ഇന്ധനമില്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് യു എൻ ഏജൻസി

ഇന്ധനമില്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് യു എൻ ഏജൻസി

ഡീസൽ ഹമാസ് ഒളിച്ചുവച്ചിരിക്കുകയാണെന്നും ഹമാസിനോട് ഇന്ധനം ചോദിക്കാനുമാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി

സംഘർഷം ശക്തമായ ഗാസയിൽ ഇന്ധനത്തിന്റെ അഭാവം മൂലം പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് യു എൻ ഏജൻസി. ഗാസയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യു എൻ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എയുടെ വക്താവ് ജൂലിയറ്റ് ടൂമ ബി ബി സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസയിൽ ഇന്ധനമെത്തിയില്ലെങ്കിൽ ഏതൊരു സഹായ സംഘടനയും എടുക്കുന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്ന് എടുക്കേണ്ടിവരും. അത് ഗാസ മുനമ്പിൽ മാനുഷിക സഹായം ആവശ്യമുള്ള ആളുകൾക്ക് സഹായം കുറയ്‌ക്കേണ്ടിവരുമെന്നുള്ളതാണെന്നും ജൂലിയറ്റ് പറഞ്ഞു. ഇന്ധനമെത്തിയില്ലെങ്കിൽ വ്യാഴാഴ്ച രാവിലെ ആ തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം ഡീസൽ ഹമാസ് ഒളിച്ചുവച്ചിരിക്കുകയാണെന്നും ഹമാസിനോട് ഇന്ധനം ചോദിക്കാനുമാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി. അഞ്ച് ലക്ഷം ലിറ്ററോളം ഡീസൽ ഹമാസിന്റെ കൈവശമുണ്ടെന്നും സൈന്യം ആരോപിക്കുന്നു.

ഇസ്രയേൽ ഹമാസ് സംഘർഷം ആരംഭിച്ചതോടെ ഇസ്രയേൽ പലസ്തീനിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. ഇതോടെ ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചായിരുന്നു പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയത്. എന്നാൽ സംഘർഷം ശക്തമായതോടെ ഗാസയിലേക്ക് ഡീസൽ എത്തിച്ചിരുന്ന പൈപ്പ് ലൈനുകൾ ഇസ്രയേൽ തകർത്തു. നിലവിൽ വളരെ കുറച്ച് ഡീസൽ മാത്രമാണ് പ്രദേശത്ത് ലഭ്യമായിട്ടുള്ളത്.

ഇന്ധനമില്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് യു എൻ ഏജൻസി
ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?

ഡീസൽ ലഭ്യത കുറഞ്ഞതോടെ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റുകളുടെ പ്രവർത്തനങ്ങളും പ്രദേശത്ത് നിർത്തലാക്കിയിരിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണവും വെള്ളവും ഡീസലും എത്തിക്കുന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യം തടയുകയും ചെയ്തു. ഡീസൽ ഹമാസ് തട്ടിയെടുക്കുമെന്നും ഇത് ആയുധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുമെന്നും ആരോപിച്ചാണ് ഡീസൽ ട്രക്കുകൾ ഇസ്രയേൽ തടയുന്നത്.

ഇന്ധനമെത്തിയില്ലെങ്കിൽ ഗാസയിലെ ആശുപത്രികൾ പൂട്ടേണ്ടിവരുമെന്നും ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചാൽ ആശുപത്രികൾ മോർച്ചറികളാകുമെന്നും റെഡ് ക്രോസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വൻതോതിൽ വർധനവുണ്ടായതിനെത്തുടർന്ന് ഗാസയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.

35 ആശുപത്രികളിൽ 12 എണ്ണവും 72 ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ 46 എണ്ണവും ഗാസയിലുടനീളമുള്ള പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇസ്രയേൽ ഉപരോധത്തോടെയുണ്ടായ വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും അഭാവവും വ്യോമാക്രമണത്തിൽനിന്നുള്ള കേടുപാടുകളുമാണ് പല സൗകര്യങ്ങളും അടച്ചുപൂട്ടാൻ പ്രേരിപ്പിച്ചതെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് ഇസ്രയേൽ ഗാസ പ്രദേശം അടച്ചുപൂട്ടിയതോടെ ഗാസയിലെ 2.3 ദശലക്ഷം ആളുകൾ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വലയുകയാണ്.

നേരത്തെ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. യു എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ധനമില്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് യു എൻ ഏജൻസി
ഹമാസ് ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ല, ഗാസയിലേത് മാനുഷികനിയമങ്ങളുടെ നഗ്നമായ ലംഘനം: അന്റോണിയോ ഗുട്ടെറസ്

ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ഞെട്ടിക്കുന്ന ആക്രമണത്തെ പലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങൾക്ക് കൊണ്ട് ന്യായീകരിക്കാനാവില്ല. ഹമാസ് ആക്രമണത്തിന്റെ പേരിൽ പലസ്തീൻ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നതും ന്യായീകരിക്കാവുന്നതല്ല. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷാകൗൺസിലിലെ അന്റോണിയോ ഗുട്ടെറസിന്റെ പ്രസംഗത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് ഇസ്രയേൽ നടത്തിയത്. അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയിൽ നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രയേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഗുട്ടെറസിന് ' ധാർമികതയും നിഷ്പക്ഷതയും' നഷ്ടപ്പെട്ടുവെന്നായിരുന്നു ഗിലാഡിന്റെ പരാമർശം.

logo
The Fourth
www.thefourthnews.in