'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ

'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ

2021ലെ യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി

ഇസ്രയേലി ഇന്റലിജിൻസ് സംഘം 'മൊസാദിന്റെ' മുൻ മേധാവി യോസി കോഹെൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിജെ) ചീഫ് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. 2021ലെ യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഐസിജെ ചീഫ് പ്രോസിക്യൂട്ടറായ ഫതൗ ബൻസൗദയെ ഭീഷണിപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഇവർ തമ്മിൽ നടന്ന രഹസ്യ കൂടിക്കാഴ്ചകളിലാണ് ഭീഷണി മുഴക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ 'ദി ഗാര്‍ഡിയന്‍' പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലും, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തിനുമേൽ സമ്മർദം ചെലുത്തുന്നതായാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ബൻസൗദയ്ക്കുമേൽ കോഹെൻ സമ്മർദം ചെലുത്തുന്നത് 2021ൽ ഇസ്രായേൽ അധിനിവേശ പലസ്‌തീനിൽ നടന്ന യുദ്ധത്തെ കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തെ തടയാണെന്നാണ് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള വിവരം.

'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ
ഗാസയില്‍ ദാരുണമായ തെറ്റുപറ്റി; അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രണത്തില്‍ കുറ്റം സമ്മതിച്ച് നെതന്യാഹു

2021ലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞയാഴ്ച്ച ബൻസൗദയുടെ പിൻഗാമിയായ കരിം ഖാൻ വാറണ്ടിന് അപേക്ഷിച്ചിരുന്നു.

2021 ലെ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധമന്ത്രി യോഹാവ് ഗാലന്റിനുമാണെന്ന് വിശ്വസിക്കാനുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് കരിം ഖാന്റെ ഓഫീസ് അറിയിച്ചിരുന്നു. ബെൻസൗദയെ സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് കോഹെൻ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നുമാണ് വിലയിരുത്തലുകൾ.

ഫതൗ ബൻസൗദ
ഫതൗ ബൻസൗദ

"ഞങ്ങളെ സഹായിക്കുകയാണെങ്കിൽ നിങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം. നിങ്ങളുടെയും കടുംബത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്" എന്ന് കോഹെൻ പറഞ്ഞതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യഹ്യ സിൻവർ, മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഇസ്മായിൽ ഹാനിയെഹ് എന്നീ ഹമാസ് നേതാക്കൾക്കെതിരെയും കരിം ഖാൻ അറസ്റ്റ് വാറണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.

ഇസ്രയേൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയെയോ, കോടതിയുടെ അധികാരപരിധിയെയോ അംഗീകരിക്കുന്ന രാജ്യമല്ല. ഗാസയിലെ ഇസ്രയേലിന്റെ കടന്നാക്രമണം വംശഹത്യ തന്നെയാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിനെതിരെ ഇസ്രയേൽ അതിശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.

'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ
'അന്താരാഷ്ട്ര കോടതി കടന്നാക്രമിക്കുന്നു'; റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന ഉത്തരവ് തള്ളി ഇസ്രയേൽ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലും അഭിപ്രായപ്രകടനവും ഇസ്രയേലിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും ബാധിക്കുന്ന കാര്യമായതിനാലാണ് ഇത്തരത്തിലൊരു പ്രതികരണമുണ്ടായതെന്നാണ് വിലയിരുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച സാഹചര്യത്തിലും ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ട്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള കരിം ഖാന്റെ നീക്കം 'അതിര് കടന്നതാണെന്നാണ്' അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. അറസ്റ്റ് വാറണ്ട് നൽകുന്നത് തടയാൻ കോടതിക്ക് മുകളിൽ അമേരിക്കയുടെ സമ്മർദമുണ്ടാകുമോ എന്നാണ് പലസ്തീനികൾ പേടിക്കുന്നത്.

logo
The Fourth
www.thefourthnews.in