ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് (ഇടത്തുനിന്ന് രണ്ടാമത്)
ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് (ഇടത്തുനിന്ന് രണ്ടാമത്)

ഇറാനെതിരെ തല്‍ക്കാലം തിരിച്ചടിക്കാനില്ലെന്ന് ഇസ്രയേല്‍; പ്രത്യാക്രമണത്തിന് പിന്തുണ നല്‍കില്ലെന്ന് അമേരിക്ക

ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി

ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഉടന്‍ തിരിച്ചടിക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് ഇസ്രയേല്‍. ഇറാന്റെ ആക്രമണത്തെ ദീർഘകാല വീക്ഷണത്തോടെയാണ് സമീപിക്കുന്നതെന്നും ഇസ്രയേലിന്റെ മൂന്നംഗ വാർ ക്യാബിനറ്റിലെ രണ്ട് അംഗങ്ങള്‍ പറഞ്ഞു. എന്നിരുന്നാലും ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും സൈന്യത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമസേനയ്ക്കൊപ്പം സഖ്യകക്ഷികളും ചേർന്ന് ഇറാന്റെ ആക്രമണത്തെ തടഞ്ഞത് പുതിയ തന്ത്രപരമായ സഖ്യം രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

നൂറിലധികം ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെട്ട ഇറാന്റെ വ്യോമാക്രമണം തങ്ങളുടെ ഇടപെടലുകൊണ്ട് നിർവീര്യമാക്കിയതിനാല്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ സാധിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടു. സഖ്യകക്ഷികളുടെ സഹായത്തോടെ ഇറാന്റെ ആക്രമണം തടയാനായത് തന്നെ ഒരു വിജയമാണെന്ന് നെതന്യാഹു മന്ത്രിസഭയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും അമേരിക്ക നടത്തി. ഇറാനെതിരെ പ്രത്യാക്രമണം നടത്തുന്നത് ഇപ്പോള്‍ വിവേക പൂർണമായ തീരുമാനമല്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് (ഇടത്തുനിന്ന് രണ്ടാമത്)
അടുത്ത സൃഹുത്തുക്കളായ ഇസ്രയേലും ഇറാനും എങ്ങനെ ശത്രുക്കളായി? അറിയാം ആ വൈര്യത്തിന്റെ കഥ

അതേസമയം, ഇറാന്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് രാജ്യം ആലോചിക്കാൻ ഇസ്രായേലിൻ്റെ യുദ്ധ മന്ത്രിസഭ ഇന്ന് വീണ്ടും യോഗം ചേരുന്നത്. ഞായറാഴ്ച വൈകി മൂന്നംഗ യുദ്ധ മന്ത്രിസഭ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി, യോവ് ഗാലൻ്റ്, മുൻ പ്രതിരോധ മന്ത്രിയും നെതന്യാഹു എതിരാളിയുമായ ബെന്നി ഗാൻ്റ്സ് എന്നിവരാണ് യുദ്ധമന്ത്രിസഭയിലുള്ളത്.

ശനിയാഴ്ച ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകാനാണ് ഇസ്രായേലിൻ്റെ യുദ്ധ കാബിനറ്റ് ആദ്യം തീരുമാനിച്ചത്. എന്നാൽ, യു എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായി നടത്തിയ 25 മിനുറ്റ് നീണ്ട ഫോൺവിളിക്കൊടുവിൽ ഇസ്രയേൽ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തീരുമാനം അതീവ ജാഗ്രതയോടെ മാത്രമേ സ്വീകരിക്കാവുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോട് നിർദേശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. "ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ അവർ നടത്തുന്ന പ്രത്യാക്രമണത്തില്‍ ഭാഗമാകില്ല. ഇതാണ് സ്ഥിരമായി സ്വീകരിച്ചുവരുന്ന നയം. പ്രാദേശിക സംഘർഷങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സംഘർഷം വർധിപ്പിക്കാനാല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായ മുതിർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റൊണിയോ ഗുട്ടറസ് യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ഇറാന്റെ ആക്രമണത്തെ അപലപിച്ചു. ഇറാന്റെ നീക്കത്തോടെ പശ്ചിമേഷ്യ മുള്‍മുനയിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലുള്ള ജനങ്ങള്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒരു വലിയ അപകടത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമണം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് വ്യക്തമാക്കി.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് (ഇടത്തുനിന്ന് രണ്ടാമത്)
ഇസ്രയേലിലെ വ്യോമാക്രമണം: 'ലക്ഷ്യം നേടി', തിരിച്ചടിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍

ജി7 നേതാക്കാള്‍ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനോടും ജനങ്ങളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ ജി7 നേതാക്കള്‍ പറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത പ്രാദേശിക സംഘർഷത്തിലേക്കാണ് ഇറാന്റെ ആക്രമണം വഴിവെക്കുന്നത്. ഇത് ഒഴിവാക്കേണ്ട ഒന്നാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലിൽ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം. ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. കോൺസുലേറ്റിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in