റഷ്യൻ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ തകർന്നു

റഷ്യൻ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ തകർന്നു

എസ്‌തോണിയന്‍ അതിര്‍ത്തിക്കടുത്തുള്ള സ്‌കോവ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്

റഷ്യയെ ലക്ഷ്യം വച്ച് വന്‍ ഡ്രോണ്‍ ആക്രമണം. സ്‌കോവ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് സൈനിക വിമാനങ്ങള്‍ തകര്‍ന്നു. ഇതിൽ രണ്ടെണ്ണം പൂർണമായി കത്തിനശിച്ചു. ഉഗ്രസ്‌ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നാല് ഇല്യൂഷന്‍ 76 വിമാനങ്ങളാണ് ആക്രമണത്തിൽ നശിച്ചത്. ആക്രമണത്തില്‍ ആളപായമൊന്നുമില്ലെന്ന് റഷ്യ വ്യക്തമാക്കി. യുക്രെയ്നിൽനിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്‌കോവ്. എസ്‌തോണിയന്‍ അതിര്‍ത്തിക്കടുത്താണ് ഈ മേഖല.

എസ്‌തോണിയന്‍ അതിര്‍ത്തിക്ക് അടുത്താണ് സ്‌കോവ്

കനത്ത ആക്രമണം നടത്തിയത് യുക്രെയ്നാണെന്നാണ് ആരോപണം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ല.

2022 ഫെബ്രുവരിൽ യുക്രെയ്നിൽ യുദ്ധമാരംഭിച്ചശേഷം റഷ്യ നേരിടുന്ന ഏറ്റവും ഡ്രോൺ ആക്രണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. സ്‌കോവിന് പുറമെ മറ്റ് അഞ്ച് മേഖലകളെയും ഡ്രോണുകൾ ലക്ഷ്യം വച്ചെങ്കിലും ആക്രമണശ്രമം തകർത്തതായി റഷ്യ അറിയിച്ചു.

മോസ്കോ, ഓറിയോൾ, ബ്രൈയാൻസ്ക്, റിയസാൻ, കലുഗ മേഖലകളിലും ആക്രമണശ്രമമുണ്ടായി. ഈ സ്ഥലങ്ങളിൽ ഡ്രോണുകളെ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. തെക്കൻ മേഖലയായ ബ്രയാൻസ്കിൽ മൂന്ന് യുക്രെയ്ൻ ഡ്രോണുകളും മധ്യമേഖലയായ ഓറിയോളിൽ ഒരു ഡ്രോണും വീഴ്ത്തിയതായാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. ഇതിനോട് യുക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്‍പതോളം സൈനികരുമായെത്തിയ യുക്രെയ്ന്റെ നാല് റാപ്പിഡ് ബോട്ടുകള്‍ കരിങ്കടലില്‍ നടന്ന ആക്രമണത്തില്‍ നശിപ്പിച്ചതായും റഷ്യ അറിയിച്ചു.

സംഭവത്തിനുപിന്നാലെ മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിന് മുകളിലെ വ്യോമപാത അടച്ചിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. സ്കോവ് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും നിർത്തിവയ്ക്കാൻ മേഖലാ ഗവർണർ മിഖായഷ വെദർനികോവ് ഉത്തരവിട്ടു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതായി ഗവർണർ അറിയിച്ചു.

റഷ്യൻ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ തകർന്നു
കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. അത് തികച്ചും സ്വാഭാവികമായ നടപടികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യയില്‍ മുന്‍പും ഡ്രോണ്‍ ആക്രമണം നടന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരത്തിന് സമീപം യുക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു പ്രധാന റഷ്യന്‍ ലോങ് റേഞ്ച് ബോംബര്‍ വിമാനം നശിപ്പിക്കപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം. സ്‌കോവ് പ്രദേശത്ത് മേയ് അവസാനത്തോടെ ഡ്രോണ്‍ ആക്രമണത്തിനുള്ള ശ്രമങ്ങളും നടന്നിരുന്നു.

logo
The Fourth
www.thefourthnews.in