ഇറാനെതിരേ ആയുധമെടുക്കാന്‍ ഇസ്രയേല്‍ മടിക്കുന്നതെന്തിന്? മുഖംരക്ഷിക്കാന്‍ യുദ്ധത്തിന് ഇറങ്ങുമോ?

ഇറാനെതിരേ ആയുധമെടുക്കാന്‍ ഇസ്രയേല്‍ മടിക്കുന്നതെന്തിന്? മുഖംരക്ഷിക്കാന്‍ യുദ്ധത്തിന് ഇറങ്ങുമോ?

രണ്ടു ദിവസത്തിനു ശേഷവും തിരിച്ചടിക്കാത്ത ഇസ്രയേലിന്റെ പദ്ധതി എന്തായിരിക്കും?

ഗാസയ്ക്കുമേല്‍ ഇസ്രയേലിന്റെ സൈനിക അധിനിവേശം തുടരുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള അസ്വാരസ്യം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. പരസ്പരം വെല്ലുവിളിച്ച് അകലം പാലിച്ചിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടുള്ള സംഘര്‍ഷത്തിന്റെ വക്കിലെത്തി. എന്നാല്‍ ഏപ്രില്‍ 14ന് ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോട് ഇസ്രയേല്‍ തുടരുന്ന മൗനം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

മുന്നൂറോളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമായിയുരുന്നു ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാന്‍ അതേ ഭാഷയിൽ ഇസ്രയേല്‍ തയ്യാറായിട്ടില്ല. എന്നാൽ തക്കതായ മറുപടി നൽകുമെന്ന് ആവർത്തിക്കുന്നുമുണ്ട്. എന്താണ് ഇസ്രയേലിന്റെ ഈ സമീപനത്തിനു പിന്നില്‍? എന്തായിരിക്കും ഇസ്രയേലിന്റെ പദ്ധതി? ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്.

ഇറാനെതിരേ ആയുധമെടുക്കാന്‍ ഇസ്രയേല്‍ മടിക്കുന്നതെന്തിന്? മുഖംരക്ഷിക്കാന്‍ യുദ്ധത്തിന് ഇറങ്ങുമോ?
ഇറാനെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; രണ്ട് ദിവസത്തിനിടയില്‍ യുദ്ധമന്ത്രിസഭ ചേര്‍ന്നത് നാല് തവണ

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ മറുപടി നല്‍കിയിരുന്നു. എന്നാൽ ഇറാന്റെ കാര്യത്തിൽ അത്തരമൊരു ഉടൻ മറുപടി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇറാന്റെ ആക്രമണത്തിനു പിന്നാലെ, എന്തായിരിക്കണം ഇസ്രയേലിന്റെ മറുപടി എന്ന് ചര്‍ച്ച ചെയ്യാന്‍ ഇസ്രയേലിന്റെ യുദ്ധമന്ത്രിസഭ ചേര്‍ന്നിരുന്നു. ഒന്നല്ല, നാല് തവണ. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യൊഹാവ് ഗാലന്റും മുന്‍ പ്രതിരോധമന്ത്രിയും നെതന്യാഹുവിന്റെ വിമര്‍ശകനും കൂടിയായ ബെന്നി ഗാന്റ്‌സും ഉള്‍പ്പെടുന്നതാണ് യുദ്ധമന്ത്രിസഭ. എന്നാല്‍ യോഗതീരുമാനം എന്തെന്ന് ഇതുവരെ വ്യക്തമല്ല.

ഇറാന് മറുപടി നല്‍കുകയെന്നത് ഇസ്രയേലിന്റെ അഭിമാന പ്രശ്‌നമാണ്. എന്നാല്‍ അത്ര എളുപ്പം ഒരു തിരിച്ചടി ഇസ്രായലിനെ സംബന്ധിച്ചിടത്തോളം സാധ്യമല്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തുവിട്ട മുന്നൂറോളം വരുന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും ഭൂരിഭാഗവും നിര്‍വീര്യമാക്കിയത് അമേരിക്കയും ബ്രിട്ടനുമാണ്. ഫ്രാന്‍സും ജോര്‍ദാനും ഇതേ തരത്തിൽ സഹായിച്ചു. അതിനാല്‍ അന്താരാഷ്ട്ര നിലപാടുകള്‍ കൂടി പരിഗണിക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിൽ ഏഴു വയസുള്ള ഒരു പെണ്‍കുട്ടി മാത്രമായിരുന്നു കൊല്ലപ്പെട്ടത്. ഒരു സൈനിക വിമാനത്താവളത്തിനും കേടുപാടുണ്ടായി. അതായത് ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ഇസ്രയേലിൽ എത്തിയില്ലെന്ന് ചുരുക്കും.

ഇറാന് മറുപടി നല്കണമെന്നുള്ളത് ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തികളിലൊന്ന് എന്ന് വിശേഷണമുള്ള ഇസ്രയേലിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. എന്നാൽ ഒരു പ്രത്യാക്രമണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായാൽ കനത്ത തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഇറാന്റെ മുന്നറിയിപ്പുകൂടി ലോകത്തിനു മുന്നിലുണ്ട്. അതായത് പശ്ചിമമേഷ്യ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് ചുരുക്കം. ഗാസ ആക്രമണത്തിൽ ലോകരാജ്യങ്ങളിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ മറ്റൊരു ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടേണ്ടിവരുന്നത് ഇസ്രയേലിന് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് അമേരിക്കയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ.

ഇസ്രയേല്‍ തിരിച്ചടിക്കുമോ?

ഇറാന്റെ ആക്രമണത്തെ ഇസ്രയേല്‍ പ്രതിരോധിച്ചത് അമേരിക്കയുടെയും ബ്രിട്ടന്റെയും ജോര്‍ദാന്റെയുമുള്‍പ്പെടെയുള്ള ഇടപെടലിന്റെ ഫലം കൂടിയാണ്. വലിയൊരു ഭീഷണി ഒഴിഞ്ഞു പോയെങ്കിലും തിരിച്ചടിക്കുമെന്ന് തന്നെയാണ് ഇസ്രയേല്‍ നിലപാട്. യുദ്ധമന്ത്രിസഭയുടെ ഭാഗമായിട്ടുള്ള ഗാലന്റും ഗാന്റ്‌സും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതികരണവും ഇതിന്റെ സൂചന നല്‍കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നതന്യാഹു അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന നിലയിലായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ഔദ്യോഗിക വക്താവായ അഡ്മിറല്‍ ഡാനിയേല്‍ ഹാഗരിയുടെ പ്രതികരണം.

ഇറാനെതിരായ നീക്കത്തിന് മുന്‍പ് ഇസ്രയേല്‍ മനസിലാക്കേണ്ടത്

ഇറാനെതിരെ തിരിയും മുന്‍പ് ഇസ്രയേല്‍ മൂന്ന് വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിന്റെ തിരിച്ചടിയോടുള്ള ഇറാന്റെ പ്രതികരണമാണ് ഒന്നാമത്തേത്. തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ പ്രതികരണം രൂക്ഷമായേക്കുമെന്ന് നേരത്തെ തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഗാസ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന അമേരിക്ക ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള നിലപാടും ഏറെ പ്രധാനമാണ്.

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ഇസ്രയേൽ ആക്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു ഇറാൻ നൽകിയത്. ഇതിൽ അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിന് ഇറാൻ തുനിഞ്ഞില്ല. തങ്ങളുടെ ആയുധപ്പുരയിലുള്ള മാരകനാശം വിതയ്ക്കാൻ കഴിവുള്ള ആയുധങ്ങളും ഇറാൻ ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. അതായത്, തങ്ങളുടെ മണ്ണ് ആക്രമിച്ചതിനു പകരം തിരിച്ചടിച്ചുവെന്ന പ്രതീതി വരുത്തി മുഖം രക്ഷിക്കുകയായിരുന്നു ഇറാൻ ലക്ഷ്യമിട്ടതെന്നും കൈവിട്ട കളി അവർ ആഗ്രഹിക്കുന്നില്ലെന്നുമാണ് യുദ്ധ-വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഇപ്പോഴത്തെ സംഘര്‍ഷ സാഹചര്യം തുടരേണ്ടതില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനെ പിണക്കാന്‍ അമേരിക്ക നില്‍ക്കില്ലെന്നത് തന്നെയാണ് അതില്‍ പ്രധാനം. തങ്ങൾക്ക് വിശാലമായ താല്പര്യമുള്ള പശ്ചിമേഷ്യ കൂടുതൽ അസ്ഥിരമാകുന്നതും ഗൾഫ് രാജ്യങ്ങൾ വീണ്ടും ഇസ്രായേലിന് എതിരാകാൻ സാധ്യതയുള്ളതും അമേരിക്കയെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.

ഹമാസിനെതിരെ ആരംഭിച്ച സൈനിക നടപടി സൃഷ്ടിച്ച പ്രതിസന്ധിയാണ് മറ്റൊന്ന്. ആക്രമണം ആറ് മാസം പിന്നിടുമ്പോഴും ലക്ഷ്യം കാണാന്‍ കഴിയാത്ത സാഹചര്യത്തിന് ഇടയില്‍ മറ്റൊരു ശത്രുകൂടി കടന്നുവരുന്നത് ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തും.

ഇസ്രയേല്‍ എന്താവും തീരുമാനിക്കുക?

ഇറാനെ ആക്രമിക്കുന്നത് യുദ്ധത്തില്‍ അവസാനിക്കുന്ന സാഹചര്യം തിരിച്ചടിയാകുമെന്നതിനാല്‍ കടുത്ത നടപടിക്ക് ഇസ്രയേല്‍ മുതിരില്ലെന്നാണ് നയതന്ത്ര-യുദ്ധവിദഗ്ധരുടെ വിലയിരുത്തൽ. ഇറാന്റെ ആണവ ശക്തിയെക്കുറിച്ച് മനസിലാക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇസ്രയേലിന്റെ തിരിച്ചടി സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ആയിരിക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍. ഇറാനെതിരെ പലതവണ ഇസ്രയേല്‍ സൈബര്‍ ആക്രണം ഉണ്ടായിട്ടുമുണ്ട്. സിറിയ പോലുള്ള രാജ്യങ്ങളിലുള്ള ഇറാനിയന്‍ ആസ്തികളായിരിക്കും ഇസ്രയേല്‍ ലക്ഷ്യമിട്ടേക്കാവുന്ന മറ്റൊന്ന്. ഇറാന്റെ ഡ്രോണ്‍ നിര്‍മ്മാണ ശാലകള്‍ പോലും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടേക്കാം. നേരിട്ടല്ലാതെ നടത്തുന്ന ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ആരോപിക്കാന്‍ പോവും ഇറാന് സാധിക്കില്ല. അതുപോലെ സിറിയയിലെ കോൺസുലേറ്റിൽ ബോംബിട്ട് ഇറാന്റെ മുതിർന്ന കമാൻഡമാരെ വധിച്ചതുപോലെയുള്ള നീക്കങ്ങളും ഇസ്രയേൽ നടത്തിയേക്കാം.

ഇനിയൊരു യുദ്ധം ഇസ്രയേലിന് താങ്ങാൻ സാധിക്കുമോ?

ഒന്നിലധികം എതിരാളികള്‍ക്കെതിരെ ഒരേസമയം പൊരുതാന്‍ ക്ഷമതയുള്ള രാജ്യമായി തന്നെയാണ് ഇസ്രയേല്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഹമാസിനെ ലക്ഷ്യമിട്ട് ഗാസയ്ക്ക് മേല്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സൈനിക നീക്കത്തിന്റെ സാഹചര്യത്തില്‍ തന്നെ ഇറാനുമായി യുദ്ധം പ്രതിസന്ധികള്‍ വര്‍ധിപ്പിക്കും. ഇറാനെതിരായ നീക്കം ലെബനനിലെ ഹിസ്ബുല്ലയെയും ഇസ്രയേലിനെതിരെ രംഗത്തിറക്കും. 1973 ലെ യോം കിപ്പുര്‍ യുദ്ധത്തിന് ശേഷം ഇസ്രയേലിന്റെ പ്രധാന ഭീഷണികളില്‍ ഒന്നാണ് ഹിസ്ബുല്ല.

ഇറാനുമായി യുദ്ധം ആരംഭിച്ചാല്‍ വലിയതോതില്‍ ആയുധങ്ങളും സൈനികരും ആവശ്യമായി വരും. ഹമാസിനെതിരായ സൈനിക നടപടിയില്‍ തന്നെ ഇസ്രയേല്‍ ആയുധങ്ങളുടെ ക്ഷാമം അനുഭവിക്കുന്നുണ്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ 75 ശതമാനവും റിസര്‍വിറ്റുകളാണ്. ആയുധത്തിനപ്പുറം വൈദ്യുതി, ജല ലഭ്യത, ഗതാഗത സംവിധാനങ്ങളെയും സാമ്പത്തികാവസ്ഥയെയും യുദ്ധം സാരമായി ബാധിക്കുന്ന നിലയുണ്ടാകും. ഇപ്പോൾ ഇറാന്റെ ആക്രമണത്തെ ചെറുക്കാൻ അയേൺ ഡോം പ്രതിരോധ മിസൈലുകളും യുദ്ധവിമാനങ്ങളും ഏതാനും മണിക്കൂറുകൾ ഉപയോഗിച്ചപ്പോൾ തന്നെ 11,000 കോടി രൂപ ഇസ്രയേലിന് ചെലവായതാണ് റിപ്പോർട്ട്.

ഇറാനെതിരേ ആയുധമെടുക്കാന്‍ ഇസ്രയേല്‍ മടിക്കുന്നതെന്തിന്? മുഖംരക്ഷിക്കാന്‍ യുദ്ധത്തിന് ഇറങ്ങുമോ?
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി; ഇറാനുമായി ചർച്ച നടത്തി കേന്ദ്രം

അമേരിക്ക ഇടപെടുമോ?

യുദ്ധമുണ്ടാകുമോ ഇല്ലയോയെന്ന് തീരുമാനിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അമേരിക്ക ഇസ്രയേലിന് പിന്തുണ നൽകുമോ എന്നതാണ്. ഇപ്പോൾ തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ന് പിന്തുണ നൽകുന്നതും ഹമാസിനെതിരെ നടക്കുന്ന ആക്രമണത്തിൽ ഇസ്രയേലിന് പിന്തുണ നൽകുന്നതും അമേരിക്കയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. തങ്ങൾ ആവശ്യപ്പെട്ട ആയുധങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്ന പരാതി ഇസ്രയേലി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിൽ മധ്യേഷ്യയിൽ ഒരു സംഘർഷംകൂടി ബൈഡൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഇറാനെ ആക്രമിക്കാൻ ഇസ്രേയിലനൊപ്പം കൂടില്ലെന്നും പ്രതിരോധിക്കാൻ സഹായിക്കുമെന്നുമാണ് യുഎസ് നിലപാട്.

logo
The Fourth
www.thefourthnews.in