ഓങ് സാന്‍ സൂചി
ഓങ് സാന്‍ സൂചി

ഓങ് സാൻ സൂചിക്ക് വീണ്ടും തടവുശിക്ഷ; ഒഫീഷ്യല്‍ സീക്രട്സ് ആക്ട് ലംഘിച്ചെന്ന് ആരോപണം

ഒഫീഷ്യല്‍ സീക്രട്സ് ആക്ട് ലഘിച്ചു എന്ന കുറ്റമാരോപിച്ചാണ് ശിക്ഷ

സൈനിക അട്ടിമറി നടന്ന മ്യാന്‍മറിലെ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്കും, അവരുടെ സാമ്പത്തിക ഉപദേഷ്ടാവ് സിയാന്‍ ടെര്‍ണലിനും മൂന്ന് വര്‍ഷം തടവ് വിധിച്ച് പട്ടാളക്കോടതി. രാജ്യത്തെ ഒഫീഷ്യല്‍ സീക്രട്സ് ആക്ട് ലഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ശിക്ഷ. ഓസ്ട്രേലിയന്‍ സാമ്പത്തിക വിദഗ്ദനായ സിയാന്‍ ടെര്‍ണല്‍ സൂചിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെയാണ് മ്യാന്‍മറില്‍ സെെനിക അട്ടിമറി നടക്കുന്നത്. അന്നു മുതല്‍ ടെര്‍ണലിനെ വിട്ട് നല്‍കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതിനിടെയാണ് പുതിയ നടപടി.

രണ്ടുപേര്‍ക്കും മൂന്ന് വര്‍ഷം വീതം തടവാണ് വിധിച്ചിരിക്കുന്നത്. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലായിരുന്നു വിധി പ്രഖ്യാപനം. അതേസമയം, സൈനിക കോടതിയുടെ തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ക് രംഗത്ത് വന്നു. ടെര്‍ണലിനെ അതിവേഗം മോചിപ്പിക്കണമെന്നും അദ്ദേഹത്തെ അനധികൃതമായി ജുണ്ട ഭരണകൂടം തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും വോങ്ക് ആരോപിച്ചു.

സൂചിയ്ക്കൊപ്പം കാബിനറ്റിലുണ്ടായിരുന്ന മൂന്ന് സാമ്പത്തിക വിദഗ്ധരെ കൂടി കോടതി ശിക്ഷിച്ചു.14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സൈന്യത്തെ എതിർക്കുന്നവർക്കെതിരെ കടുത്ത രീതിയിലുള്ള ശിക്ഷാ നടപടികളാണ് കോടതി സ്വീകരിക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ വിധി. ചിലർക്കെതിരെ കോടതി വധശിക്ഷ പോലുള്ള ശിക്ഷാ രീതികൾ നടപ്പാക്കിയതിൽ മറ്റ് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മ്യാന്‍മറിലെ കോടതികള്‍ തീർത്തും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നാണ് സൈന്യത്തിന്റെ വാദം.

ഓങ് സാന്‍ സൂചി
അഴിമതിക്കേസില്‍ ഓങ് സാന്‍ സൂചിക്ക് വീണ്ടും ശിക്ഷ; ആറുവര്‍ഷം കൂടി തടവ്

മ്യാന്‍മറില്‍ 2015ലാണ്‌ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ 2020ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സൂചി ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി സൈന്യം ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു. രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് സൈന്യം സൂചിയെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വകുപ്പുകൾ കൂടി സൂചിയ്ക്കുമേൽ കോടതി ചുമത്തുന്നത്.

ഓങ് സാന്‍ സൂചി
അടിയന്തരാവസ്ഥ 2023 വരെ നീട്ടി മ്യാന്‍മര്‍; രാജ്യത്തെ സുസ്ഥിരമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൈനിക നേതൃത്വം
logo
The Fourth
www.thefourthnews.in