ഗാസയില്‍ സഹായത്തിന് കാത്തുനിന്നവർക്ക് നേരെ വെടിവെപ്പ്; ഇസ്രയേലിന്റെ വാദം പൊളിയുന്നു, അന്വേഷണം ആവശ്യപ്പെട്ട് രാജ്യങ്ങൾ

ഗാസയില്‍ സഹായത്തിന് കാത്തുനിന്നവർക്ക് നേരെ വെടിവെപ്പ്; ഇസ്രയേലിന്റെ വാദം പൊളിയുന്നു, അന്വേഷണം ആവശ്യപ്പെട്ട് രാജ്യങ്ങൾ

ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഏകദേശം 115 ആളുകൾ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്

ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങൾക്കായി സഹായവിതരണം കാത്തുനിൽക്കേ ഗാസയിലെ ജനങ്ങള്‍ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഗാസ സിറ്റിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഏകദേശം 115 ആളുകൾ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നും തിക്കിലും തിരക്കിലുമാണ് നിരവധി പേർ മരിച്ചതെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

യുഎൻ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, സംഭവത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരവധി പേരുടെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ അൽ-അവ്ദ ആശുപത്രിയുടെ റിപ്പോർട്ട് പ്രകാരം, പരുക്കേറ്റവരിൽ 80 ശതമാനം പേർക്കും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച പരുക്കേറ്റ 176 പേരിൽ 142 പേരിലും വെടിയേറ്റ മുറിവുകള്‍ കണ്ടെത്തി. യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷന്‍ ഉൾപ്പെടെയുള്ള സംഘടനകളും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഗാസയില്‍ സഹായത്തിന് കാത്തുനിന്നവർക്ക് നേരെ വെടിവെപ്പ്; ഇസ്രയേലിന്റെ വാദം പൊളിയുന്നു, അന്വേഷണം ആവശ്യപ്പെട്ട് രാജ്യങ്ങൾ
അന്ത്യയാത്ര ചൊല്ലുന്നത് നിത്യേന നൂറിലേറെപ്പേര്‍ക്ക്; പലസ്തീനികള്‍ക്ക് ഖബറൊരുക്കുന്ന അബു ജവാദ്

അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് യുകെ ഒരു വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പ്രസ്താവന ഇറക്കിയിരുന്നു. ഗാസയിൽ സഹായവിതരണ സംഘത്തിനായി കാത്തുനിന്നവരുടെ മരണം ഭയാനകമായിരുന്നു. ഇത് വീണ്ടും സംഭവിക്കരുത്. ഗാസയിലേക്ക് കൂടുതൽ സഹായം നല്‍കാന്‍ ഇസ്രയേൽ അനുവദിക്കണമെന്നും കാമറൂൺ പറഞ്ഞു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഫ്രാൻസിന്റെ ആവശ്യം. എന്താണ് സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിക്കണമെന്ന് ജർമനിയും നിലപാടെടുത്തു.

ഇതിനിടെ ഗാസയിലെ ആശുപത്രികൾ പത്ത് കുട്ടികളെങ്കിലും പട്ടിണി കിടന്ന് മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരമാണ് ഈ കണക്കെന്നും അനൗദ്യോഗിക രേഖകൾ പ്രകാരം കണക്ക് ഉയർന്നതാകാമെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ വ്യക്തമാക്കി.

അതേസമയം, യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇസ്രയേലിൻ്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ചു. കരമാർഗം വഴിയുള്ള സുപ്രധാന മാനുഷിക സാധനങ്ങളുടെ പ്രവേശനം ഇസ്രയേൽ നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ, ഗാസയില്‍ ഭക്ഷണം എയർഡ്രോപ്പ് ചെയ്യുമെന്ന ബൈഡന്‍റെ പ്രഖ്യാപനം ശനിയാഴ്ച മുതല്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in