പെടുവിക്കും. ഉദാഹരണമായി യുക്രെയ്ന്‍-റഷ്യ വിഷയം തന്നെ പരിഗണിക്കാം. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നല്‍കിയ അഭ്യര്‍ത്ഥന കോടതി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പരിഗണിച്ചിരുന്നു.

തുടര്‍ന്ന് 2022 മാര്‍ച്ച് 16-ന് സൈനിക ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ കേസില്‍ ഈ രീതി ബുദ്ധിമുട്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. യുക്രെയ്ന്‍ കേസില്‍ രണ്ട് രാജ്യങ്ങളും കക്ഷികളായിരുന്നു. ഇവിടെ ഹമാസ് കക്ഷിയല്ലാത്തത് കൊണ്ട് ഇസ്രയേലിനോട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാന്‍ സാധിച്ചെന്ന് വരില്ലെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളജ് പ്രൊഫസര്‍ മിഖായേല്‍ ബെക്കര്‍ പറയുന്നു.

അതേസമയം ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയോ എന്നതിന്റെ മുഴുവന്‍ വിധിന്യായം വരാന്‍ വര്‍ഷങ്ങളെടുക്കും. ഉദാഹരണമായി, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മ്യാന്‍മര്‍ നടത്തുന്ന സൈനിക അടിച്ചമര്‍ത്തലിനെതിരെ ഗാമ്പിയ നല്‍കിയ കേസ് നാല് വര്‍ഷമായിട്ടും വിചാരണയിലാണ്.

അന്താരാഷ്ട്ര കോടതിയുടെ രീതികള്‍

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലും ജനറല്‍ അസംബ്ലിയിലും നടത്തുന്ന തിരഞ്ഞെടുപ്പുകളിലൂടെ നിയോഗിക്കപ്പെടുന്ന 15 ജഡ്ജിമാരാണ് അന്താരാഷ്ട്ര കോടതിയിലുള്ളത്. ഏത് രാജ്യങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാമെങ്കിലും ഒരു രാജ്യത്തുനിന്ന് രണ്ട് പേര്‍ ജഡ്ജിമാരായി ഉണ്ടാകാന്‍ പാടില്ല. ഫ്രാന്‍സ്, സ്ലോവാക്യ, സൊമാലിയ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവരും ജഡ്ജിമാരായി സേവനമനുഷ്ടിക്കുന്നു. ജഡ്ജിമാരിൽ നിന്ന് രഹസ്യ ബാലറ്റിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.

നിലവില്‍ അമേരിക്കയുടെ ജോണ്‍ ഇ ഡോണഗ്യു പ്രസിഡന്റും റഷ്യയുടെ കിറില്‍ ജെവോര്‍ജിയന്‍ വൈസ് പ്രസിഡന്റുമാണ്. ജഡ്ജിമാര്‍ നിക്ഷ്പക്ഷരായിരിക്കണം. കൂടാതെ അവരുടെ രാജ്യത്തിന്റെ നിലപാടുകളുടെ വക്താക്കളായി പ്രവര്‍ത്തിക്കാനും പാടില്ല. എന്നാല്‍ ഇതിനെതിരായ സമീപനങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 2022-ല്‍ റഷ്യയെ യുക്രെയ്‌നിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ റഷ്യയിലെയും ചൈനയിലെയും ജഡ്ജിമാര്‍ മാത്രമാണ് വോട്ട് ചെയ്തത്.

നിലവില്‍, ഇസ്രയേലിനും ദക്ഷിണാഫ്രിക്കയ്ക്കും പ്രതിനിധികളില്ലാത്തതിനാല്‍ രണ്ട് പേര്‍ക്കും അഡ് ഹോക്കുമാരെ നിയമിക്കാം. ഹോളോകോസ്റ്റ് അതിജീവിച്ചയാളും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ അഹരോണ്‍ ബാറകാണ് ഇസ്രയേലിനുവേണ്ടി വാദിക്കുന്നത്. മുന്‍ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് ഡിക്ഗാങ് മൊസെനെകാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഹാജരാകുന്നത്.

ഈ ആഴ്ച പരിഗണിക്കുന്ന കേസിന് അധികാര പരിധിയുണ്ടോയെന്ന് കോടതി നിരീക്ഷിക്കും. കേസില്‍ ഭാഗമായ രാജ്യങ്ങള്‍ കോടതിയുടെ അധികാരം അംഗീകരിക്കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും ഉടമ്പടിയില്‍ ഭാഗമാകുകയോ ചെയ്യുമ്പോള്‍ അധികാരപരിധി സ്ഥാപിക്കുന്നു. ഇവിടെ 1948-ലെ വംശഹത്യ കണ്‍വെന്‍ഷന്റെ ഭാഗമാണ് ഇസ്രയേലും ദക്ഷിണാഫ്രിക്കയും.

ഗാസ: ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിൽ  അന്താരാഷ്ട്ര കോടതിയിൽ വാദം ഇന്നു മുതൽ;  പ്രതീക്ഷയ്ക്ക് വകയുണ്ടോ?
ഗാസയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ അധികമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

ഉന്നത നിയമ കൗണ്‍സല്‍ അഥവാ ഉയര്‍ന്ന നിയമ പ്രൊഫസര്‍മാര്‍ അടങ്ങുന്ന പ്രത്യേക ഏജന്റുമാരുടെ ടീമിനെ ഓരോ രാജ്യങ്ങള്‍ക്കും നിയമിക്കാം. ഇസ്രയേല്‍ ബ്രിട്ടീഷ് അഭിഭാഷകനായ മാല്‍കോം ഷായെയും അന്താരാഷ്ട്ര നിയമ പ്രൊഫസറായ ജോണ്‍ ഡുഗാര്‍ഡിനെ ദക്ഷിണാഫ്രിക്കയും നിയമിച്ചു.

ഇന്ന് മുതല്‍ നടക്കുന്ന അടിയന്തര വാദം കേള്‍ക്കലില്‍ ഇരു ഭാഗങ്ങളും അവരുടെ വാദങ്ങള്‍ മുഴുവന്‍ ബെഞ്ചിനും മുന്നില്‍ അവതരിപ്പിക്കണം. വാദങ്ങള്‍ കേള്‍ക്കാന്‍ ഐസിജെയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ജസ്റ്റിന്റെ മുകളില്‍ 17 ജഡ്ജിമാരും അണിനിരക്കും. സാധാരണ കോടതികളില്‍ നടക്കുന്ന വിചാരണ പോലെ ഏജന്റുമാരോട് ചോദിക്കുന്ന ഏത് ചോദ്യത്തിനും അപ്പോള്‍ തന്നെ ഉത്തരം നല്‍കണമെന്നില്ല, മറിച്ച് പിന്നീട് എഴുതി സമര്‍പ്പിച്ചാല്‍ മതി. അതുപോലെ സാധാരണ കോടതികള്‍ പോലെ ഇവിടെ സാക്ഷികളുമില്ല.

താത്കാലിക വാദം കേള്‍ക്കല്‍ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെങ്കിലും, ദക്ഷിണാഫ്രിക്ക ആരോപിക്കുന്നത് പോലെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് തെളിയിക്കാന്‍ ഒരുപാട് സമയമെടുക്കും. വാദങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും കോടതി ഇരു രാജ്യങ്ങള്‍ക്കും സമയം നല്‍കും. നിരവധി വാദങ്ങള്‍ക്കൊടുവില്‍ ജഡ്ജിമാര്‍ വോട്ടിനിട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

ജഡ്ജിമാര്‍ ഏത് വിധത്തില്‍ വോട്ട് ചെയ്യുമെന്നോ, എന്ത് വിധി പുറപ്പെടുവിക്കുമെന്നോ പ്രവചിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിരന്തരമായി ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനാല്‍ ഐസിജെ തീരുമാനം എന്തായാലും ഇസ്രയേല്‍ അംഗീകരിക്കണം. ഐസിജെയുടെ വിധികള്‍ നിയമപരമായി ബാധകവും അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തതുമാണ്. എന്നിരുന്നാലും കോടതിക്ക് വിധി നടപ്പാക്കാനുള്ള അധികാരമില്ല.

ഇതാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലെ മറ്റൊരു പ്രശ്‌നം. കോടതി വിധി ഇസ്രയേല്‍ പാലിക്കുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കാം. എന്നാല്‍ സ്ഥിരം പ്രതിനിധിയെന്ന നിലയില്‍ വീറ്റോ പവര്‍ ഉള്ള അമേരിക്ക സുരക്ഷാ സമിതിയിലുണ്ടെന്നതും വെല്ലുവിളിയാണ്. ഈ യുദ്ധം ആരംഭിച്ചതിന് ശേഷം സംരക്ഷിക്കുന്നത് പോലെ അപ്പോഴും അമേരിക്കയ്ക്ക് ഇസ്രയേലിനെ സഹായിക്കാം. 1945 മുതലുള്ള ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ കൗണ്‍സിലിന്റെ 36 പ്രമേയങ്ങളില്‍ 34 എണ്ണവും അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്.

മറ്റ് രാജ്യങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കുമോ?

ദക്ഷിണാഫ്രിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായും പ്രതികൂലമായും നിലപാട് സ്വീകരിക്കാന്‍ കഴിയുമെങ്കിലും ഇതുവരെ ഒരു രാജ്യവും അതിനായി മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ യുക്രെയ്ന്‍-റഷ്യ കേസില്‍ ഹംഗറി ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 32 രാജ്യങ്ങള്‍ യുക്രെയ്‌നിനെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു.

എന്നാല്‍ ഒരുപാട് രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ കാരണം കേസുകള്‍ മന്ദഗതിയിലാകാനും സാധ്യതയുണ്ട്. അതേസമയം രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും കേസിലെ രാജ്യങ്ങളെ പിന്തുണച്ച് രാഷ്ട്രീയ പ്രസ്താവനകള്‍ നല്‍കാം. നിലവില്‍ മലേഷ്യ, തുര്‍ക്കി, ബൊളീവിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കു പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in