പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത് ?

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത് ?

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ഇതിനോടകം തന്നെ ലോക രാഷ്ട്രീയവ്യവസ്ഥയെ ബാധിച്ചുകഴിഞ്ഞു
Published on

രൂക്ഷമായി തുടരുന്ന ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പതിവില്‍നിന്ന് വിപരീതമായി ഇസ്രയേലിലേക്ക് കടന്നുകയറി പലസ്തീൻ വിമോചനസംഘടനയായ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് ഇത്തവണ ഗാസ മേഖലയെ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ഇതിനോടകം തന്നെ ലോക രാഷ്ട്രീയ വ്യവസ്ഥയെ ബാധിച്ചുകഴിഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പതിവ് നിലപാടിന് വിപരീതമായി പക്ഷം ചേരുന്ന രീതിയിലേക്കും കടന്നുകഴിഞ്ഞു. പുതിയ സാഹചര്യവും ഹമാസിന്റെ അപ്രതീക്ഷിത നീക്കവും ഇസ്രയേല്‍ - അറബ് രാഷ്ട്രീയത്തെ പൊളിച്ചെഴുതുമോ? അറബ് രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത്? എന്നിവയാണ് ഉയരുന്ന പ്രധാന ചോദ്യങ്ങൾ.

ഇസ്രയേലുമായുള്ള നോര്‍മലൈസേഷന്‍ കരാര്‍ മാത്രമല്ല വിഷയത്തില്‍ സൗദി അറേബ്യയെ ബാധിക്കുന്നത്

സൗദി - ഇസ്രയേല്‍ ബന്ധം

പശ്ചിമേഷ്യയിലെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കും വിധത്തില്‍ വഴിത്തിരിവുകളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേല്‍ - സൗദി അറേബ്യ ബന്ധം. 'ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് പുരോഗമിക്കുന്നു' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രഖ്യാപിച്ചത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്. വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ട് രാജ്യങ്ങള്‍ ഒന്നിക്കുന്ന സാഹചര്യമെന്ന പരമാര്‍ശത്തോടെയായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നതായിരുന്നു ഈ സഹകരണം.

നേരത്തെ പലസ്തീൻ അനുകൂല നിലപാടിലായിരുന്നു സൗദി. എന്നാൽ ഇസ്രയേലുമായുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് വികസിച്ച സാഹചര്യത്തിൽ സമീപകാലത്ത് പലസ്തീന്റെ കാര്യത്തിൽ പഴയനിലപാടല്ല സൗദിയുടേത്. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള വഴിയെന്ന് വിലയിരുത്തുന്ന ദ്വിരാഷ്ട്ര സിദ്ധാത്തോട് സൗദി കിരീടാവകാശിക്ക് അനുകൂല നിലപാടില്ല. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീന്‍ എന്ന വാദത്തോട് പ്രതികരിക്കാന്‍ പോലും സൗദി - ഇസ്രയേല്‍ കരാറിനോട് അനുബന്ധിച്ച് സംസാരിക്കവെ മുഹമ്മദ് ബില്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല. 'പലസ്തീന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കണം, അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകണമെന്ന് മാത്രമായിരുന്നു' ഫോക്‌സ് ന്യൂസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത് ?
അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'

മാറ്റേണ്ടിവരുന്ന നിലപാടുകള്‍

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന നിലയിലേക്ക് പരസ്യമായി മടങ്ങുകയും പലസ്തീന്‍ ജനതയുടെ സംരക്ഷകരായി വീണ്ടും അവതരിക്കുകയുമാണ് സൗദിയെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലയിൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ പരസ്യമായി പ്രതികരിച്ച സാഹചര്യത്തിലാണ് സൗദിയുടെ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്.

'പുതിയ മധ്യപൂര്‍വേഷ്യയുടെ ഉദയം' എന്ന വിശേഷണത്തോടെയായിരുന്നു ഇസ്രയേല്‍- യുഎഇ, ബഹ്‌റൈന്‍-ഇസ്രയേല്‍ , ഇസ്രയേല്‍-സുഡാന്‍ ഇസ്രയേല്‍-മൊറോക്കോ നോര്‍മലൈസേഷന്‍ കരാറുകള്‍ സാധ്യമായത്

ഇസ്രയേല്‍ ആക്രമണവും ഹമാസിന്റെ സന്ദേശവും

ഇസ്രയേലിലേക്ക് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളിലൂടെയും പലസ്തീന്‍ വിഷയം വീണ്ടും ആഗോള ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഹമാസിന് കഴിഞ്ഞുവെന്ന നിലയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്തുന്നത്.

മധ്യപൂര്‍വേഷ്യയിലെ നിരവധി വിഷയങ്ങളില്‍ അപ്രധാനമായ ഒന്നായി പലസ്തീന്‍ വിഷയം കൈകാര്യം ചെയ്യുന്ന സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണമെന്നും വിലയിരുത്തപ്പെടുന്നു. ഇസ്രയേലുമായി സൗദി നടത്തുന്ന സഹകരണ നീക്കങ്ങളുടെ ലക്ഷ്യങ്ങളെ പോലും ആക്രമണം ബാധിച്ചേക്കുമെന്നുമാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിലപാട്.

പുതിയ സംഘര്‍ഷ സാഹചര്യങ്ങള്‍ സൗദി-ഇസ്രായേല്‍ സഹകരണത്തില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകുമെന്ന് വിലയിരുത്താന്‍ കഴിയില്ല. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസയിലുണ്ടാകുന്ന മരണങ്ങളും നാശനഷ്ടങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായി ഇടപാടുകള്‍ സജീവമാക്കുന്നതിലും സൗദിയെ പിന്നോട്ടുവലിച്ചേക്കും. ഗാസയിലേക്കുള്ള സൈനിക നീക്കം അറബ് മേഖലയില്‍ ഇസ്രയേലിനെതിരായ എതിര്‍പ്പ് കൂട്ടിയേക്കും.

മധ്യപൂര്‍വേഷ്യയിലെ നിരവധി വിഷയങ്ങളില്‍ അപ്രധാനമായ ഒന്നായി പലസ്തീന്‍ വിഷയം കൈകാര്യം ചെയ്യുന്ന സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം

അബ്രഹാം കരാറിന്റെ ഭാവി

ഡോൺള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇസ്രയേലും വിവിധ അറബ് രാഷ്ട്രങ്ങളും തമ്മില്‍ പുതുക്കിയ അബ്രഹാം കരാറിന്റെ ഭാവിയാണ് ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം. 'പുതിയ മധ്യപൂര്‍വേഷ്യയുടെ ഉദയം' എന്ന വിശേഷണത്തോടെയായിരുന്നു ഇസ്രയേല്‍- യുഎഇ, ബഹ്‌റൈന്‍-ഇസ്രയേല്‍ , ഇസ്രയേല്‍-സുഡാന്‍ ഇസ്രയേല്‍-മൊറോക്കോ നോര്‍മലൈസേഷന്‍ കരാറുകള്‍ സാധ്യമായത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കരാറുകള്‍ക്കപ്പുറത്തേക്ക് മാറ്റിച്ചിന്തിപ്പിക്കുന്ന തരത്തിലേക്ക് അറബ് രാജ്യങ്ങളില്‍ പൊതുജന വികാരം ഉയര്‍ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇസ്രയേല്‍ ഹമാസ് വിഷയത്തില്‍ യുഎഇ നടത്തിയ പ്രതികരണവും ഇതിന്റെ സൂചനകള്‍ നല്‍കുന്നതാണ്. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎഇ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഹമാസിന്റെ നടപടിയെ അപലപിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് ഹമാസ് നല്‍കുന്ന സന്ദേശമെന്ത് ?
ഇസ്രയേൽ - പലസ്തീൻ സംഘര്‍ഷം: രക്തരൂക്ഷിതമായ ഏഴരപ്പതിറ്റാണ്ട്

സൗദി - യുഎസ് - ഇറാന്‍

ഇസ്രയേലുമായുള്ള നോര്‍മലൈസേഷന്‍ കരാര്‍ മാത്രമല്ല വിഷയത്തില്‍ സൗദി അറേബ്യയെ ബാധിക്കുന്നത്. ഇറാന്‍ - സൗദി ബന്ധം മുന്‍പില്ലാത്ത വിധത്തില്‍ മുന്നോട്ടുപോയ കാലമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഹമാസിന് പിന്തുണ നല്‍കുന്ന ഇറാന്റെ നിലപാടാണ് ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ കല്ലുകടി.

യു എസിനോട് അടുത്തു നില്‍ക്കുന്ന സൗദി അറേബ്യന്‍ നിലപാടുകളാണ് വിഷയത്തിലെ മറുവശം. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖി കൊല്ലപ്പെടുന്നതിന് മുന്‍പ് 2018 ലാണ് യുഎസ് പിന്തുണയോടെ സൗദി - ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുന്നത്. മൂന്ന് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമായതോടെ സൗദി അമേരിക്കയുടെ സൈനിക പങ്കാളിയെന്ന നിലയിലേക്ക് മാറുകയും ചെയ്തു. രാജ്യത്തെ യുറേനിയം സമ്പുഷ്ടീകരണം പോലും നടക്കുന്നത് അമേരിക്കയുടെ മേല്‍നോട്ടത്തിലാണ്. അതില്‍ തന്നെ മധ്യപൂര്‍വേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്ന രാഷ്ട്രമായി സൗദി അറേബ്യ മാറിയേക്കും.

logo
The Fourth
www.thefourthnews.in