'കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടു', സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എഐ; രാജിവച്ച് പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാൻ

'കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടു', സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എഐ; രാജിവച്ച് പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാൻ

എഐ മേഖലയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയ ചാറ്റ്ജിപിടിയുടെ നിർമാതാക്കളാണ് ഓപ്പണ്‍എഐ

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍എഐയുടെ തലവന്‍ സ്ഥാനത്ത് നിന്ന് സാം ആള്‍ട്ട്മാനെ നീക്കി കമ്പനി അധികൃതര്‍. കമ്പനിയെ നയിക്കാനുള്ള ആള്‍ട്ട്മാന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിന്നാലെ കമ്പനി സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാൻ രാജിവച്ചു. ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ രാജിവയ്ക്കുന്നതായി ബ്രോക്ക്‌മാൻ ട്വിറ്ററിൽ കുറിച്ചു.

കമ്പനിയുമായുള്ള ആശയവിനിമയത്തില്‍ സുതാര്യത പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആള്‍ട്ട്മാനെ, എഐ മേഖലയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പണ്‍എഐ നീക്കിയത്.

ആള്‍ട്ട്മാന്റെ സഹായത്തോടെയായിരുന്നു ഓപ്പണ്‍ എഐ ലോഞ്ച് ചെയ്തത്. ഓപ്പണ്‍എഐക്കൊപ്പമുള്ള സമയം താന്‍ ആസ്വദിച്ചിരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ''എന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും പരിവർത്തനം ചെയ്യാനായി. ഇത്രയും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കും,'' ആള്‍ട്ട്മാന്‍ കൂട്ടിച്ചേർത്തു.

'കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടു', സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എഐ; രാജിവച്ച് പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാൻ
ശബ്ദം തര്‍ജമ ചെയ്യും, ഫീച്ചറുകള്‍ നെക്സ്റ്റ് ലെവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ വഴിമാറുമോ എഐ പിന്‍ എന്ന ഇത്തിരിക്കുഞ്ഞന്?

ആള്‍ട്ട്മാന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും പുതിയ നേതൃത്വം ആവശ്യമാണെന്ന് ബോർഡ് അംഗങ്ങള്‍ വിശ്വസിക്കുന്നതായും കമ്പനി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആള്‍ട്ട്മാന്റെ കാര്യത്തില്‍ ബോർഡ് അംഗങ്ങള്‍ നടത്തിയ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു നടപടി. ആള്‍ട്ട്മാനെ പുറത്താക്കിയ ഓപ്പണ്‍എഐയുടെ നടപടി എഐ മേഖലയില്‍ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

മുന്‍ ഗൂഗിള്‍ തലവന്‍ എറിക് ഷ്മിത്ത് തന്റെ 'ഹീറോ'യെന്നാണ് ഓപ്പണ്‍എഐയുടെ നടപടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാനെ വിളിച്ചത്. ലോകത്തെ എന്നന്നേക്കുമായി മാറ്റി മറിച്ച വ്യക്തിയാണ് ആള്‍ട്ട്മാനെന്നും എറിക് പറഞ്ഞു. ''അദ്ദേഹം അടുത്തതായി ചെയ്യാന്‍ പോകുന്നതെന്താണെന്നറിയാനാണ് എനിക്ക് ആകാംഷ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങള്‍ക്കൊണ്ട് മനുഷ്യസമൂഹത്തിനുതന്നെ പ്രയോജനം ലഭിക്കും,'' എറിക്ക് അഭിപ്രായപ്പെട്ടു.

2015-ലാണ് ഓപ്പണ്‍എഐയുടെ തുടക്കം. 2019-ല്‍ കമ്പനി പുനഃക്രമീകരിക്കപ്പെട്ടു. നിലവില്‍ മൈക്രോസോഫ്റ്റിന്റെ നിക്ഷേപവും കമ്പനിക്കുണ്ട്.

logo
The Fourth
www.thefourthnews.in