രാജ്യസ്നേഹമില്ല; നൊബേൽ സമ്മാന ജേതാവായ എഴുത്തുകാരൻ മൊ യാനെതിരെ ചൈനയിൽ നിയമ നടപടി
ചൈനയിൽ ഉയർന്നുവരുന്ന അതിദേശീയതയ്ക്ക് ഇരയായി നൊബേൽ ജേതാവായ എഴുത്തുകാരൻ മോ യാനും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സൈന്യത്തെയും രക്തസാക്ഷികളെയും അവഹേളിച്ചെന്നാരോപിച്ച് നിലവിൽ മൊ യാൻ നിയമനടപടി നേരിടുകയാണ്. ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ദേശീയവാദികൾ ശക്തമാകുന്നതിന്റെ ഭാഗമായാണ് മൊ യാനെ പോലെ ലോകത്തെമ്പാടും സ്വീകാര്യതയുള്ള എഴുത്തുകാരനെതിരെയും ആക്രമണം നടക്കുന്നത്. ഈ അതിദേശീയ തരംഗത്തിന്റെ രൂക്ഷത എത്രത്തോളമുണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.
ദേശീയവാദിയായ വൂ വൻഴെങ് എന്ന ബ്ലോഗറാണ് മൊ യാനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018ൽ നിലവിൽ വന്ന ദേശസ്നേഹ നിയമമാണ് കേസെടുക്കാൻ കാരണമായത്. ഈ നിയമപ്രകാരം, രാജ്യത്തെയോ, സർക്കാരിന് നേതൃത്വം നൽകുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ, രക്തസാക്ഷികളെയോ, സൈനികരെയോ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുന്നത് കുറ്റകൃത്യമാണ്. മൂന്നു വർഷം തടവുൾപ്പെടെയുള്ള ശിക്ഷയും ലഭിക്കും.
മൊ യാന്റെ പുസ്തകങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കുകയും ചൈനയുടെ ശത്രുക്കളായ ജപ്പാൻ സൈനികരെ പുകഴ്ത്തുകയും ചെയ്യുന്നതാണെന്നാണ് വു വൻഴെങ്ങിന്റെ ആരോപണം. ചൈന വിപ്ലവ നേതാവായി കരുതുന്ന മാവോ സെ തുങ്ങിനെ വിമർശിച്ചു എന്നതും മൊ യാനെതിരായുള്ള കുറ്റകൃത്യമായി ദേശീയവാദികൾ ഉയർത്തിക്കാണിക്കുന്നു.
നിയമനടപടി അവസാനിപ്പിക്കാൻ മൊ യാനോട് ദേശീയവാദികൾക്ക് രണ്ട് നിബന്ധനകളാണുള്ളത്. ചൈനയിലെ മുഴുവൻ ജനങ്ങളോടും മാപ്പുപറയുക. അതിനൊപ്പം 1.5 ബില്യൺ യുവാൻ (209 മില്യൺ ഡോളർ) നഷ്ടപരിഹാരമായി നൽകുക. ഓരോ ചൈനീസ് പൗരനും ഒരു യുവാൻ വച്ച് കണക്കുകൂട്ടിയിട്ടാണ് 1.5 ബില്യൺ യുവാൻ നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞിരിക്കുന്നത്. മൊ യാന്റെ പുസ്തകങ്ങൾ പിൻവലിക്കണമെന്ന ആവശ്യവും ഇവർ സർക്കാരിന് മുന്നിലേക്ക് വയ്ക്കുന്നു.
മൊ യാന്റെ ശരിയായ പേര് ഗുവാൻ മൊയെ എന്നാണ്. 2012 ലാണ് അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനാകുന്നത്. അദ്ദേഹം തന്റെ കൃതികളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് ചൈനയിലെ പ്രാദേശിക ജീവിതവും അതുപോലെ ചൈനയുടെ സാമ്പത്തികമായ കുതിപ്പിൽ തളർന്നുപോയ വിഭാഗം ജനങ്ങളെയുമാണ്. ഇരുട്ടിനെ കുറിച്ചും അനീതിയെ കുറിച്ചും സംസാരിക്കാൻ കെൽപ്പുള്ളതാകണം സാഹിത്യവും കലയും എന്നാണ് മൊ യാൻ 2005ൽ ഹോങ്കോങ് സാർവ്വകലാശാലയിൽ നിന്നും ഹോണററി ഡോക്ടറേറ്റ് നേടിയ സമയത്ത് അദ്ദേഹം പറഞ്ഞത്.
2011ൽ സർക്കാരിന്റെ പിന്തുണയുള്ള എഴുത്തുകാരുടെ സംഘടനയുടെ വൈസ് ചെയർമാനായിരുന്നു മൊ യാൻ. 2012ൽ നൊബേൽ സമ്മാനം നേടിയ സമയത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ തന്നെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആഗോള സമൂഹത്തിൽ ചൈനയിൽ നിന്നുള്ള ഏറ്റവും മികച്ച പ്രതിനിധിയാണ് മൊ യാൻ എന്നഭിപ്രായപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. നിയമ നടപടികൾ അവസാനിക്കുമ്പോൾ ദേശീയവാദികൾ തന്നെ വിജയിക്കാനാണ് സാധ്യത.
എന്നാൽ ഇതുവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പക്ഷം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ചൈനീസ് സർക്കാർ തന്നെ നടത്തുന്ന ടാബ്ലോയിഡ് മൊ യാന്റെ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചു. മൊ യാനെ സർക്കാർ പിന്തുണയ്ക്കാനാണ് സാധ്യതയെന്ന തരത്തിലാണ് ഇത് വായിക്കപ്പെടുന്നത്.
ബീജിങ്ങിലെ കോടതി നേരത്തെ മൊ യാനെതിരെ സമർപ്പിക്കപ്പെട്ട പരാതി തള്ളിയിരുന്നു. അതിൽ മൊ യാന്റെ അഡ്രസ് കൃത്യമായി രേഖപ്പെടുത്തിയില്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ചാണ് പരാതി തള്ളിയത്. കോടതി ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പുറത്ത് വിട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ മാധ്യമങ്ങൾക്ക് കാര്യങ്ങൾ വിലയിരുത്താനോ, ഒരു തീർപ്പിലേക്കെത്താനോ സാധിക്കില്ല. മൊ യാനെതിരെ നടക്കുന്ന ഈ നിയമ നടപടി അപഹാസ്യമാണെന്ന് നിരവധി എഴുത്തുകാരും മാധ്യമപ്രവർത്തകരുമുൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടുകഴിഞ്ഞു.
ഇത്തരം പ്രതികരണങ്ങൾ നടത്തിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ദേശീയവാദികൾ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം ചർച്ചകൾ ചൈനയിൽ വിപുലമായ അതിദേശീയതയുടെ പ്രതിഫലനമാണെന്ന ചർച്ച ചൈനയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ചൈനയിലെ പ്രധാന സമൂഹ മാധ്യമമായ വെയ്‌ബോയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സംഭവം. മൊ യാന് ഐഖ്യദാർഡ്യം പ്രഖ്യാപിക്കുന്ന ഹാഷ്ടാഗുകൾ ഉപയോഗിക്കപ്പെട്ടത് 2 മില്യൺ തവണയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സർക്കാർ നേരിട്ട് മൊ യാനെതിരെയുള്ള ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായി തെളിവുകളൊന്നുമില്ലെങ്കിലും അതിദേശീയത പിടിമുറുക്കുന്ന അന്തരീക്ഷം കടുക്കുന്നുണ്ടെന്ന അഭിപ്രായം നിരവധി എഴുത്തുകാർക്കുണ്ട്.
ഇതിനു മുമ്പും ചൈനീസ് സർക്കാരിനെതിരെ സംസാരിച്ച എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് 2021 ലെ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലുകളിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്‌തവരുടെ എണ്ണം കൃത്യമായല്ല ചൈന പുറത്ത് വിട്ടതെന്ന് റിപ്പോർട്ട് ചെയ്ത ഒരു ധനകാര്യ മാസികയുടെ എഡിറ്റർക്കെതിരെ ഈ നിയമം ഉപയോഗിച്ചതാണ്.