ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

വ്യക്തമായി അടയാളപ്പെടുത്തിയ യുഎൻ വാഹനത്തിലായിരുന്നു സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്. വെള്ള വാനിൻ്റെ പിൻവശത്തെ ഗ്ലാസിൽ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകൾ ദൃശ്യമാണ്

ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യു എന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണമാണ് അനിലിന്റെ മരണത്തില്‍ കലാശിച്ചത്. റഫായില്‍നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായാണ് ഒരു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

കഴിഞ്ഞമാസമാണ് വൈഭവ് അനില്‍ കാലെ ഗാസയിലെ യു എന്നിന്റെ സുരക്ഷാസേവന കോര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനിരയായ കാറില്‍ യുഎന്‍ ദൗത്യമെന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമണത്തിന് വിധേയമാകുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു എന്‍ പതാക പതിപ്പിച്ചിരുന്നു.

ആക്രമണത്തില്‍ യു എൻ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനം
ആക്രമണത്തില്‍ യു എൻ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനം

തന്ത്രപ്രധാനമായ സലാഹ് അൽ-ദിൻ റോഡിനു കിഴക്കുള്ള സമീപപ്രദേശങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിടിമുറുക്കിയിരിക്കുകയാണ്. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫായിൽ വ്യോമാക്രമണങ്ങളും വ്യാപകമാക്കിയിട്ടുണ്ട്. മുനമ്പിന്റെ വടക്കൻ മേഖലയിലെ ജബലിയ, ബൈത്ത് ലാഹിയ എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. റഫായിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ലക്ഷത്തോളം പേരാണ് ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പലായനം ചെയ്തത്.

190 -ലധികം യുഎൻ പ്രവർത്തകരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്

ഒക്ടോബർ ഏഴിനുശേഷമുള്ള ആക്രമണങ്ങളിൻ നാടും വീടും നഷ്ടമായവരായിരുന്നു 'സുരക്ഷിത മേഖല'യെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച റഫായിലേക്കു കുടിയേറിയത്. ആക്രമണങ്ങൾക്കു മുൻപ് രണ്ടുലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുണ്ടായിരുന്ന റഫായിൽ പിന്നീട് 14 ലക്ഷം പേരുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ആ അഭയാർത്ഥികളാണ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങളിലേക്ക് വീണ്ടും തിരികെപോകുന്നത്.

ഇന്ധനം, ഭക്ഷണം, ശുദ്ധജലം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിനിടയിൽ, ആക്രമണങ്ങൾ കൂടി കനത്തതോടെ പല സഹായവിതരണ ഏജൻസികളും അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുഎൻ വാഹനം ആക്രമിക്കപ്പെട്ടതും സന്നദ്ധപ്രവർത്തകരുടെ സുരക്ഷാ സംബന്ധിച്ച ഭീതി വർധിപ്പിച്ചിട്ടുണ്ട്.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ
ഇസ്രയേൽ മുന്നറിയിപ്പിൽ റഫാ വിട്ടത് ഒന്നരലക്ഷത്തിലധികം പേർ; അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികൾ

സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഗുട്ടറസ്, ആക്രമണത്തെ അപലപിച്ചു. 190 -ലധികം യുഎൻ പ്രവർത്തകരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേൽ നടത്തുന്നത് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

എന്നാൽ റഫായിൽ നടത്തുന്ന ആക്രമണം ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലാതെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്നാണ് അമേരിക്കയുടെ പക്ഷം. വിയോജിപ്പിന്റെ തുടർന്ന് ഇസ്രയേലിന് അനുവദിച്ച ആയുധങ്ങളുടെ ശേഖരവും അമേരിക്ക നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരോളം കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം ആരംഭിക്കുന്നത്. ഏഴുമാസമായി നടക്കുന്ന ഇസ്രയേൽ ആക്രമണത്തിൽ ഏകദേശം 35,091 പേർ കൊല്ലപ്പെടുകയും 78,827 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in