പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത

പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളാണ് മറിയം നവാസ്
Published on

പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച് പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസിന്റെ (പിഎംഎല്‍-എന്‍) മറിയം നവാസ്. തിരഞ്ഞെടുപ്പില്‍ 220 വോട്ടുകളാണ് മറിയം നവാസ് നേടിയതെന്ന് പാകിസ്താനി മാധ്യമമായ എആർവൈയെ ഉദ്ധരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ (എസ്ഐസി) റാണ അഫ്താബ് അഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്. എസ്ഐസി അംഗങ്ങളുടെ ബഹിഷ്കരണത്തെ തുടർന്ന് റാണയ്ക്ക് വോട്ടുകള്‍ ഒന്നും ലഭിച്ചില്ല.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ മാലിക്ക് അഹമ്മദ് ഖാന്റെ അധ്യക്ഷതയില്‍ ചേർന്ന പഞ്ചാബ് നിയമസഭാ സമ്മേളനം പ്രതിപക്ഷ നിരയിലുള്ള എസ്ഐസി അംഗങ്ങള്‍ ബഹിഷ്കരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് മാത്രമേ നടക്കുകയുള്ളെന്ന് സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. ബഹിഷ്കരിച്ച അംഗങ്ങളെ അനുനയിപ്പിക്കുന്നതിനായി ഖവാജ സല്‍മാന്‍ റഫീഖ്, സല്‍മാന്‍ നസീർ, സമിയുള്ള, ഖലീല്‍ താഹിർ എന്നിവരടങ്ങിയെ സമിതിക്ക് സ്പീക്കർ രൂപം നല്‍കി.

പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത
പുകയുന്ന ഇറാൻ - പാകിസ്താന്‍ അതിർത്തി, സംഘർഷങ്ങളുടെ ചരിത്രമെന്ത്?

പഞ്ചാബ് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നേരത്തെ നടന്നിരുന്നു. 371 അംഗങ്ങളില്‍ 321 പേരും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് പിഎംഎല്‍-എന്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. 224 വോട്ടുകളോടെയായിരുന്നു മാലിക്ക് മുഹമ്മദ് അഹമ്മദ് ഖാന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 220 വോട്ടുകളാണ് ഡെപ്യൂട്ടി സ്പീക്കറായ മാലിക്ക് സഹീർ അഹമ്മദിന് ലഭിച്ചത്. എസ്ഐസിയുടെ മുഹമ്മദ് മൊയ്‌നുദീനെയാണ് മാലിക്ക് സഹീർ പരാജയപ്പെടുത്തിയത്.

ആരാണ് മറിയം നവാസ്?

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളാണ് മറിയം നവാസ്. കുടുംബത്തിന്റെതന്നെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ ഭാഗമായാണ് പൊതുപ്രവർത്തനത്തിലേക്കുള്ള കടന്നുവരവ്. 1992ല്‍ പാകിസ്താന്‍ ആർമിയിലെ ക്യാപ്റ്റനും അന്ന് നവാസ് ഷരീഫിന്റെ സുരക്ഷാഉദ്യോഗസ്ഥനുമായ സഫ്ദാർ അവാനെ വിവാഹം കഴിച്ചു. മൂന്ന് കുട്ടികളാണുള്ളത്.

പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത
അഫ്ഗാനികളെ കുടിയിറക്കി പാകിസ്താന്‍: പിന്നില്‍ ബ്രിട്ടന്‍ ചെയ്ത തെറ്റോ? ഡ്യൂറന്‍ഡ് ലൈന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

2012ലാണ് മറിയം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2013 പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത് മറിയമായിരുന്നു. 2013ല്‍ പ്രധാനമന്ത്രിയുടെ യൂത്ത് പ്രോഗ്രാമിന്റെ ചെയർപേഴ്സണായി നിയമിതയായി. എന്നാല്‍ നിയമനം ചോദ്യം ചെയ്യപ്പെട്ടതോടെ 2014ല്‍ രാജിവെച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in