"നമ്മുടെ ഭൂമിയിൽ ഒരു പലസ്തീൻ രാഷ്ട്രം"; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35 വർഷം

"നമ്മുടെ ഭൂമിയിൽ ഒരു പലസ്തീൻ രാഷ്ട്രം"; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35 വർഷം

സ്വതന്ത്രരായി എന്ന് 1988ൽ യാസർ അറാഫാത്ത് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും നിലനിൽക്കാനുള്ള സമരത്തിലാണ് പലസ്തീൻ

ദൈവത്തിന്റെ പേരിലും പലസ്തീൻ അറബ് ജനതയുടെ പേരിലും, പുണ്യ ജറുസലേം തലസ്ഥാനമായി, നമ്മുടെ പലസ്തീൻ ഭൂമിയിൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്ന് ദേശീയ കൗൺസിൽ പ്രഖ്യാപിക്കുന്നു

മൂന്നര പതിറ്റാണ്ടുകൾക്ക് മുന്‍പ് 1988ൽ ഇതുപോലെ ഒരു നവംബർ 15നാണ് പലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നത്. പലസ്‌തീൻ വിമോചന സമരത്തിലെ ഒരു പ്രധാന ഏടാണ് ആ തിങ്കളാഴ്ച ദിവസം. യാസർ അറാഫത്തെന്ന പിഎൽഒ നേതാവ് പ്രഖ്യാപിച്ച ആ സ്വാതന്ത്ര്യം പക്ഷേ ഇന്നും അവർക്ക് നേടാനായിട്ടില്ല എന്നതാണ് ലോകത്തിന്റെ മുന്നിലുള്ള വസ്തുത. ഇതിനോടകം കൊല്ലപ്പെട്ട 4600ലധികം കുട്ടികൾ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ ചോരയുടെ വേദനയിലാകും സ്വതന്ത്ര പ്രഖ്യാപനത്തിന്റെ 35-ാം വാർഷികം കടന്നുപോകുക. ഓർക്കുക.

പലസ്തീൻ രാജ്യം - സ്വാതന്ത്ര്യ പ്രഖ്യാപനം
പലസ്തീൻ രാജ്യം - സ്വാതന്ത്ര്യ പ്രഖ്യാപനം

1988ലായിരുന്നു യാസർ അറാഫാത്ത് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തിയത്. 1987 ഡിസംബറിൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പൊട്ടിപ്പുറപ്പെട്ട ഒന്നാം ഇൻതിഫാദ എല്ലാ തലങ്ങളിലും പ്രത്യാഘാതങ്ങൾക്ക് സൃഷ്ടിച്ചു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നങ്ങൾക്ക് സാഹചര്യങ്ങൾ അനുകൂലമാണെന്ന അന്നത്തെ പി എൽ ഒ നേതൃത്വത്തിന്റെ തോന്നലായിരുന്നു പ്രഖ്യാപനത്തിന് പിന്നിൽ. ഇതിനായി 1988 നവംബർ 12 നും 15 നും ഇടയിൽ അൾജീരിയയിൽ 19-ാമത് പലസ്തീൻ നാഷണൽ കോൺഗ്രസ് വിളിച്ചുകൂട്ടി. സമ്മേളനത്തിന് ഒടുവിലാണ് ജറുസലേമിനെ തലസ്ഥാനമാക്കി "നമ്മുടെ പലസ്തീൻ ഭൂമിയിൽ ഒരു പലസ്തീൻ രാഷ്ട്രം" എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം പുറപ്പെടുവിക്കുന്നത്.

"നമ്മുടെ ഭൂമിയിൽ ഒരു പലസ്തീൻ രാഷ്ട്രം"; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35 വർഷം
ഇസ്രയേലിന്റെ വംശഹത്യ തടഞ്ഞില്ല; അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ പരാതിയുമായി മനുഷ്യാവകാശ സംഘടനകൾ

"ദൈവത്തിന്റെ പേരിലും പലസ്തീൻ അറബ് ജനതയുടെ പേരിലും, പുണ്യ ജറുസലേം തലസ്ഥാനമായി നമ്മുടെ പലസ്തീൻ ഭൂമിയിൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്ന് ദേശീയ കൗൺസിൽ പ്രഖ്യാപിക്കുന്നു" യോഗത്തിൽ അറാഫത്ത് പ്രഖ്യാപിച്ചു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ നേതാവ് യാസർ അറാഫത്ത് ഉറക്കെ വായിച്ച ആ ചരിത്രപ്രസിദ്ധമായ പ്രസംഗം എഴുതി നൽകിയത് പലസ്തീൻ കവിയായ മഹമൗദ് ദർവീഷ് ആയിരുന്നു. പിഎൽഒ നിയമനിർമ്മാണ സമിതിയായ പലസ്തീൻ നാഷണൽ കൗൺസിലിൽ പ്രസ്താവനയെ 253 പേർ അനുകൂലിച്ചും 46 പേർ എതിർത്തും വോട്ട് ചെയ്തിരുന്നു.

1989 ഏപ്രിലിൽ, പിഎൽഒ കേന്ദ്ര കൗൺസിൽ യാസർ അറാഫത്തിനെ പലസ്തീന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പലസ്തീൻ ദേശീയ വിമോചന പ്രസ്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ പ്രഖ്യാപനം. അൾജിയേഴ്സിൽ പ്രഖ്യാപിച്ച പലസ്തീൻ രാഷ്ട്രത്തിന് അറബ്, ഇസ്ലാമിക, ലോക അംഗീകാരമുണ്ടായിരുന്നെങ്കിലും ഇസ്രയേലും അമേരിക്കയും എതിർ നിലപാടായിരുന്നു കൈകൊണ്ടത്. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം തങ്ങളുടെ രാജ്യാതിർത്തിയിൽ യാതൊരു മാറ്റവും ഉണ്ടാക്കില്ല എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി യിത്ഷാക് ഷാമിയ അന്ന് നടത്തിയ പ്രസ്താവന.

നിലവിലുള്ള വംശീയവെറിയുടെ വേരുകൾ ഒന്നാം ലോക യുദ്ധത്തിൽ നിന്നാണ് തുടങ്ങുന്നത്. ഒന്നാം ലോകയുദ്ധം ഒട്ടോമൻ സാമ്രാജ്യത്തെ തകർത്തതോടെ പലസ്തീൻ ഒരു സ്വതന്ത്ര രാജ്യമാകുമെന്നാണ് അവിടെയുള്ള തനത് ജനസമൂഹങ്ങൾ കരുതിയിരിക്കുന്നത് പ്രതീക്ഷിച്ചത്. എന്നാൽ മേഖലയുടെ പ്രാധാന്യം തിരച്ചറിഞ്ഞ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പലസ്തീനെ പകുത്തെടുത്തു. അങ്ങനെ പലസ്തീനും മറ്റ് പല രാജ്യങ്ങളും പോലെ ബ്രിട്ടന്റെ കീഴിലായി.

പലസ്തീൻ ജനതയ്ക്ക് സ്വയം നിർണയത്തിനും രാഷ്ട്രപദവിക്കുമുള്ള അവകാശം യുഎൻ സാർവത്രികമായി അംഗീകരിച്ചിട്ടുണ്ട്. യുഎൻ ജനറൽ അസംബ്ലിയുടെ പ്രമേയം 3236 ഇതിനെ അടിവരയിടുന്നതാണ്. പലസ്‌തീൻ സ്വാതന്ത്ര്യത്തിനുള്ള അവകാശം "അനിഷേധ്യമാണ്" എന്നും പലസ്തീൻ ജനതയ്ക്ക് "പരമാധികാരവും സ്വതന്ത്രവുമായ" രാഷ്ട്രത്തിന് അവകാശമുണ്ടെന്നും പ്രമേയം പ്രസ്താവിക്കുന്നു.

എന്നാൽ ഇന്നുവരെയും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല എന്ന് മാത്രമുള്ള സ്വതന്ത്രമായി പ്രഖ്യാപിച്ച ഭൂപ്രദേശത്തിന്റെ സിംഹഭാഗവും ഇസ്രയേൽ കൈപ്പിടിയിലാക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ഉൾപ്പെടെ അധിനിവേശം ആരംഭിച്ച 1967ൽ നിന്ന് 2023ൽ എത്തിനിൽക്കുമ്പോൾ അതിലൊരു മാറ്റവും ഉണ്ടായിട്ടില്ല.

ബാൽഫർ ഉടമ്പടി അനുസരിച്ച് ആ ഭൂമി സയണിസ്റ്റുകൾക്ക് കൈമാറാനുള്ള ബ്രിട്ടൻറെ നീക്കമായിരുന്നു പ്രശ്നം വഷളാക്കിയത്. 1920-40 കാലയളവിൽ, ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടന്നതുൾപ്പെടെ യൂറോപ്പിൽ വലിയ തോതിലുള്ള ജൂത കൂട്ടക്കൊലകൾ അരങ്ങേറിയതോടെ പലസ്തീനിലേക്ക് ജൂത കുടിയേറ്റങ്ങൾ വർധിച്ചു. അങ്ങനെ വന്നവർ പലസ്തീനികളുടേതായിരുന്ന പ്രദേശങ്ങൾ കയ്യേറാൻ ആരംഭിച്ചതോടെ ജൂത - അറബ് തർക്കങ്ങൾ രൂക്ഷമായി.

1947ലാണ് വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകുന്നതും ദ്വിരാഷ്ട്രം എന്ന പരിഹാരമാർഗം മുന്നോട്ടുവെക്കുന്നതും. എന്നാൽ ഇസ്രയേലിൽ ഭരിച്ച ഒരു ഭരണാധികാരിയും ഇന്നേവരെ അതംഗീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയങ്ങളെല്ലാം മേഖലയെ അനന്തമായി നീളുന്ന സംഘർഷഭൂമികയാക്കി മാറ്റി. 1948 ൽ ബ്രിട്ടിഷുകാർ രാജ്യം വിട്ടുപോയ ഉടൻ ഇസ്രയേലിന് നേരെ നടന്ന അറബ് യുദ്ധമെല്ലാം അതിന്റെ തുടക്കമായിരുന്നു.

മണൽത്തരികൾ പോലെ ചിതറിത്തെറിച്ചു കിടക്കുന്ന പലസ്തീനിനെയും അവിടുത്തെ ജനതയെയും ഒരു കണികപോലുമില്ലാതെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് ലോകരാജ്യങ്ങൽ വിലയിരുത്തുന്നു. ഒരു തുള്ളി വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ നല്‍കാതെ മാനുഷികതയുടെ അതിർവരമ്പുകളെല്ലാം ഇസ്രയേല്‍ ലംഘിച്ചതിന്‍റെ തെളിവാണിന്ന് ഗാസ. ആശുപത്രികളും അഭയാർത്ഥി ക്യാമ്പുകളും ഉൾപ്പെടെ സകലതും തകർക്കപെടുന്നു. ഐസിയുവിൽ മരണത്തോട് മല്ലടിക്കുന്ന നിരവധി മനുഷ്യർ ചികിത്സ ലഭിക്കാതെ മരിക്കുന്നു.

"നമ്മുടെ ഭൂമിയിൽ ഒരു പലസ്തീൻ രാഷ്ട്രം"; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35 വർഷം
അൽഷിഫ ആശുപത്രി മുഴുവൻ അഴുകിയ മൃതദേഹങ്ങൾ; ഒറ്റക്കുഴിമാടത്തിൽ അടക്കിയത് 179 പേരെ

സ്വതന്ത്രരായി എന്ന് 35 വർഷങ്ങൾക്ക് മുൻപ് യാസർ അറാഫത്ത് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അവർ നിലനിൽപിനുള്ള സമരത്തിലാണ്. ഈ പോരാട്ടത്തിന്റെ വിജയം തങ്ങൾക്ക് നേരിട്ട് കാണാനാകുമോ എന്നുറപ്പില്ലെങ്കിലും അവർ അനന്തമായ സമരത്തിലാണ്. പലസ്തീനിൽ ജനിക്കുന്ന ഓരോ കുഞ്ഞും പോരാടുന്നത് ഒരുകാലത്ത് നേടാൻ പോകുന്ന 1988ൽ പ്രഖ്യാപിച്ച ആ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.

logo
The Fourth
www.thefourthnews.in