പരാജയപ്പെടുന്ന ഖ്വൊമേനി; തിരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന ഇറാന്‍ ജനത

പരാജയപ്പെടുന്ന ഖ്വൊമേനി; തിരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന ഇറാന്‍ ജനത

തിരഞ്ഞെടുപ്പ് എന്തെങ്കിലും മാറ്റമുണ്ടാക്കുമെങ്കില്‍, അവര്‍ നിങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് മതപോലീസ് കൊലപ്പെടുത്തിയ മഹ്‌സ അമീനിയുടെ മാതാവ് മോജ്ഗാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

''രാജ്യത്തോടും ഇസ്ലാമിനോടുമുള്ള കൂറുപുലര്‍ത്താന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കു'' ഇന്ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖ്വൊമേനി നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, ഈ ആഹ്വാനം ഇറാന്‍ ജനത എത്രമാത്രം സ്വീകരിക്കും എന്നുള്ള ചോദ്യമാണ് ഉയരുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം, ഇറാനില്‍ ജനങ്ങള്‍ പൊതുതിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചു നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമീനിയെന്ന യുവതിയെ മതപോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയൊലികള്‍ ഇറാനില്‍ കെട്ടടങ്ങിയിട്ടില്ല. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയതിനും സമരം ചെയ്യാന്‍ മുന്നില്‍ നിന്നവരുടെ വധശിക്ഷ നടപ്പാക്കിയതിനും ശേഷം, ഇറാന്‍ ഭരണകൂടം തിരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനായി ജനങ്ങളെ 'ക്ഷണിച്ചു'. എന്നാല്‍, ഒരുവിഭാഗം ജനത ആ ക്ഷണത്തോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും എന്താണ് വ്യത്യാസം എന്നാണ് ഇവരുടെ ചോദ്യം.

''തിരഞ്ഞെടുപ്പ് എന്തെങ്കിലും മാറ്റമുണ്ടാക്കുമെങ്കില്‍, അവര്‍ നിങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിക്കില്ല'' എന്നാണ് മഹ്‌സയുടെ മാതാവ് മോജ്ഗാന്‍ ഇഫ്‌തേഖരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കപ്പെടുകയാണെന്നും ഇറാനികളുടെ യഥാര്‍ത്ഥ കടമ ബഹിഷ്‌കരിക്കുകയാണ് എന്നാണ് നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ വാക്കുകള്‍. മനുഷ്യാവകാശ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നര്‍ഗീസിന്, പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും ഭരണകൂടം അവസരം നല്‍കിയില്ല.

290 അംഗ പാര്‍ലമെന്റിലേക്കും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള 88 അംഗ വിദഗ്ധ സമിതിയിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന പ്രവണത ആദ്യമായല്ല ഇറാന്‍ ജനത സ്വീകരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 42 ശതമാനം മാത്രമായിരുന്നു വോട്ടിങ് ശതമാനം. ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം, ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമായിരുന്നു ഇത്. പോളിങ് ബൂത്തുകളുടെയും സ്ഥാനാര്‍ഥികളുടേയും എണ്ണംകൂട്ടി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

പരാജയപ്പെടുന്ന ഖ്വൊമേനി; തിരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന ഇറാന്‍ ജനത
ലോകം 'അമിതഭാര'ത്തിന്റെ പിടിയില്‍; നൂറ് കോടി ജനങ്ങള്‍ ബുദ്ധിമുട്ടിലെന്ന് പഠനം, 32 വര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ധന

ഇത്തവണ ചില സീറ്റുകളില്‍ അമ്പത് സ്ഥാനാര്‍ഥികള്‍ വരെ മത്സരിക്കുന്നുണ്ട്. അരാഷ്ട്രീയമായ സ്ഥാനാര്‍ഥി നിര്‍ണയമാണ് നടത്തിയിരിക്കുന്നത്. ഇവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം നടത്തിയത്. വലിയ തോതില്‍ സ്ഥാനാര്‍ഥികളെ അനുവദിച്ചിട്ടുണ്ടെങ്കിലും, ഭരണകൂടത്തിന് എതിരെ വിമര്‍ശനവും എതിര്‍പ്പും പ്രകടിപ്പിക്കുന്നവരെ ഒഴിവാക്കുന്ന പ്രീ സ്‌ക്രീനിങ് പ്രക്രിയ നിലനിര്‍ത്തിയിട്ടുണ്ട്.

38.5 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്യുകയുള്ളു എന്നാണ് അര്‍ധസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഏജന്‍സിയായ ഇസ്പ പറയുന്നത്. വിദഗ്ധ സമിതിയിലേക്ക് മത്സരിക്കാന്‍ വിലക്കുള്ള മുന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും വോട്ടിങ് ശതമാനം കുറയുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാനില്‍ 22 ശതമാനം മാത്രമായിരിക്കും വോട്ടിങ് എന്നാണ് വിലയിരുത്തല്‍. ടെഹ്‌റാന്‍ സിറ്റിയില്‍ ഇത് 17 ശതമാനം വരെ മാത്രമേ എത്താന്‍ സാധ്യതയുള്ളു എന്നും വിലയിരുത്തലുണ്ട്.

''മുല്ലമാര്‍ക്ക് വോട്ട് ചെയ്യരുത്'' എന്ന ചുവരെഴുത്തുകള്‍ ഇറാനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, അറുപത് ശതമാനത്തിന് മുകളില്‍ പോളിങ് നടക്കുമെന്നാണ് ഭരണകൂട വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ഉയര്‍ന്ന പോളിങ് രാജ്യത്തിന്റെ ശക്തിപ്രകടനമായിരിക്കുമെന്നും ഇറാനെ ലക്ഷ്യം വയ്ക്കുന്ന ശത്രുക്കള്‍ക്കുള്ള മറുപടിയാകും ഇതെന്നുമാണ് ഖ്വൊമേനി അവകാശപ്പെടുന്നത്. ഓരോ വോട്ടും ശത്രുവിന്റെ നെഞ്ചിലേക്ക് തൊടുത്തുവിടുന്ന മിസൈലുകള്‍ ആവുമെന്നും ഖ്വൊമേനി ജനങ്ങളെ ആവേശത്തിലാഴ്ത്താന്‍ പറയുന്നുണ്ട്. പക്ഷേ, ഇതൊന്നും പ്രതിഷേധ ചൂടില്‍ പുകഞ്ഞു നില്‍ക്കുന്ന യുവാക്കളേയും സ്ത്രീകളേയും ആവേശഭരിതരാക്കുന്നില്ല എന്നാണ് പൊതു യോഗങ്ങളിലേയും പരിപാടികളിലേയും ജനപങ്കാളിത്തമില്ലായ്മ വ്യക്തമാക്കുന്നത്.

പരാജയപ്പെടുന്ന ഖ്വൊമേനി; തിരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന ഇറാന്‍ ജനത
ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?

പതിനാറ് പാര്‍ട്ടികളുടെ മുന്നണിയായ നവീകരണ മുന്നണി ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇറാന്‍ പാര്‍ലമെന്റിന്റെ വിദേശനയം, മുന്‍ മേധാവി ഹിഷ്മത്തുള്ള ഫലാഹത്പിസേഹിനെ അയോഗ്യനാക്കിയതടക്കമുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് മുന്നണി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ മുന്നണിയെ ജനം തിരസ്‌കരിക്കും എന്ന് ഭയന്നാണ് ഇവര്‍ മത്സരംഗത്തിറങ്ങാത്തത് എന്നാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

മഹ്‌സ അമീനി
മഹ്‌സ അമീനി

ഇറാനിലെ പ്രധാന മധ്യവര്‍ത്തി നേതാവായ അലി മൊതഹരി 30 അനൗദ്യോഗിക സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആറ് വനിതകളും ഉള്‍പ്പെടുന്നു. ഹിജാബ് വിഷയം, സാമ്പത്തിക മേഖലയിലെ അരക്ഷിതാവസ്ഥ, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം, പരിസ്ഥിതി, സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം അടക്കമുള്ള വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുന്നത് എന്നാണ് ഇവരുടെ പക്ഷം.

പരിഷ്‌കരണവാദികളും മതമൗലികവാദികളും തമ്മിലുള്ള പോരാട്ടം എന്ന സ്ഥിരം ഫോര്‍മുല പല ഇറാനികളും തള്ളിക്കളയുന്നു എന്നതാണ് ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളി. ഉയര്‍ന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയ വിഷങ്ങളാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നത്. ഗാസയിലെ പ്രതിസന്ധിയും വിദേശനയത്തിന്റെ പ്രശ്നങ്ങളും പ്രാധാന്യത്തോടെ ചര്‍ച്ചയായിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

logo
The Fourth
www.thefourthnews.in