1948ൽ ഇസ്രയേൽ ആട്ടിയോടിച്ചത് ഏഴര ലക്ഷം പേരെ; മടങ്ങിവരവില്ലാത്ത മറ്റൊരു 'നക്ബ' ഭയന്ന് പലസ്തീന്‍ ജനത

1948ൽ ഇസ്രയേൽ ആട്ടിയോടിച്ചത് ഏഴര ലക്ഷം പേരെ; മടങ്ങിവരവില്ലാത്ത മറ്റൊരു 'നക്ബ' ഭയന്ന് പലസ്തീന്‍ ജനത

വടക്കന്‍ ഗാസ വിട്ടുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതിനെ 'രണ്ടാം നക്ബ'യെന്നാണ് പലസ്തീനികള്‍ അഭിസംബോധന ചെയ്യുന്നത്.

1948 മെയ് 14- അർധരാത്രി ഇസ്രയേൽ എന്ന രാജ്യം പിറവികൊണ്ടു. ജൂതർക്കും അറബികൾക്കുമായി പലസ്തീനെ വിഭജിക്കാനുള്ള യുഎൻ ജനറൽ അസംബ്ലി തീരുമാനം അനുസരിച്ചായിരുന്നു ഇസ്രയേലിന്റെ പിറവി. യുഎന്‍ തീരുമാനം ജൂതർ സ്വീകരിച്ചു, എന്നാല്‍ അറബ് ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു.

ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്, മെയ് 15 അറബ് വംശജര്‍ ദുരന്തദിനമായി കണക്കാക്കി. ദുരന്തദിനം എന്ന് അര്‍ത്ഥം വരുന്ന 'നക്ബ' എന്ന പ്രയോഗമായിരുന്നു അറബ് വംശജര്‍ ഈ ദിവസത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. സ്വന്തം നാട്ടില്‍നിന്നും വീട്ടില്‍ നിന്നും ഒരു ജനത കുടിയിറക്കപ്പെടുന്നു. കുടിയേറിയ ജൂത വംശജര്‍ക്കായി അവിടെ ഒരു രാജ്യം പിറവി കൊള്ളുന്നു.

ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്, മെയ് 15 അറബ് വംശജര്‍ ദുരന്തദിനമായി കണക്കാക്കുന്നു

ഏഴരപ്പതിറ്റാണ്ട് പലായനത്തിന്റെയും ആക്രമണങ്ങളുടെയും ദുരിതം പേറി ജീവിച്ച ജനത ഇന്ന് വീണ്ടുമൊരു മനുഷ്യനിര്‍മിത ദുരന്തത്തിന്റെ വക്കിലാണ്. 20 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ഗാസയാണ് ദുരന്തഭീതിയില്‍ കഴിയുന്നത്. ജനങ്ങളോട് വടക്കന്‍ ഗാസ വിട്ടുപോകാന്‍ പറഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. ഈ ആവശ്യത്തെ 'രണ്ടാം നക്ബ'യെന്നാണ് പലസ്തീനികള്‍ അഭിസംബോധന ചെയ്യുന്നത്. തങ്ങളുടെ പൂര്‍വികരെ ഇല്ലാതാക്കിയ, ജനലക്ഷങ്ങളെ അനാഥത്വ ഭീതിയിലേക്കും അഭയാര്‍ത്ഥി ക്യാമ്പിന്റെ അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട ഇരുണ്ട ചരിത്രത്തിന്റെ കഥയുണ്ട് ഒന്നാം നക്ബയ്ക്ക് പറയാന്‍.

ജനലക്ഷങ്ങളെ അനാഥത്വ ഭീതിയിലേക്കും അഭയാര്‍ത്ഥി ക്യാമ്പിന്റെ അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട ഇരുണ്ട ചരിത്രത്തിന്റെ കഥയുണ്ട് നക്ബയ്ക്ക് പറയാന്‍

എന്താണ് നക്ബ

1948ലെ ഇസ്രയേൽ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് നടത്തേണ്ടിവന്ന പലായനത്തെ അനുസ്മരിപ്പിക്കുന്നതാണ് നക്ബ. ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948ലെ പലസ്തീൻ യുദ്ധത്തെത്തുടർന്ന് പലസ്തീന്‍ ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടത്. അഞ്ഞൂറോളം ഗ്രാമങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിന് പലസ്തീനികളാണ് കിഴക്കന്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവിടങ്ങളിലെയും മറ്റ് അയല്‍ രാജ്യങ്ങളിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് നിര്‍ബന്ധപൂര്‍വം മാറ്റിപ്പാര്‍പ്പിക്കപ്പെട്ടത്.

ജൂതകുടിയേറ്റത്തെത്തുടർന്ന് ഇസ്രയേല്‍ രൂപീകരിക്കപ്പെട്ടതിന്റെ ദുരന്തസ്മരണയായി അറബ് വംശജർ ആചരിച്ച് വന്നിരുന്ന ദുരന്തദിനത്തെ 1998ൽ യാസര്‍ അറഫാത്താണ് ഔദ്യോഗികമായി നക്ബ പ്രഖ്യാപിച്ചത്.

ലോക മഹായുദ്ധങ്ങളും അന്നത്തെ ലോകശക്തികളുടെയും ഇടപെടലാണ് ഇസ്രയേല്‍ എന്ന രാഷ്ട്രരൂപീകരണത്തിലേക്കും പലസ്തീനെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതും

നക്ബ ഒരു തുടക്കം മാത്രം

പലസ്തീന്‍ ജനതയുടെ ദുരിതങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു 1948 ലെ സംഭവങ്ങള്‍. ആട്ടിയോടിക്കലിന്റെ, വേട്ടയാടലിന്റെ ഭീഷണിയിലായിരുന്നു പിന്നീട് പലസ്തീന്‍ ജനതയുടെ ജീവിതം. അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ചുവളരേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ പലസ്തീന്‍ ജനതയുടെ മുഖമായി മാറി. 1948-ൽ ആരംഭിച്ച അഭയാർഥി പ്രവാഹം സിറിയ, ലെബനന്‍, ജോര്‍ദാന്‍, ഗാസ മേലയിലേക്ക് എത്തിച്ചത് 50 ലക്ഷത്തോളം പലസ്തീനികളെയാണെന്നാണ് കണക്കുകള്‍. ഇസ്രയേലിനാല്‍ ചുറ്റപ്പെട്ട് 1.2 കോടി പലസ്തീനികളാണ് നിലവില്‍ പലസ്തീന്‍ പ്രദേശത്തുള്ളത്.

1948ൽ ഇസ്രയേൽ ആട്ടിയോടിച്ചത് ഏഴര ലക്ഷം പേരെ; മടങ്ങിവരവില്ലാത്ത മറ്റൊരു 'നക്ബ' ഭയന്ന് പലസ്തീന്‍ ജനത
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത് ?

പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം

പലസ്തീനിയന്‍ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും വളരെ കുറച്ച് ജൂതന്മാരും അടങ്ങിയ 'രാജ്യമായിരുന്നു പലസ്തീന്‍'. ലോക യുദ്ധങ്ങളും അന്നത്തെ ലോകശക്തികളുടെയും ഇടപെടലാണ് ഇസ്രയേല്‍ എന്ന രാഷ്ട്രരൂപീകരണത്തിലേക്കും പലസ്തീനെ ഇന്ന് കാണുന്ന അവസ്ഥയിലേക്കും തള്ളിവിട്ടതും. യൂറോപ്പിലെ വേട്ടയാടലുകളാണ് ജൂതന്മാരെ പലസ്തീനിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. 1920-40 കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ കാലത്തായിരുന്നു (ഹോളോകോസ്റ്റ്) പലസ്തീന്‍ വലിയ തോതിലുള്ള ജൂത കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ചത്.

ഒന്നാം ലോകയുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യം ശിഥിലമായതോടെ പലസ്തീന്‍ ബ്രിട്ടീഷുകാരുടെ കീഴിലായി. എന്നാല്‍ പലസ്തീന്‍ ജൂതരാഷ്ട്രമാക്കി മാറ്റാന്‍ പിന്തുണക്കുമെന്ന് സയണിസ്റ്റുകള്‍ക്ക് ബ്രിട്ടന്‍ ഉറപ്പ് നല്‍കി. ബാല്‍ഫര്‍ വിളംബരം എന്ന് അറിയപ്പെടുന്ന ഈ കരാര്‍ പിന്നീട് പലസ്തീന്റെ നാശത്തിലേയ്ക്കുള്ള കവാടമായി മാറി. സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രതിഷേധങ്ങള്‍ തുടങ്ങുന്നു

പലസ്തീനിലെ ജൂതരല്ലാത്ത പൗരന്മാരുടെ മതപരവും പൗരവാകാശവും ലംഘിക്കപ്പെടരുതെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബാല്‍ഫര്‍ കരാര്‍. എന്നാല്‍, സംഭവിച്ച് മറിച്ചായിരുന്നു. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെട്ട ജറുസലേം കേന്ദ്രീകരിച്ചുള്ള ജൂത കുടിയേറ്റം ശക്തമായി തുടര്‍ന്നു.

ഇതിനെതിരെ പലസ്തീന്‍ ജനത വലിയ പ്രകടനങ്ങള്‍ തന്നെ നടത്തി പ്രതിഷേധിച്ചു. 1936ല്‍ പലസ്തീന്‍ ജനത ബ്രിട്ടിഷുകാര്‍ക്കും സയണിസ്റ്റുകള്‍ക്കുമെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങി. മൂന്ന് വര്‍ഷം നീണ്ടുനിന്ന ഈ പ്രക്ഷോഭത്തില്‍ നഷ്ടം പലസ്തീന് തന്നെയായിരുന്നു. രക്തരൂക്ഷിതമായിരുന്നു ഇക്കാലം. ആയിരക്കണക്കിന് പലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നൂറുക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരും സയണിസ്റ്റുകളും കൊല്ലപ്പെട്ടു. പലസ്തീനികളുടെ പ്രതിഷേധങ്ങളെ തകര്‍ത്തുകളയാന്‍ അതിശക്തരായ ബ്രിട്ടനും സയണിസ്റ്റുകള്‍ക്കും സാധിച്ചു.

സൈനിക നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ ഇല്ലാത്ത നിലയിലേക്ക് പലസ്തീന്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചു. പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ജൂത കുടിയേറ്റവും ബ്രിട്ടന്‍ പരിമിതപ്പെടുത്തി. എന്നാല്‍ ഇസ്രയേലിന്റെ സ്വന്തം സൈന്യം രൂപീകരിക്കുന്നതിലേക്കാണ് ഈ നടപടി വഴിതുറന്നത്.

സയണിസ്റ്റ് സൈന്യം ബ്രിട്ടനും പലസ്തീനുമെതിരെ ആക്രമണങ്ങള്‍ നടത്തി. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ 1947ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പലസ്തീനില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പ്രശ്‌നങ്ങളെല്ലാം ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറി ബ്രിട്ടന്‍ കളമൊഴിഞ്ഞു.

ജൂത-അറബ് ദ്വിരാഷ്ട്രം

പലസ്തീനെ ജൂത-അറബ് രാഷ്ട്രം എന്ന രീതിയില്‍ വിഭജിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചായിരുന്നു ബ്രിട്ടന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. ബ്രിട്ടന്റെ പിന്‍വാങ്ങലോടെ ജൂതസമൂഹം പലസ്തീനെ പിടിച്ചടക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ ഔദ്യോഗികമായി പലസ്തീന്‍ വിട്ടിറങ്ങുന്നതിന് ഒരു മാസം മുമ്പ് മുതല്‍ തന്നെ പലസീതിനികള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെടാനും തുടങ്ങിയിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിലുണ്ടായിരുന്ന 1917 മുതല്‍ 1948 വരെയുള്ള കാലയളവില്‍ ജൂതന്മാരുടെ എണ്ണം10 ഇരട്ടിയോളം വര്‍ധിച്ചിരുന്നു.

1948 മെയ് 14 - ഇസ്രയേല്‍ രൂപീകരണം

പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടന്‍ തങ്ങളുടെ ആയുധശേഷി ഇസ്രയേലിന് ലഭിച്ചു. 1948 മെയ് 14ന് ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. പലസ്തീന്‍ വിമോചനം. മറ്റ് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ പലസ്തീനുണ്ടായിരുന്നു. ഇസ്രയേലിന് വിദേശ, സൈന്യ, രാഷ്ട്രീയ, സാമ്പത്തിക സഹായം ലഭിച്ചു.

അറബ്-ഇസ്രയേലി യുദ്ധം ഐക്യരാഷ്ട്ര സഭ നിര്‍ണയിച്ച അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഇസ്രയേല്‍ വളരുന്നതിലേക്കാണ് നയിച്ചത്. 1949 ഏപ്രിലില്‍ 500 ഗ്രാമങ്ങളും 10 നഗരങ്ങളും ഇസ്രയേല്‍ തങ്ങളുടെ കയ്യിലാക്കി. 7.5 ലക്ഷം പേര്‍ക്ക് ജന്മനാട് വിട്ട് പലായനം ചെയ്യേണ്ടി വന്നു. പതിമൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ നക്ബയില്‍ പലസ്തീന്‍ വിട്ടുപോയവര്‍ക്ക് പിന്നീട് ഒരിക്കലും തിരിച്ചുവരാന്‍ സാധിച്ചില്ല.

1948ൽ ഇസ്രയേൽ ആട്ടിയോടിച്ചത് ഏഴര ലക്ഷം പേരെ; മടങ്ങിവരവില്ലാത്ത മറ്റൊരു 'നക്ബ' ഭയന്ന് പലസ്തീന്‍ ജനത
'മോദിയുടെ ഇസ്രയേൽ പിന്തുണയ്ക്ക് പിന്നിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രതിഫലനം'; ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു

രണ്ടാം നക്ബ

ഹമാസ് നടത്തിയ ഓപറേഷന്‍ അല്‍ അഖ്സ ഫ്ലഡിന് മറുപടി എന്ന് വ്യക്തമാക്കി ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുമ്പോള്‍ വീണ്ടും നക്ബ ആവര്‍ത്തിക്കുകയാണെന്നാണ് പലസ്തീനികള്‍ പറയുന്നത്. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ പലസ്തീനികള്‍ പട്ടാള നിയമത്തിലാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്. അവിടെ ചെക്ക് പോയിന്റുകള്‍, കര്‍ഫ്യൂ, അറസ്റ്റ് എന്നിവ ഭയന്ന് ഇസ്രയേലിന്റെ ഉപരോധത്തിലാണ് പലസ്തീനികള്‍ ജീവിക്കുന്നത് .

ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ വലിയൊരു ഭാഗത്തെയാണ് പുറന്തള്ളാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ ഈജിപ്തിനോട് ചേര്‍ന്നിട്ടുള്ള തെക്കന്‍ അതിര്‍ത്തിയിലെ റഫ ക്രോസിങ് വഴി പുറത്തുകടക്കണമെന്നായിരുന്നു ചൊവ്വാഴ്ച ഇസ്രയേലി ലഫ്. കേണല്‍ റിച്ചാര്‍ഡ് ഹെച് വിദേശ മാധ്യമലേഖകരോട് പറഞ്ഞത്.

ഗാസയിലെ അഭയാര്‍ഥികള്‍ ഈജിപ്തിലെ സിനായ് മരുഭൂമിയില്‍ പലായനം ചെയ്യണമെന്നും അവിടെ അവര്‍ക്ക് കൂടാരങ്ങളുള്ള നഗരം പണിയുമെന്നുമാണ് ഇസ്രയേല്‍ മുന്‍ ഉപ വിദേശകാര്യ മന്ത്രി ഡാന്നി അയലന്‍ പറഞ്ഞത്. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ജനങ്ങള്‍ താല്‍ക്കാലികമായി ഗാസ വിടണമെന്നാണ് ഇസ്രയേല്‍ വാദം. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന നിലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്ന തുറസായ സ്ഥലങ്ങളിലേക്ക് ഗാസയിലെ ജനങ്ങളെ തുറന്നുവിടലാണ് ഉദ്ദേശ്യമെന്നും ഇസ്രയേല്‍ പറയുന്നു.

നിര്‍ബന്ധിത പലായനം

ഗാസയില്‍നിന്ന് പലസ്തീനികളെ പുറത്താക്കാന്‍ എല്ലാ വഴികളും തേടുകയാണ് ഇസ്രയേല്‍. വെള്ളവും ഭക്ഷണവും വൈദ്യുതിയും മുടക്കി. ഗാസയില്‍ ആക്രമണം നടക്കുമ്പോള്‍ കടല്‍ തീരത്തുള്ള രിമാല്‍ കോളനിയിലേക്കായിരുന്നു ജനങ്ങള്‍ മാറിയിരുന്നത്. സമ്പന്ന മധ്യവര്‍ഗം താമസിക്കുന്ന ഭാഗമായ ഇവിടെ സുരക്ഷിതമായിരുന്നു. ഇവിടെ ഇസ്രയേല്‍ ബോംബിടാറില്ല. എന്നാല്‍ ഇത്തവണ ഇവിടെയും ആക്രമണം ഉണ്ടായി. ഗാസയിലെ എല്ലാ സുരക്ഷാ ഇടങ്ങളും നശിപ്പിച്ച് അവരെ പുകച്ച് പുറത്താക്കാനുള്ള തന്ത്രമാണ് ഇസ്രയേല്‍ പയറ്റുന്നത്.

അയല്‍ രാജ്യങ്ങളായിരുന്നു മറ്റൊരു അഭയ കേന്ദ്രം. ഗാസയ്ക്ക് വടക്കും കിഴക്കും ഇസ്രയേലും തെക്കും പടിഞ്ഞാറ് ഈജിപ്തന്‍ അതിര്‍ത്തിയുമാണ്. എന്നാല്‍ കടുത്ത സംഘര്‍ഷങ്ങള്‍ക്കിടയിലും പലസ്തീനികളുടെ ഒഴുക്ക് തടയാനാണ് ഈജിപ്ത് ശ്രമം. ഇസ്രയേല്‍ നിയന്ത്രണത്തിലല്ലാത്ത ഗാസയില്‍ നിന്നും പുറത്ത് കടക്കാനുള്ള പ്രധാന മാര്‍ഗമാണ് റാഫാ ക്രോസിങ്ങ്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഈ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഗാസയില്‍നിന്ന് ഈജിപ്തിലേക്കുള്ള പലായനം മുന്നില്‍ കണ്ട് നിരന്തരമായി മുന്നറിയിപ്പും ഈജിപ്ത് നല്‍കുന്നുണ്ട്. മാത്രവുമല്ല, അബ്ദുല്‍ ഫത്താഹ് സീസിയുടെ ഭരണത്തിലെ സാമ്പത്തിക തകര്‍ച്ചയില്‍ നില്‍ക്കുന്ന ഈജിപ്തില്‍നിന്ന് ആളുകള്‍ യൂറോപ്പിലേക്ക് പോകുകയാണ്. ഈ സമയത്ത് ഗസയില്‍നിന്നുള്ള പലായനം ഈജിപ്ത് പ്രോത്സാഹിപ്പിക്കില്ല.

logo
The Fourth
www.thefourthnews.in