അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം; റെയ്ഡിനിടെ വെടിവെപ്പ്, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം; റെയ്ഡിനിടെ വെടിവെപ്പ്, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

ജെനിനില്‍ ഇസ്രയേല്‍ കൂട്ടക്കൊല നടത്തിയെന്ന് പലസ്തീന്‍
Updated on
1 min read

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. റെയ്ഡിനിടെ നടത്തിയ വെടിവെപ്പില്‍ വയോധികയുള്‍പ്പെടെ ഒന്‍പത് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെടിയേറ്റ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ജെനിനില്‍ ഇസ്രയേല്‍ കൂട്ടക്കൊല നടത്തിയെന്ന് പലസ്തീന്‍ ആരോപിച്ചു.

പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം

കൊല്ലപ്പെട്ടത് ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരാണെന്നാണ് ഇസ്രയേല്‍ നിലപാട്. തീവ്രവാദികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ആരോപണം. തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് നിരവധി സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

കുട്ടികളുടെ ആശുപത്രിക്ക് നേരെയും സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രി

ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ ചികിത്സപോലും നല്‍കാനാകാത്ത സാഹചര്യമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ച് ആക്രമണം നടത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം; റെയ്ഡിനിടെ വെടിവെപ്പ്, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു
അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്; രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി

പലസ്തീന്‍ ജനതയുടെയും കുട്ടികളുടെയും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയും മുഴുവന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹം നിശബ്ദമായി ആക്രമണത്തെ പിന്തുണയ്ക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബു റുദെയ്‌ന കുറ്റപ്പെടുത്തി. സാധാരണക്കാരുള്‍പ്പെടെ 29 പേരാണ് ജനുവരിയില്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടതെന്നും പലസ്തീന്‍ വ്യക്തമാക്കുന്നു.

1967ലാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രയേൽ ആധിപത്യം ഉറപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചില്‍ ഇസ്രായേലിലുള്ള പലസ്തീനികള്‍ സൈന്യത്തിനെതിരെ സായുധപോരാട്ടം ആരംഭിച്ചു. ഇതോടെ ബ്രേക്ക് ദ വേവ് എന്ന പേരിൽ ഇസ്രായേലി സൈന്യം ഒരു ക്യാമ്പെയ്‌നിന് തുടക്കമിട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രതിദിനം റെയ്ഡുകളും കൂട്ട അറസ്റ്റുകളും ഈ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. ഇതോടെയാണ് പലസ്തീൻ സായുധ പ്രതിരോധം കൂടുതൽ സംഘടിതമായി വളർന്നത്.

logo
The Fourth
www.thefourthnews.in