സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇറ്റാലിയന്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനത്തില്‍, സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ സെമിനാരികളിലോ പൗരോഹിത്യ കോളേജുകളിലോ പരസ്യമായി പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ്, പോപ് ഫ്രാന്‍സിസ് മോശം പരാമര്‍ശം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മാര്‍പാപ്പയുടെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

''മാര്‍പാപ്പ ഒരിക്കലും സ്വവര്‍ഗാനുരാഗികളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പദപ്രയോഗത്തില്‍ അസ്വസ്ഥത തോന്നിയവരോട് അദ്ദേഹം ക്ഷമാപണം നടത്തുന്നു. പള്ളിയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. ആരും ഉപയോഗശൂന്യരല്ല. ആര്‍ക്കും അധിക പരിഗണനയുമില്ല. എല്ലാവരും ഒരിപോലെയാണെന്ന് മാര്‍പാപ്പ പല തവണ വ്യക്തമാക്കിയിട്ടുണ്ട്'', വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

അടച്ചിട്ട മുറിയില്‍ നടത്തിയ സംഭാഷണത്തെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന ലേഖനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പദപ്രയോഗം നടത്തിയതായി വത്തിക്കാന്‍ സമ്മതിക്കുന്നില്ല. പകരം, പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം എന്ന നിലയിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ
'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ

എല്‍ജിബിടിക്യുഐഎ+ വിഷയങ്ങളില്‍ പുരോഗമനാത്മക നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന് വിലയിരുത്തി വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പള്ളികളില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തരുത് എന്നതടക്കമുള്ള നിലപാടുകള്‍ അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോട് സഹാനൂഭൂതി പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ സഭകളോട് ആവശ്യപ്പെട്ടിരുന്നു.

''ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയും ദൈവത്തെ അന്വേഷിക്കുന്നവനും നല്ല മനസ്സുള്ളവനുമാണെങ്കില്‍, ഞാന്‍ ആരാണ് അദ്ദേഹത്തെ തടയാന്‍'' എന്നടതടക്കമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിന് ശേഷം, മോശം പരാമര്‍ശം വന്നതിനെ നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in