വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം

വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ഒരു പ്രധാനമന്ത്രിക്ക് പോലും കാലാവധി പൂർത്തിയാക്കാനായില്ല എന്ന അപൂർവതയുടെ ചുവടുപിടിച്ച് പാകിസ്താന്‍ ജനത വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം. അഞ്ച് മണിക്ക് മുന്‍പ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടായിരിക്കും. വോട്ടെടുപ്പിന്റെ സമയത്ത് അക്രമ സംഭവങ്ങളുണ്ടായാല്‍ സമയം നീട്ടി നല്‍കുമെന്നും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നേക്കും, ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയായിരിക്കും.

പാകിസ്താന്‍ പാർലമെന്റില്‍ 336 സീറ്റുകളാണുള്ളത്. 266 സ്ഥാനാർത്ഥികള്‍ നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടും. അവശേഷിക്കുന്ന 70 എണ്ണം സംവരണസീറ്റാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സ്ഥാനാർത്ഥികള്‍ക്കുമാണ്.

പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികള്‍. ആകെ 44 പാർട്ടികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം
ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. നിരവധി കേസുകളില്‍ പ്രതിയായതിനാലും ശിക്ഷ അനുഭവിക്കുന്നതിനാലുമാണ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയിരിക്കുന്നത്.

2018 പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐയായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ 2022ല്‍ പാർലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുകയായിരുന്നു. സൈഫർ കേസിലും തോഷഖാന കേസിലും വിവാഹത്തില്‍ ഇസ്ലാമിക നിയമലംഘനം നടത്തിയെന്ന കേസിലുമാണ് ഇമ്രാന് കഴിഞ്ഞ വാരങ്ങളില്‍ ശിക്ഷ ലഭിച്ചത്.

മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് സ്ഥാനാർഥകളില്‍ പ്രധാനി. 2018ലെ തിരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് മത്സരിച്ചിരുന്നില്ല. അഴിമതിയെ തുടർന്ന് ജയിലിലായിരുന്ന ഷെരീഫിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ലണ്ടണിലായിരുന്ന ഷെരീഫ് തിരിച്ചുവരവിനൊരുങ്ങുകയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ.

ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് നവാസായിരുന്നു (പിഎംഎല്‍-എന്‍) നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഷെരീഫ് കുറ്റവിമുക്തനാക്കപ്പെട്ടതും അജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെട്ടതും. ഷഹബാസും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കൂടാതെ നവാസിന്റെ മകള്‍ മറിയം നവാസ് ഷെരീഫ് മത്സരരംഗത്തുണ്ട്.

വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം
പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ പാകിസ്താനിൽ ഇരട്ട സ്ഫോടനം; 26 പേർ കൊല്ലപ്പെട്ടു

പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) തലവനായ ബിലാവല്‍ ഭൂട്ടൊയാണ് മറ്റൊരു സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാർട്ടി. മുന്‍ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേയും മകനാണ് ബിലാവല്‍. സഖ്യസർക്കാരില്‍ വിദേശകാര്യ മന്ത്രിയായി ബിലാവല്‍ പ്രവർത്തിച്ചിരുന്നു. ജയസാധ്യത വിദൂരമാണെങ്കിലും ഭരണസഖ്യം സൃഷ്ടിക്കുന്നതില്‍ പിപിപി നിർണായകമാകുമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in