പെസോയ്ക്ക് പകരം ഡോളര്‍, സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടണം; അര്‍ജന്റീനയുടെ 'മിനി ട്രംപിനെ' ഭയന്ന് ലാറ്റിനമേരിക്ക

പെസോയ്ക്ക് പകരം ഡോളര്‍, സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടണം; അര്‍ജന്റീനയുടെ 'മിനി ട്രംപിനെ' ഭയന്ന് ലാറ്റിനമേരിക്ക

അര്‍ജന്റീനയുടെ കറന്‍സിയായ പെസോയ്ക്ക് പകരം, യുഎസ് ഡോളര്‍ കറന്‍സിയാക്കണമെന്ന മിലേയുടെ ആവശ്യം ലോകശ്രദ്ധ ആകര്‍ഷിച്ചു

'ജൂനിയര്‍ ട്രംപ്' എന്നാണ് അര്‍ജന്റീനയിലെ പുതിയ പ്രസിഡന്റ് ഹാവിയര്‍ മിലേ അറിയപ്പെടുന്നത്. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ വക്താവായ മിലേയുടെ വരവോടെ, നേരത്തെതന്നെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായ അര്‍ജന്റീനയില്‍ ഇനി 'എന്തും സംഭവിക്കും' എന്ന സ്ഥിതിയാണുള്ളത്. കറന്‍സിയായ പെസൊ നിര്‍ത്തലാക്കി പകരം യുഎസ് ഡോളര്‍ കൊണ്ടുവരുമെന്നും സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് അടച്ചുപൂട്ടുമെന്നും ക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കുമെന്നും മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് മിലേ അധികാര കസേരയിലെത്തിയത്.

ഫുട്‌ബോള്‍, മ്യൂസിക് ബാന്‍ഡ്, ഒടുവില്‍ രാഷ്ട്രീയം

ഏതൊരു അര്‍ജന്റീനക്കാരനേയും പോലെ, കാല്‍പ്പന്തു കളി തലയ്ക്ക് പിടിച്ച കാലം മിലേക്കുമുണ്ടായിരുന്നു. ചാകറിറ്റ സോക്കര്‍ ക്ലബിന്റെ യൂത്ത് ഡിവിഷന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മിലേ. എവറസ്റ്റ് മ്യൂസിക് ബാന്‍ഡിന്റെ പ്രധാന ഗായകനായും മിലേ തിളങ്ങി. 1980കളിലെ പണപ്പെരുപ്പമാണ് സാമ്പത്തിക മേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അര്‍ജന്റീനയിലെ പ്രധാനപ്പട്ട എയര്‍പോര്‍ട്ടുകളുടെ ഉടമസ്ഥരായ കോര്‍പറേഷന്‍ അമേരിക്കയുടെ ചീഫ് എക്കോണമിസ്റ്റ് ആയി പ്രവര്‍ത്തിച്ചു വരവെയാണ് 2021ല്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

ടിവി ചര്‍ച്ചകളിലൂടെയാണ് മിലേ, ആദ്യം അര്‍ജന്റീനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. തീവ്ര ഉദാര സാമ്പത്തിക നയങ്ങള്‍ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ച മിലേ, ഇടുപക്ഷ നയങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന നിലപാട് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നു. 2021ലെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പില്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് വരവറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രൈമറി ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ നേടിയതോടെ, ഭരണപക്ഷത്തിരുന്ന പെറോണിസ്റ്റുകളും പ്രതിപക്ഷവും അപകടം മണത്തു. മിലേയുടെത് 'ഭ്രാന്തന്‍ സ്വപ്‌നങ്ങളാണെന്ന്' പറഞ്ഞ് കടുത്ത പ്രചാരണം അഴിച്ചുവിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് മിലേ അപ്പോഴേക്കും ഒരുപാട് ദൂരം പോയിരുന്നു.

പെസോയ്ക്ക് പകരം ഡോളര്‍, സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടണം; അര്‍ജന്റീനയുടെ 'മിനി ട്രംപിനെ' ഭയന്ന് ലാറ്റിനമേരിക്ക
ജാവിയര്‍ മിലേ അര്‍ജന്റീന പ്രസിഡന്റ്; മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധിയെന്ന വൻ വെല്ലുവിളി

പെസോയ്ക്ക് പകരം ഡോളര്‍

അര്‍ജന്റീനയുടെ കറന്‍സിയായ പെസോയ്ക്ക് പകരം, യുഎസ് ഡോളര്‍ കറന്‍സിയാക്കണമെന്ന മിലേയുടെ ആവശ്യം ലോകശ്രദ്ധ ആകര്‍ഷിച്ചു. 'രാഷ്ട്രീയക്കാരുടെ ആവശ്യത്തിന് കറന്‍സി നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കുന്നത് തടയാനായി സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടും' എന്ന പ്രസ്താവന കൂടി വന്നതോടെ, അര്‍ജന്റീന അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മൂന്നക്ക പണപ്പെരുപ്പത്തിന്റെയും വര്‍ധിച്ചുവരുന്ന മാന്ദ്യത്തിന്റേയും ദാരിദ്യ്രത്തിന്റെയും പിടിയില്‍ വലയുന്ന അര്‍ജന്റീനക്കാര്‍ മിലേയുടെ വാഗ്ദാനങ്ങള്‍ക്ക് കാതുകൊടുക്കാന്‍ തുടങ്ങി. 140 ശതമാനത്തിന് മുകളിലാണ് നിലവില്‍ അര്‍ജന്റീനയുടെ പണപ്പെരുപ്പം. രാജ്യത്ത് പത്തില്‍ നാലുപേര്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണ് എന്നാണ് കണക്കുകള്‍. 4,400കോടി രൂപയാണ് ഐഎംഎഫില്‍ നിന്ന് അര്‍ജന്റീന വായ്പയെടുത്തിരിക്കുന്നത്. 'അധഃപതനത്തിന്റെ മാതൃകകള്‍ പൂര്‍ണമായി ഉപേക്ഷിച്ച് പുതിയൊരു അര്‍ജന്റീനയെ പടുത്തുയര്‍ത്തും' എന്നാണ് മിലേയുടെ വാഗ്ദാനം.

സെന്‍ട്രല്‍ ബാങ്ക് തകര്‍ക്കുന്ന മിലേയുടെ ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പലതും ഔദ്യോഗികമായോ അനൗദ്യോഗികമായോ ഡോളറിലേക്ക് മാറിയെന്ന് മിലേ അവകാശപ്പെട്ടു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ, 2000ല്‍ വിനിമയം യുഎസ് ഡോളറിലേക്ക് മാറ്റിയ ഇക്വഡോറിനെ ആ നടപടി കൂടുതല്‍ പരുങ്ങലിലാക്കിയെന്ന് ഡോളര്‍ വാദത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ വിഹിതം 23 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു മിലേയുടെ മറ്റൊരു പ്രഖ്യാപനം.

പെസോയ്ക്ക് പകരം ഡോളര്‍, സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടണം; അര്‍ജന്റീനയുടെ 'മിനി ട്രംപിനെ' ഭയന്ന് ലാറ്റിനമേരിക്ക
മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ മാത്രം പോരാ; ഗാസയില്‍ അമേരിക്കന്‍ 'മനംമാറ്റത്തിന്' പിന്നിലെന്ത്?

ഫെമിനിസവും അബോര്‍ഷനും 'പടിക്ക് പുറത്ത്'

സാമ്പത്തിക നയത്തില്‍ മാത്രമല്ല മിലേ തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നത്. ഫെമിനിസത്തേയും അബോര്‍ഷനേയും വരെ എതിര്‍ക്കുന്ന കടുത്ത യാഥാസ്ഥിതികന്‍ കൂടിയാണ് അദ്ദേഹം. 2020ല്‍ ഗര്‍ഭഛിദ്ര നിയമം കൂടുതല്‍ സുതാര്യമാക്കിപ്പോള്‍, ഇതിനെതിരെ ജനഹിത പരിശോധന വേണമെന്നായിരുന്നു മിലേയുടെ ആവശ്യം. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണം മനുഷ്യരുടെ പ്രവര്‍ത്തമാണെന്ന, ഭൂരിഭാഗം ലോകനേതാക്കളും അംഗീകരിക്കുന്ന വാദത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് മിലേയുടേത്. ഈ പ്രചാരണം സോഷ്യലിസത്തിന്റെ മറ്റൊരു നുണയാണ്' എന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്താന്‍ മിലേയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

താന്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെതിന് സമാനമാണ് എന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍, 'ഞാന്‍ ട്രംപിന്റെ ആരാധകന്‍' എന്നായിരുന്നു മിലേയുടെ മറുപടി.

പെസോയ്ക്ക് പകരം ഡോളര്‍, സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടണം; അര്‍ജന്റീനയുടെ 'മിനി ട്രംപിനെ' ഭയന്ന് ലാറ്റിനമേരിക്ക
സൈപ്രസ് കള്ളപ്പണത്തിന്റെ ഉറവിടമോ? വിദേശ നിക്ഷേപം എന്ന പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയുന്നതെങ്ങനെ

ശാസ്ത്ര മേഖലയ്ക്ക് ഭയം

മിലേയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കടന്നുവരവ് അര്‍ജന്റീനയില ശാസ്ത്ര മേഖലയെ ഭയപ്പെടുത്തുന്നുണ്ട്. ശാസ്ത്ര മന്ത്രാലയത്തില്‍ 'വന്‍ മാറ്റം' വരുത്തുമെന്ന് നേരത്തെ തന്നെ മിലേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ സയന്റിഫിക് ആന്റ് ടെക്‌നിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പിരിച്ചുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മിലേ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനയില പ്രധാന സയന്‍സ് ഏജന്‍സിയാണ് ഇത്. 300 സ്ഥാപനങ്ങളിലായി 12,000 ഗവേഷകര്‍ ഈ ഏജന്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സയന്‍സ് ഏജന്‍സിക്ക് വേണ്ടി ഭീമമായ തുക ചെലവഴിക്കേണ്ടതില്ലെന്ന നിലപാടാണ് മിലേയ്ക്കും പാര്‍ട്ടിക്കുമുള്ളത്. സയന്‍സ് ഏജന്‍സിക്ക് എതിരായ മിലേയുടെ പ്രചാരണത്തിന് എതിരെ അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ശാസ്ത്രലോകത്തോട് മുഖം തിരിച്ചാല്‍, അര്‍ജന്റീനയുടെ ഭാവി കടുത്ത അനിശ്ചിതത്വത്തിലാകുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in